വായ്പാ ഗഡു തിരിച്ചടയ്ക്കാന്‍ മാത്രം കേരളത്തിന് വേണം ഇക്കൊല്ലം 18,500 കോടി

ഏറ്റുപോയ ചെലവുകള്‍ നടക്കും, മറ്റ് മേഖലകളില്‍ നിലവിലെ പ്രതിസന്ധി തുടരും: ഡോ.ജോസ് സെബാസ്റ്റ്യന്‍

Update:2024-06-26 16:54 IST

image credit : canva

വിവിധ മാര്‍ഗങ്ങളിലൂടെ വാങ്ങിയ വായ്പകളുടെ തിരിച്ചടവിനായി സംസ്ഥാന സര്‍ക്കാരിന് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആവശ്യമായി വരുന്നത് 18,500 കോടി രൂപ. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത മൂന്ന് വര്‍ഷത്തേക്ക് കടം തിരിച്ചടയ്ക്കാന്‍ മാത്രം കേരളത്തിന് 60,000 കോടി രൂപ അധികം ആവശ്യമായി വരും.
നടപ്പു സാമ്പത്തിക വര്‍ഷം 18,554.81 കോടി രൂപയുടെ വായ്പയാണ് കേരളം തിരിച്ചടയ്ക്കേണ്ടത്. ഇതില്‍ 15,700 കോടിയും വിപണിയില്‍ നിന്നുള്ള വായ്പകള്‍ക്ക് വേണ്ടിയുള്ളതാണ്. വിപണിയില്‍ നിന്നുള്ള വായ്പ ഇത്രയും വര്‍ധിക്കുന്നത് ചരിത്രത്തില്‍ ആദ്യമായെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന് 13.94 കോടി രൂപയാണ് തിരിച്ചടയ്ക്കേണ്ടത്. നാഷണല്‍ സ്മാള്‍ സേവിംഗ്സ് ഫണ്ടിന്റെ (എന്‍.എസ്.എസ്.എഫ്) തിരിച്ചടവിന് 2840.87 കോടി രൂപ ആവശ്യമായി വരും. കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ച വായ്പകളുടെ തിരിച്ചടവിനായി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 737.60 കോടി രൂപയും വേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 20,626 കോടി രൂപയും 2027-28 സാമ്പത്തിക വര്‍ഷത്തില്‍ 21, 358 കോടി രൂപയുമാണ് കേരളത്തിന് വായ്പകളുടെ തിരിച്ചടവിന് വേണ്ടത്.
ഏറ്റുപോയ ചെലവുകള്‍ നടക്കും, പ്രതിസന്ധി തുടരും: ഡോ.ജോസ് സെബാസ്റ്റ്യന്‍
ഏറ്റുപോയ ചെലവുകളേക്കാള്‍ (committed expenses) കുറവാണ് നിലവിലെ സംസ്ഥാനത്തിന്റെ വരുമാനം. ഏപ്രില്‍, മേയ് മാസങ്ങളിലെ സംസ്ഥാനത്തിന്റെ റവന്യൂ റെസിപ്റ്റ് 12,124.78 കോടി രൂപയാണ്. ഇത് ഏറ്റുപോയ ചെലവുകള്‍ വീട്ടാന്‍ പോലുമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ അടങ്ങിയ ഏറ്റുപോയ ചെലവുകള്‍ക്ക് വേണ്ടി ഈ കാലയളവില്‍ സംസ്ഥാനത്തിന് ആവശ്യമായി വരുന്നത് 15,384.78 കോടി രൂപയാണ്.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ഏറ്റുപോയ ചെലവുകളായ ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ മുടങ്ങുന്നില്ലെന്ന് ഏതുവിധേനയും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് സാമ്പത്തിക വിദഗ്ധന്‍ ഡോ.ജോസ് സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു. കാരണം അത്തരം ഒരു സാഹചര്യം ഭരണഘടനയുടെ അനുച്ഛേദം 360 പ്രകാരമുള്ള (സാമ്പത്തിക അടിയന്തിരാവസ്ഥ ) കേന്ദ്ര ഇടപെടല്‍ ക്ഷണിച്ചുവരുത്തുമെന്ന് സര്‍ക്കാരിന് അറിയാം. ബാക്കി എല്ലാ ചെലവുകളും കുറച്ച് ഈ ആവശ്യത്തിന് പണം കണ്ടെത്തും. കൊടുക്കാന്‍ കുടിശ്ശികയായത് നീട്ടിവെക്കും. പി.എസ്.സി നിയമനങ്ങള്‍ നടക്കാതെ ലിസ്റ്റുകള്‍ റദ്ദാകും.
