ബസിലും ബോട്ടിലും ചില്ലറത്തര്‍ക്കം ഇനി ഒഴിവാക്കാം; പൊതുഗതാഗതത്തിലും വരുന്നൂ ഡിജിറ്റല്‍ പണമിടപാട്
സൗകര്യം ഒരുക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം
ബസില്‍ കയറിയാല്‍ യാത്രക്കാരെയും കണ്ടക്ടറെയും ഒരുപോലെ വലയ്ക്കുന്നതാണ് ചില്ലറപ്രശ്‌നം. കടകളിലും മറ്റും യു.പി.ഐ വഴിയും മറ്റുമുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ സാധാരണമായപ്പോള്‍ ചില്ലറത്തര്‍ക്കങ്ങള്‍ പഴങ്കഥയായിരുന്നു. ഇനിയിതാ, പൊതുഗതാഗത സംവിധാനത്തിലും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ഡിജിറ്റല്‍ പണമിടപാട് സംവിധാനം.
ബസ്, ബോട്ട്, മെട്രോ, ട്രെയിന്‍ എന്നിവയ്ക്ക് പുറമേ ടോള്‍, പാര്‍ക്കിംഗ് തുടങ്ങിയവയ്ക്കും ഡിജിറ്റലായി പണമിടപാട് സാധ്യമാക്കുന്ന പ്രീപെയ്ഡ് പേയ്‌മെന്റ് സംവിധാനം (PPI) ഒരുക്കാന്‍ ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (NBFC) റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. യാത്രക്കാര്‍ക്ക് അതിവേഗവും തര്‍ക്കരഹിതമായും പണമിടപാടുകള്‍ നടത്താന്‍ ഇത് സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് കരുതുന്നു.
പരമാവധി 3,000 രൂപ
ഡിജിറ്റല്‍ വാലറ്റ്, സ്മാര്‍ട് കാര്‍ഡ് തുടങ്ങിയ പ്രീപെയ്ഡ് പേയ്‌മെന്റ് സംവിധാനം സജ്ജമാക്കാനാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ഒരാള്‍ക്ക് പരമാവധി 3,000 രൂപ ഈ സംവിധാനത്തില്‍ സൂക്ഷിക്കാം.
മിനിമം വിവരങ്ങള്‍ (KYC) മാത്രം നല്‍കി പ്രീപെയ്ഡ് പേയ്‌മെന്റ് സൗകര്യം നേടാന്‍ ഇടപാടുകാര്‍ക്ക് കഴിയും. അതേസമയം ടിക്കറ്റെടുക്കുക, വിവിധ ഫീസുകള്‍ അടയ്ക്കുക എന്നീ ആവശ്യങ്ങള്‍ക്കേ ഈ സൗകര്യം ഉപയോഗിക്കാനാകൂ. പണം മറ്റൊരാള്‍ക്ക് കൈമാറാനോ പണം പിന്‍വലിക്കാനോ കഴിയില്ല.