മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കടപ്പത്രങ്ങളിലൂടെ 400 കോടി രൂപ സമാഹരിക്കുന്നു; നിക്ഷേപകര്‍ക്ക് 9.43% വരെ വാര്‍ഷിക നേട്ടം

എന്‍.സി.ഡി.കള്‍ 24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയുള്ള വ്യത്യസ്ത കാലാവധികളിലാണ് ലഭ്യമാകുക

Update:2023-09-05 11:51 IST

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് (നീല മുത്തൂറ്റ്) കീഴിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് തങ്ങളുടെ സെക്വേര്‍ഡ്, റിഡീമബിള്‍, നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ (NCDs) 16-ാമത് പതിപ്പ് അവതരിപ്പിച്ചു. 1,000 രൂപ മുഖവിലയുള്ള ഇഷ്യു സെപ്റ്റംബര്‍ ഒന്നിനാണ് തുറന്നത്. സെപ്റ്റംബര്‍ 14 വരെ ഇതു തുടരും. 8.65 ശതമാനം മുതല്‍ 9.43 ശതമാനം വരെയാണ് എന്‍.സി.ഡി. ഉടമകള്‍ക്ക് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്ന വാര്‍ഷിക നേട്ടം (annual yield).

400 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 100 കോടി രൂപയുടേതാണ് ആദ്യ ഇഷ്യു. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൂടി കൈവശം വെക്കാനുള്ള അവകാശവുമുണ്ട്.

ഒന്നാം ഗഡു ഇഷ്യുവിനു കീഴിലുള്ള എന്‍.സി.ഡി.കള്‍ 24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയുള്ള വ്യത്യസ്ത  കാലാവധികളിലാണ്  ലഭ്യമാകുക. പ്രതിമാസ നേട്ടം ലഭിക്കുന്ന തരത്തിലും വാര്‍ഷിക അടിസ്ഥാനത്തിലും കാലാവധി തീരുമ്പോള്‍ മുഴുവനായി നേട്ടം ലഭിക്കുന്ന തരത്തിലും ഇവ തെരഞ്ഞെടുക്കാം. 

ഓഹരിവിപണിയിൽ വ്യാപാരം നടത്തുന്ന ഈ ഫണ്ടുകളിൽ നിന്നുള്ള നേട്ടം  തുടര്‍ന്നുള്ള വായ്പകള്‍, കമ്പനിയുടെ നിലവിലെ വായ്പാ ദാതാക്കള്‍ക്ക് പലിശ/മുതല്‍ എന്നിവ തിരിച്ചു നല്‍കല്‍ എന്നിവയ്ക്കും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായിരിക്കും ഉപയോഗപ്പെടുത്തുക.

136 വര്‍ഷത്തിലേറെയായി രാജ്യമെമ്പാടുമുള്ള ഉപയോക്താക്കൾ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസവും വിശ്വസ്തതയുമാണ് തങ്ങളുടെ ശക്തിയെന്നും മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ നിന്നുള്ള 16-ാമത് എന്‍.സി.ഡികള്‍ പ്രഖ്യാപിക്കാന്‍ സന്തോഷമുണ്ടെന്നും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് സി.ഇ.ഒ. ഷാജി വര്‍ഗീസ് പറഞ്ഞു. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ മൊബൈല്‍ ആപ്പു വഴിയും ഉപയോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം വിശദമാക്കി. 

Tags:    

Similar News