പേയ്ടിഎമ്മിന് വന്‍ ആശ്വാസം, തേര്‍ഡ് പാര്‍ട്ടി വഴി യു.പി.ഐ ഇടപാട് തുടരാം
പേയ്ടിഎം ഓഹരികള്‍ ഇന്ന് 5 ശതമാനത്തോളം ഉയർന്നു
യു.പി.ഐ സേവനങ്ങള്‍ തുടരാന്‍ പേയ്ടിഎമ്മിന് അനുമതി നല്‍കി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ). പേയ്ടിഎമ്മിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് അനുവദിച്ചതോടെയാണിത്. മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ തേര്‍ഡ് പാര്‍ട്ടി ആപ്പ് ലൈസന്‍സിനുള്ള അപേക്ഷയിലാണ് എന്‍പിസിഐ അനുമതി നല്‍കിയത്.
ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ, യെസ് ബാങ്ക് എന്നിവ പേയ്ടിഎമ്മിന്റെ പേയ്മെന്റ് സിസ്റ്റം പ്രൊവൈഡര്‍ ബാങ്കുകളായി പ്രവര്‍ത്തിക്കുമെന്ന് എന്‍.പി.സി.ഐ അറിയിച്ചു. അതിനാല്‍ ഈ ബാങ്കുകളുടെ പങ്കാളിത്തത്തോടുകൂടിയാകും പേയ്ടിഎം യു.പി.ഐ ഇടപാടുകള്‍ തുടരുകയെന്ന് എന്‍.പി.സി.ഐ പ്രസ്താവനയില്‍ അറിയിച്ചു.
പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, ക്രെഡിറ്റ് ഇടപാടുകള്‍ എന്നിവയ്ക്കുമേല്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് നടപടി. ജനുവരി 31നാണ് ചട്ടലംഘനം ചൂണ്ടിക്കാണിച്ച് പേയ്ടിഎം ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് നടപടിയെടുത്തത്.
ഇന്ന് മുതല്‍ നിയന്ത്രണം
റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതിനാല്‍ ഇന്ന് രാത്രി 12 മുതല്‍ പേയ്ടിഎം വോലറ്റ്, ഫാസ്ടാഗ്, ബാങ്ക് അക്കൗണ്ട്, എന്‍.സി.എം.സി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കാന്‍ കഴിയില്ല. പേയ്ടിഎം യു.പി.ഐ സേവനങ്ങളെ ഈ നിയന്ത്രണങ്ങള്‍ ബാധിക്കില്ല. ഫാസ്ടാഗ് ഇന്നു കൂടി മാത്രം റീചാര്‍ജ് ചെയ്യാം. ഈ തുക പിന്നീടും ഉപയോഗിക്കാം. ബാലന്‍സ് തീരുമ്പോള്‍ പുതിയ ഫാസ്ടാഗ് എടുക്കേണ്ടി വരും.
പേയ്ടിഎം വോലറ്റില്‍ നാളെ മുതല്‍ പണം നിക്ഷേപിക്കാനാവില്ല. നിലവിലുള്ള തുക തിരികെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് നാളെ മുതല്‍ പണം സ്വീകരിക്കാന്‍ ഉപയോഗിക്കരുത്. ശമ്പളം ഈ അക്കൗണ്ടിലേക്കാണ് വരുന്നതെങ്കില്‍ ഉടന്‍ മാറ്റണം. കടകളിലെ പേയ്ടിഎം ക്യു.ആര്‍, യു.പി.ഐ സൗണ്ട്‌ബോക്‌സ്, പി.ഒ.എസ് മെഷീന്‍ എന്നിവ തുടര്‍ന്നും ഉപയോഗിക്കാം. പേയ്ടിഎം ഓഹരികള്‍ ഇന്ന് 5 ശതമാനത്തോളം ഉയർന്നു.