വിദേശ ശാഖകളില്‍ 25% അടച്ചുപൂട്ടി ഇന്ത്യന്‍ ബാങ്കുകള്‍; മുന്നില്‍ ബാങ്ക് ഓഫ് ബറോഡ

പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പിന് ശേഷം വിദേശ ശാഖകള്‍ തിരിച്ചടി നേരിട്ടിരുന്നു

Update: 2024-01-05 06:13 GMT

Image courtesy: canva

ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകളില്‍ 25 ശതമാനവും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. 2019 മാര്‍ച്ച് 31 വരെ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് (സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍) 152 വിദേശ ശാഖകളാണുണ്ടായിരുന്നത്. എന്നാല്‍ 2023ല്‍ ഇത് 113 എണ്ണമായി കുറഞ്ഞു. 2018ലെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ ആഘാതത്തെ തുടര്‍ന്ന് ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖ ക്ഷീണം നേരിട്ട് തുടങ്ങിയിരുന്നു. തുടര്‍ന്ന് മൂന്ന് പ്രധാന കാരണങ്ങളാലാണ് വിദേശ ശാഖകളുടെ എണ്ണത്തില്‍ ഇടിവുണ്ടായതെന്ന് വിദഗ്ധര്‍ പറയുന്നു.

ഈ കാലയളവില്‍ പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെ തുടര്‍ന്നുള്ള ശാഖകളുടെ ഏകീകരണം പല ശാഖകളും പ്രവര്‍ത്തനരഹിതമാകുന്നതിന് കാരണമായിട്ടുണ്ട്. ഡിജിറ്റല്‍ ബാങ്കിംഗിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് മറ്റൊരു കാരണം. ഇത് ഫിസിക്കല്‍ ശാഖകളുടെ ആവശ്യകത കുറച്ചു. മറ്റൊരു കാരണം പല രാജ്യങ്ങളും നടപ്പാക്കിയ കര്‍ശനമായ ഉപഭോക്തൃ സ്വകാര്യതയും ഡേറ്റാ സംരക്ഷണ മാനദണ്ഡങ്ങളുമാണ്. ഇത് പല വിദേശ ശാഖകളുടെയും ചെലവ് വര്‍ധിപ്പിച്ചു. ഇതോടെ ചില വിദേശ ശാഖകള്‍ പൂട്ടേണ്ടി വന്നിട്ടുണ്ട്.

കണക്കുകള്‍ പറയുന്നത്

റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കായി 132 വിദേശ ശാഖകളും നാല് സ്വകാര്യ ബാങ്കുകള്‍ക്കായി വിദേശത്ത് 20 ശാഖകളുമാണ് ഉണ്ടായിരുന്നത്. പിന്നീട് ഈ എണ്ണം കുറയാന്‍ തുടങ്ങി. 2022-23 സാമ്പത്തിക വര്‍ഷത്തോടെ മറ്റ് രാജ്യങ്ങളിലുള്ള പൊതുമേഖലാ ബാങ്ക് ശാഖകളുടെ എണ്ണം 100 ആയും സ്വകാര്യ മേഖലാ ബാങ്ക് ശാഖകളുടെ എണ്ണം 13 ആയും കുറഞ്ഞു.

മുന്നില്‍ ഈ ബാങ്കുകള്‍

ബാങ്ക് ഓഫ് ബറോഡയാണ് ഏറ്റവും കൂടുതല്‍ വിദേശ ശാഖകള്‍ അടച്ചുപൂട്ടിയ പൊതുമേഖലാ ബാങ്ക്. ബാങ്ക് ഓഫ് ബറോഡയുടെ 9 വിദേശ ശാഖകളാണ് 2019ന് ശേഷം അടച്ചുപൂട്ടിയത്. നിലവില്‍ ഈ ബാങ്കിന് 29 വിദേശ ശാഖകളുണ്ട്. ഏഴ് വിദേശ ശാഖകള്‍ പൂട്ടിയ എസ്.ബി.ഐയാണ് പട്ടികയില്‍ രണ്ടാമത്. 2019-2023 കാലയളവില്‍ എസ്.ബി.ഐയുടെ വിദേശ ശാഖകളുടെ എണ്ണം 41ല്‍ നിന്ന് 34 ആയി കുറഞ്ഞു.

ഐ.സി.ഐ.സി.ഐ ബാങ്കാണ് ഏറ്റവും കൂടുതല്‍ വിദേശ ശാഖകള്‍ അടച്ചുപൂട്ടിയ സ്വകാര്യ ബാങ്ക്. 2019 മുതല്‍ 2023 വരെ ഈ ബാങ്കിന്റെ അഞ്ച് വിദേശ ശാഖകള്‍ക്ക് പൂട്ടുവീണു. അതേസമയം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഒരു വിദേശ ശാഖപോലും ഈ കാലയളവില്‍ അടച്ചുപൂട്ടിയില്ല. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കാണെങ്കിലും എച്ച്.ഡി.എഫ്.സി ബാങ്കിന് മൂന്ന് വിദേശ ശാഖകള്‍ മാത്രമേയുള്ളൂ.

Tags:    

Similar News