ബാങ്ക്-ഇതര ധനകാര്യ കമ്പനിയായ (എന്‍.ബി.എഫ്.സി) ഇന്‍ഡെല്‍ മണി പുതിയ വികസന പദ്ധതികളുടെ ഭാഗമായി രാജ്യത്തിന്റെ മധ്യ, പശ്ചിമ മേഖലകളിലും സാന്നിധ്യം ശക്തമാക്കുന്നു. 2024 സാമ്പത്തിക വര്‍ഷം മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 105 പുതിയ ശാഖകള്‍ കൂടി തുറന്ന് സാന്നിധ്യം ശക്തമാക്കുമെന്ന് ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.
2022 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വായ്പാ വിതരണത്തില്‍ 250 ശതമാനം വളര്‍ച്ചയാണ് 2023 സാമ്പത്തിക വര്‍ഷം ഇന്‍ഡെല്‍ മണി രേഖപ്പെടുത്തിയത്. പ്രതിമാസം ശരാശരി 250 കോടി രൂപവീതം 3,000 കോടി രൂപയുടെ വായ്പ കമ്പനി വിതരണം ചെയ്തു. മുന്‍ വര്‍ഷം ഇത് 1,050 കോടി രൂപയായിരുന്നു. വായ്പകളില്‍ 92 ശതമാനവും സ്വര്‍ണ പണയത്തിന്‍മേലുള്ള വായ്പയാണ്. കൈകാര്യം ചെയ്യുന്ന ആസ്തി 669 കോടി രൂപയില്‍ നിന്ന് 72 ശതമാനം വര്‍ധിച്ച് 1,154 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ലാഭം 4.9 കോടി രൂപയില്‍ നിന്ന് 6.3 ഇരട്ടി വര്‍ധിച്ച് 31.29 കോടി രൂപയായി.
കേരളം, മഹാരാഷ്ട്ര, ഒഡീഷ, കര്‍ണാടക, ആന്ധ്ര പ്രദേശ്, തമിഴ്നാട്, തെലങ്കാന, പുതുച്ചേരി എന്നിങ്ങനെ 8 സംസ്ഥാനങ്ങളിലായി 250 ശാഖകള്‍ ഇന്‍ഡെല്‍ മണിക്കുണ്ട്.