കരകയറാന്‍ വഴിതേടി പേയ്ടിഎം; ഉപദേശിക്കാന്‍ സമിതിയെ വച്ചു, യു.പി.ഐ സേവനം തേര്‍ഡ് പാര്‍ട്ടിയിലേക്ക്

കമ്പനിക്ക് ക്ഷീണം, ഉപയോക്താവ് പേടിക്കേണ്ടതില്ല

Update:2024-02-10 13:13 IST

പേയ്ടിഎമ്മിനെതിരെയുള്ള റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) നടപടിക്കു പിന്നാലെ മുന്‍ സെബി ചെയര്‍മാനും മലയാളിയുമായ എം. ദാമോദരന്‍ അധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതിയെ നിയമിച്ച് കമ്പനി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) മുന്‍ പ്രസിഡന്റ് മുകുന്ദ് മനോഹര്‍ ചിറ്റാലെ, ആന്ധ്ര ബാങ്ക് മുന്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ രാജാരാമന്‍ എന്നിവരാണ് സമിതിയിലുള്ള മറ്റ് അംഗങ്ങള്‍. സ്ഥാപനത്തിനുള്ളിലെ കോര്‍പ്പറേറ്റ് ഭരണകാര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് മൂന്നംഗ ഉപദേശക സമിതി രൂപീകരിച്ചതെന്ന് കമ്പനി അറിയിച്ചു.

മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ ബോര്‍ഡുമായി ചേര്‍ന്ന് കംപ്ലയിന്‍സും റെഗുലേറ്ററി കാര്യങ്ങളും ശക്തിപ്പെടുത്തുമെന്നും പേയ്ടിഎം അറിയിച്ചിട്ടുണ്ട്. 29ന് ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിംഗ്‌സ്/കറന്റ് അക്കൗണ്ടുകള്‍, വോലറ്റുകള്‍, ഫാസ്ടാഗ്, നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട്‌ നിയന്ത്രണങ്ങൾ  ഏർപ്പെടുത്തികൊണ്ട് ജനുവരി 31ന് റിസര്‍വ് ബാങ്ക് ഉത്തരവിട്ടിരുന്നു. ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949ലെ സെക്ഷന്‍ 35എ പ്രകാരമാണ് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ്ത്.

കമ്പനിക്ക് ക്ഷീണം

റിസര്‍വ് ബാങ്ക് നടപടിയെ തുടര്‍ന്ന് പേയ്ടിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ 29ന് മുമ്പ് പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കില്‍ നിന്ന് മറ്റ് ബാങ്കുകളിലേക്ക് മാറ്റേണ്ടതുണ്ട്. ഇത്തരത്തില്‍ പേയ്ടീഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് ബാങ്കുകളിലേക്ക് മാറ്റുമ്പോള്‍ പേയ്ടിഎമ്മിന് 300-500 കോടി രൂപയുടെ ബാധ്യതയാണുണ്ടാകുക. യു.പി.ഐ സൗകര്യത്തിനായി മിക്ക വ്യാപാരികളും മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനാലും മറ്റകമ്പനികള്‍ അവരുടേതായ സൗണ്ട്‌ബോക്സുകളുമായി വരുന്നതിനാലും പേയ്ടിഎമ്മിന്റെ സൗണ്ട്ബോക്സ് ബിസിനസിനെയും ഇത് പ്രതികൂലമായി ബാധിക്കും.

ഉപയോക്താവ് പേടിക്കേണ്ടതില്ല

നിലവില്‍ പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച പണമൊന്നും ഉപഭോക്താക്കള്‍ക്ക് നഷ്ടമാകില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ യു.പി.ഐ ഇടപാടുകള്‍ക്കായി പേയ്ടിഎം ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും ഈ മാസം 29ന് ശേഷം സേവനം തുടരാന്‍ മറ്റൊരു ബാങ്ക് അക്കൗണ്ടിനെ ആശ്രയിക്കേണ്ടിവരും. പേയ്ടിഎമ്മിന്റെ യു.പി.ഐ സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ തേര്‍ഡ്-പാര്‍ട്ടി പേയ്മെന്റ് ആപ്പ് (ടി.പി.എപി) റൂട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News