ഇന്‍ഡല്‍ മണി എന്‍സിഡി കടപ്പത്രങ്ങള്‍ പുറത്തിറക്കി
100 കോടി രൂപ സമാഹരണ ലക്ഷ്യം
ഗോള്‍ഡ് ലോണ്‍ മേഖലയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡല്‍ മണി ലിമിറ്റഡ് (Indel Money) എന്‍സിഡി കടപ്പത്രങ്ങളുടെ രണ്ടാംഭാഗം പുറത്തിറക്കി. 1,000 രൂപ മുഖവിലയുള്ള സെക്വേര്‍ഡ് എന്‍ സി ഡി കളാണ് പുറത്തിറക്കിയിരിക്കുന്നത്. പബ്ലിക് ഇഷ്യു ജൂണ്‍ 22നാണ് അവസാനിക്കുന്നത്. അതിനു മുമ്പു തന്നെ നിശ്ചിത പരിധിയിലേറെ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടാല്‍ പബ്ലിക് ഇഷ്യു അവസാനിപ്പിക്കും.
കടപ്പത്രങ്ങളിലൂടെ 100 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതിന്റെ ബേസ് ഇഷ്യു 50 കോടി ആയിരിക്കും. 2021 സെപ്തംബറില്‍ ഇന്‍ഡല്‍ മണി 150 കോടിയുടെ എന്‍ എസ് ഡി കടപത്രങ്ങള്‍ പുറത്തിറക്കിയിരുന്നു.
സ്വര്‍ണപണയ വായ്പാ മേഖലയില്‍ സ്ഥാപനത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തമാക്കുന്നതിനും സാന്നിധ്യം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുമാണ് കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നതെന്ന് ഇന്‍ഡല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.
2023 സാമ്പത്തിക വര്‍ഷം കടപത്രങ്ങളിലൂടെ 300 കോടിയോളം രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിലൂടെ സമാഹരിക്കപ്പെടുന്ന ഫണ്ട് ഗോള്‍ഡ് ലോണ്‍ ബിസിനസിന്റെ വിപുലീകരണത്തിനായി ഉപയോഗപ്പെടുത്തും. 2025 സാമ്പത്തിക വര്‍ഷത്തോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലായി 405ലധികം ശാഖകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഇന്‍ഡല്‍ മണിയുടെ പദ്ധതി.
2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ക്വാര്‍ട്ടറില്‍ ഇന്‍ഡെല്‍ മണിയുടെ ഗോള്‍ഡ് ലോണില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ 309.97 കോടിയില്‍ നിന്നും 424.75 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം 41 ശതമാനം വളര്‍ച്ചയോടെ ആസ്തി 850 കോടിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.