150 പുതിയ ശാഖകള്‍ തുറക്കും: മുത്തൂറ്റ് ഫിനാന്‍സിന് റിസര്‍വ് ബാങ്ക് അനുമതി

നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്നത് സ്വര്‍ണവായ്പയില്‍ 15 ശതമാനം വരെ വളര്‍ച്ച

Update:2022-07-05 10:15 IST

രാജ്യത്തൊട്ടാകെ 4617 ശാഖകളുള്ള മുത്തൂറ്റ് ഫിനാന്‍സിന് 150 പുതിയ ശാഖകള്‍ തുറക്കുവാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. മൂന്നുവര്‍ഷത്തിനുശേഷമാണ് കമ്പനി പുതിയ ശാഖകള്‍ തുറക്കുന്നത്. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരു പോലെ ശാഖകള്‍ തുറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി അറുന്നൂറിലധികം പേര്‍ക്ക് പരിശീലനം നല്‍കും.

കമ്പനിയുടെ ഉപഭോക്തൃ അടിത്തറ കൂടുതല്‍ വിപുലീകരിക്കാനും പുതിയ ഉപഭോക്താക്കളെ കണ്ടെത്തുവാനും അവര്‍ക്ക് സ്വര്‍ണ്ണ വായ്പയും മറ്റ് ധനകാര്യ സേവനങ്ങളും ലഭ്യമാക്കുവാനും ആര്‍ബിഐയുടെ അനുമതി സഹായിക്കുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. അടുത്ത രണ്ടുമാസത്തിനുള്ളില്‍ ശാഖകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
പുതിയ ശാഖകള്‍ തുറക്കാന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ സ്വര്‍ണവായ്പയില്‍ നടപ്പുവര്‍ഷം 12 മുതല്‍ 15 വരെ ശതമാനം വളര്‍ച്ച നേടാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. വീട്ടുവാതില്‍ക്കല്‍ സ്വര്‍ണവായ്പ എത്തിക്കുന്ന ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം എന്ന പദ്ധതി അടുത്തയിടെ കമ്പനി ദക്ഷിണേന്ത്യയില്‍ ഒട്ടാകെ വ്യാപിപ്പിച്ചിരുന്നു. മുത്തൂറ്റ് ഓണ്‍ലൈന്‍ എന്ന വെബ് ആപ്ലിക്കേഷന്‍ അടുത്തയിടെ പുതുക്കി അവതരിപ്പിച്ചിരുന്നു.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 4031 കോടി രൂപ അറ്റാദായം നേടിയിരുന്നു. ഈ കാലയളവില്‍ കമ്പനി മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 64494 കോടി രൂപയാണ്. 11 ശതമാനമാണ് വളര്‍ച്ച.

(Press Release)

Tags:    

Similar News