യുപിഐ ഇടപാടുകളുടെ എണ്ണം കുറയ്ക്കല്‍; ഫോണ്‍പേയ്ക്കും ഗൂഗിളിനും താല്‍ക്കാലിക ആശ്വാസം

യുപിഐ ആപ്പുകളുടെ മേധാവിത്വം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് 2020ല്‍ എന്‍പിസിഐ ഇത്തരം ഒരു നീക്കം നടത്തിയത്

Update: 2022-12-03 04:48 GMT

യുപിഐ ആപ്ലിക്കേഷനുകളിലെ ഇടപാടുകള്‍ നിയന്ത്രിക്കുന്നതിനുള്ള സമയപരിധി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ (NPCI) നീട്ടി. ആകെ യൂപിഐ ഇടപാടുകളില്‍ ഒരു ആപ്ലിക്കേഷന്റെയും വിപണി വിഹിതം 30 ശതമാനത്തില്‍ കൂടാന്‍ പാടില്ല എന്നാണ് എന്‍പിസിഐ നിര്‍ദ്ദേശം. ഈ പരിധിയിലേക്ക് ഇടപാടുകള്‍ ചുരുക്കാന്‍ 2024 ഡിസംബര്‍ 31 വരെ കമ്പനികള്‍ക്ക് സാവകാശം ലഭിക്കും.

യുപിഐ ഇടപാടുകളില്‍ ഫോണ്‍പേ, ഗൂഗിള്‍ പേ, പേയ്ടിഎം എന്നിവയ്ക്കുള്ള മേധാവിത്വം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് 2020ല്‍ എന്‍പിസിഐ ഇത്തരം ഒരു നീക്കം നടത്തിയത്. ഈ രണ്ട് ആപ്ലിക്കേഷനുകള്‍ക്ക് മാത്രമാണ് 30 ശതമാനത്തില്‍ അധികം വിപണി വിഹിതമുള്ളത്. രാജ്യത്തെ യൂപിഐ ഇടപാടുകളുടെ 81 ശതമാനവും നിയന്ത്രിക്കുന്നത് ഫോണ്‍പേയും ഗൂഗിള്‍പേയും ചേര്‍ന്നാണ്. ഫോണ്‍പേയ്ക്ക് 47 ശതമാനവും ഗൂഗിള്‍പേയ്ക്ക് 34 ശതമാനവും വിപണി വിഹിതമാണുള്ളത്.

മൂന്നാം സ്ഥാനത്തുള്ള  പേടിഎമ്മിന്റെ വിപണി വിഹിതം വെറും 15 ശതമാനം ആണ്. 30 ശതമാനം പരിധി നടപ്പാക്കാന്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന സേവനങ്ങള്‍ നിരസിക്കേണ്ടിവരുമെന്ന് ഫോണ്‍പേ സ്ഥാപകനായ സമീര്‍ നിഗം വ്യക്തമാക്കിയിരുന്നു. ആമസോണ്‍, വാട്‌സാപ്പ് തുടങ്ങി വിവിധ ബാങ്കുകള്‍ വരെ യുപിഐ സേവനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇവരുടെയൊക്കെ വിപണി വിഹിതം ഒരു ശതമാനത്തിലും താഴെയാണ്. 

Tags:    

Similar News