മുത്തൂറ്റ് ഫിനാന്‍സിന് ₹1,045 കോടി ലാഭം; സ്വര്‍ണവായ്പാ വിതരണത്തില്‍ റെക്കോഡ്
114 പുതിയ ശാഖകള്‍ കൂടി തുറക്കും
കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (എന്‍.ബി.എഫ്.സി) രാജ്യത്തെ സ്വര്‍ണപ്പണയ വായ്പാ രംഗത്തെ മുന്‍നിരക്കാരുമായ മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 1,045 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ (2022-23) സമാന പാദത്തിലെ 825 കോടി രൂപയേക്കാള്‍ 27 ശതമാനമാണ് വര്‍ധന.
ആദ്യ പാദത്തില്‍ വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 2,730 കോടി രൂപയില്‍ നിന്ന് 3,378 കോടി രൂപയായും ഉയര്‍ന്നു.
ആദ്യ പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചെന്നും കൈകാര്യം ചെയ്യുന്ന മൊത്തെ വായ്പ ആസ്തി 76,799 കോടി രൂപയായെന്നും ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.
ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ 2.05 ശതമാനം ഓഹരികള്‍ നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്ന് 43 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിന് ബോര്‍ഡ് അനുമതി നല്‍കി. കൂടാതെ മുത്തൂറ്റ് ഫിനാന്‍സിന്റെ പൂര്‍ണ സബ്‌സിഡിയറിയായ മുത്തൂറ്റ് മണി ലിമിറ്റഡിന് 400 കോടി രൂപ മൂലധനം ലഭ്യമാക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.