പൊതുമേഖലാ ബാങ്കുകളുടെ ലാഭം ലക്ഷം കോടിയിലേക്ക്

ലാഭത്തില്‍ മുന്നില്‍ എസ്.ബി.ഐ., കിട്ടാക്കടവും താഴേക്ക്

Update:2023-04-10 16:37 IST

Photo credit: VJ/Dhanam

പൊതുമേഖലാ ബാങ്കുകളുടെ സംയുക്ത അറ്റാദായം ചരിത്രത്തിലാദ്യമായി ലക്ഷം കോടിയെന്ന നാഴികക്കല്ലിലേക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അറ്റാദായം ഒരുലക്ഷം കോടി രൂപ കവിഞ്ഞേക്കുമെന്നാണ് സൂചനകള്‍. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 9 മാസക്കാലത്ത് (ഏപ്രില്‍-ഡിസംബര്‍) തന്നെ രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളും ചേര്‍ന്ന് 70,166 കോടി രൂപയുടെ അറ്റാദായം നേടിയിട്ടുണ്ട്. അവസാനപാദമായ ജനുവരി-മാര്‍ച്ചിലെ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ അറ്റാദായം ലക്ഷം കോടി രൂപ കടന്നേക്കും.

മുന്നില്‍ എസ്.ബി.ഐ
പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവുമധികം അറ്റാദായം രേഖപ്പെടുത്തുന്നത് എസ്.ബി.ഐയാണ്. ഏപ്രില്‍-ഡിസംബറില്‍ തന്നെ ബാങ്കിന്റെ ലാഭം മുന്‍ വര്‍ഷത്തെ (2021-22) സമാനകാലത്തെ 31,675.98 കോടി രൂപയില്‍ നിന്നുയര്‍ന്ന് 33,538 കോടി രൂപയായിട്ടുണ്ട്. മാര്‍ച്ചുപാദ ഫലത്തോടെ മൊത്തം അറ്റാദായം 40,000 കോടി രൂപ കടക്കുമെന്ന് കരുതുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) ഒഴികെ മറ്റെല്ലാ പൊതുമേഖലാ ബാങ്കുകളും 2022-23ല്‍ ആദ്യ 9 മാസക്കാലയളവില്‍ ലാഭവളര്‍ച്ച കുറിച്ചു. പി.എന്‍.പിയുടെ അറ്റാദായം ഡിസംബര്‍പാദത്തില്‍ 44 ശതമാനം ഇടിഞ്ഞ് 628 കോടി രൂപയായിരുന്നു. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് തുക (പ്രൊവിഷനിംഗ്) കൂടിയതാണ് പി.എന്‍.ബിക്ക് തിരിച്ചടിയായത്. ഡിസംബര്‍പാദത്തില്‍ എസ്.ബി.ഐ രേഖപ്പെടുത്തിയത് 68 ശതമാനം വളര്‍ച്ചയോടെ 14,205 കോടി രൂപയുടെ ലാഭമായിരുന്നു.
കിട്ടാക്കട നിരക്ക് കുറയുന്നതും പൊതുമേഖലാ ബാങ്കുകള്‍ക്ക് നേട്ടമാകുന്നുണ്ട്. പ്രൊവിഷനിംഗിലെ കുറവ്, ഉയര്‍ന്ന പലിശവരുമാനം എന്നിവയും പി.എന്‍.ബി ഒഴികെയുള്ള ബാങ്കുകള്‍ക്ക് ഉയര്‍ന്ന ലാഭംകുറിക്കാന്‍ സഹായകമാകുന്നുണ്ട്.
Tags:    

Similar News