പല പദ്ധതികളുടെയും തുക പുതുക്കുകയില്ല. ഉദാഹരണമായി 2021ല്‍ ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കിയത് ഇനിയും കൂട്ടിയിട്ടില്ല. മൂന്ന് വര്‍ഷത്തെ പണപ്പെരുപ്പം കണക്കിലെടുത്താല്‍ 1300 ന്റെ മൂല്യമേ നിലവിലുണ്ടാകൂ. അതുപോലും അവകാശമല്ല സര്‍ക്കാരിന്റെ ഔദാര്യം ആണെന്നാണ് അടുത്ത കാലത്ത് ഹൈ കോടതിയില്‍ ബോധിപ്പിച്ചത്. ഈ സമീപനം മൂലം മറ്റ് മേഖലകളില്‍ ഇപ്പോള്‍ തുടരുന്ന സാമ്പത്തിക പ്രതിസന്ധി മാറ്റമില്ലാതെ തുടരാനാണ് സാധ്യത .ഇത് പ്രതിസന്ധി പരിഹരിക്കുകയല്ല, നീട്ടിവെക്കുക മാത്രം ആണ്. വിപണിയില്‍ എത്തുന്ന പണം കുറഞ്ഞാല്‍ അത് ജി.എസ്.ടി പോലുള്ള വരുമാനം കുറയാന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് മുന്നിലുള്ള മാര്‍ഗങ്ങള്‍
ഈ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിച്ചേക്കാവുന്ന രണ്ടു സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നുണ്ടെന്നു ഡോ. സെബാസ്റ്റ്യാന്‍ പറയുന്നു. കേരളമടക്കം രാജ്യത്ത് പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ ജൂലൈ മാസത്തെ പുതുക്കിയ ബഡ്ജറ്റില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ 24,000 കോടിയുടെ പ്രത്യേക പാക്കേജ് വേണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. അത്രയൊന്നും ലഭിച്ചില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിനും ചില ആശ്വാസ പദ്ധതികള്‍ ലഭിച്ചേക്കും.. കൂടാതെ വായ്പാ നിയന്ത്രണത്തില്‍ അയവ് വരുത്താനും സാധ്യതയുണ്ട്. ജി.എസ്.ഡി.പിയുടെ മൂന്ന് ശതമാനം വായ്പയെന്നത് 3.5 ശതമാനമാക്കി ഉയര്‍ത്തിയേക്കും.
രണ്ടാമത്തേത്, സംയോജിത ചരക്ക് സേവന നികുതി വരുമാനത്തില്‍ (Integrated GST -IGST) സംസ്ഥാനത്തിന് കൂടുതല്‍ വിഹിതം ലഭിക്കാനുള്ള സാധ്യതയാണ്. ഐ.ജി.എസ്.ടി പിരിക്കുന്നതിലും സംസ്ഥാനത്തിന് കൃത്യമായി കൈമാറുന്നതിലും സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ട്. കേരളത്തിന് 25,000 കോടി ഈ ഇനത്തില്‍ കിട്ടാനുണ്ടെന്നാണ് സംസ്ഥാനത്തിന്റെ വാദം. ഇത് കുറെയൊക്കെ അതിശയോക്തിപരം ആണെങ്കിലും ഇത് പരിഹരിച്ചാല്‍ കേരളത്തിന് 7000-8000 കോടി കിട്ടിക്കൂടായ്ക ഇല്ല. ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകാന്‍ കഴിഞ്ഞ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം ശ്രമങ്ങള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
Tags:    

Similar News