പേയ്ടിഎം ബാങ്ക്: ഉപയോക്താക്കള്‍ക്ക് വേണം അതീവ ജാഗ്രത; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

നിലവില്‍ പല സേവനങ്ങളും പേയ്ടിഎം പേയ്‌മെന്റ് ബാങ്കില്‍ ലഭ്യമല്ല

Update: 2024-04-17 12:04 GMT
Image: Canava, Paytmbank.com
ഇന്ത്യയുടെ ടെക് വിപ്ലവത്തിനൊപ്പം വളര്‍ന്നു പന്തലിച്ച കമ്പനിയാണ് പേയ്ടിഎം. പരമ്പരാഗത പണ വിനിമയത്തിന് ബദലായി വളര്‍ന്ന പേയ്ടിഎം ഒരുകാലത്ത് ഫിന്‍ടെക് കമ്പനികളിലെ മുമ്പന്മാരായിരുന്നു.
അടിക്കടിയുണ്ടായ വിവാദങ്ങളും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളും വന്നതോടെ മൂല്യത്തിലും ഉപയോക്താക്കളുടെ വിശ്വാസതയിലും പേയ്ടിഎം പിന്നോട്ടുപോയി. ജനുവരി 31ന് റിസര്‍വ് ബാങ്ക് പേയ്ടിഎം ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.
നിലവില്‍ പല സേവനങ്ങളും പേയ്ടിഎം പേയ്‌മെന്റ് ബാങ്കില്‍ ലഭ്യമല്ല. അതുകൊണ്ട് തന്നെ ഉപയോക്താക്കള്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ സൂക്ഷിക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ട് ഉടമകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ താഴെപറയുന്നു-
അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ അക്കൗണ്ടില്‍ നിന്നോ വാലറ്റില്‍ നിന്നോ ബാക്കിയുള്ള പണം പിന്‍വലിക്കാം. പാര്‍ട്ണര്‍ ബാങ്കുകളില്‍ നിന്നുള്ള സ്വീപ് ഇന്നുകള്‍, റീഫണ്ടുകള്‍, ക്യാഷ്ബാക്കുകള്‍ എന്നിവ സ്വീകരിക്കാം. ഉപഭോക്താക്കള്‍ക്ക് വാലറ്റ് ക്ലോസ് ചെയ്യാനും ബാക്കിയുള്ള തുക മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനും സാധിക്കും.
ഫാസ്ടാഗുകള്‍ക്ക് പ്രതിസന്ധിയില്ല
യു.പി.ഐ, ഐ.എം.പി.എസ് വഴി പേയ്‌മെന്റ് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാം. നിലവിലുള്ള ബാലന്‍സ് ഉപയോഗിച്ച് ഫാസ്ടാഗുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. പക്ഷേ അവയിലേക്ക് കൂടുതല്‍ പണം നിക്ഷേപിക്കാന്‍ സാധിക്കില്ല. പേയ്ടിഎം ഫാസ്ടാഗിലെ ബാക്കി തുക മറ്റ് ഫാസ്ടാഗുകളിലേക്ക് മാറ്റാനുമാകില്ല. പേയ്ടിഎം ബാങ്ക് അക്കൗണ്ടിലേക്ക് മറ്റ് ഉപയോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കാന്‍ സാധ്യമല്ല.
ശമ്പളവും മറ്റ് നേരിട്ടുള്ള ആനുകൂല്യ ഇടപാടുകളും നടത്താന്‍ കഴിയില്ല. യുപിഐ സേവനങ്ങള്‍ തുടര്‍ന്നു ലഭ്യമാക്കാന്‍ കമ്പനി മൂന്നാംകക്ഷി ആപ്പ് പ്രൊവൈഡര്‍ ലൈസന്‍സിന് ശ്രമിക്കുന്നുണ്ട്. ഇതിനായി എസ്.ബി.ഐ എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവയുമായി സഹകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിഖി നോര്‍ബെര്‍ട്ട് (റിസര്‍ച്ച് സ്‌കോളര്‍, ഭാരതമാത കോളജ്, തൃക്കാക്കര), ഡോ. ജോസഫ് ജോയ് പുതുശേരി (അസിസ്റ്റന്റ് പ്രൊഫസര്‍ ആന്‍ഡ് റിസര്‍ച്ച് ഗൈഡ്, ഭാരതമാത കോളജ്, തൃക്കാക്കര), ഫാ. ഡോ. വര്‍ഗീസ് പോള്‍ തൊട്ടിയില്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മലയാളം, ഭാരതമാത കോളജ്, തൃക്കാക്കര)
Tags:    

Similar News