ഫെഡറല്‍ ബാങ്കിനെ നയിക്കാന്‍ കെ.വി.എസ് മണിയന്‍, റിസര്‍വ് ബാങ്ക് അനുമതി
സെപ്റ്റംബര്‍ 23 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം
ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ ആയി കൃഷ്ണന്‍ വെങ്കട് സുബ്രഹ്‌മണ്യന്‍ എന്ന കെ.വി.എസ് മണിയനെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. 2024 സെപ്റ്റംബര്‍ 23 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 2010 മുതല്‍ ഫെഡറല്‍ ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായി തുടരുന്ന ശ്യാം ശ്രീനിവാസന്റെ കാലാവധി സെപ്റ്റംബര്‍ 22ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് മണിയന്റെ നിയമനം.
റിസര്‍വ് ബാങ്കിന്റെ ചട്ടപ്രകാരം പരമാവധി 15 വര്‍ഷമാണ് ബാങ്ക് എം.ഡി ആന്‍ഡ് സി.ഇ.ഒയുടെ കാലാവധി. ശ്യാം ശ്രീനിവാസന്റെ കാലാവധി ഒരു വര്‍ഷം കൂടി കൂട്ടി നല്‍കുന്നതിന് ഫെഡറൽ ബാങ്ക് റിസര്‍വ് ബാങ്കിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ചുരുങ്ങിയത് മൂന്ന് പേരുകളെങ്കിലും ഉള്‍പ്പെടുത്തികൊണ്ട് എം.ഡി ആന്‍ഡ് സി.ഇ.ഒ സ്ഥാനാര്‍ത്ഥികളുടെ ഒരു പാനല്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് തിരിച്ച് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് കെ.വി.എസ് മണിയനെ കൂടാതെ ഫെഡറല്‍ ബാങ്കിന്റെ നിലവിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ശാലിനി എസ്.വാര്യര്‍, ഹര്‍ഷ് ദുഗര്‍ എന്നിവരുടെ പേരുകളും ബാങ്ക് നല്‍കിയിരുന്നു. അതിൽ നിന്നാണ് മണിയനെ തിരഞ്ഞെടുത്തത്.