സഹകരണ സംഘങ്ങള്‍ ബാങ്കുകള്‍ അല്ല; ആര്‍ബിഐ പറയുന്ന ഇക്കാര്യങ്ങള്‍ നിക്ഷേപകര്‍ അറിഞ്ഞിരിക്കുക
സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ നല്‍കാനാവില്ല. നിക്ഷേപം വോട്ടവകാശമുള്ള അംഗങ്ങളില്‍ നിന്ന് മാത്രമേ സ്വീകരിക്കാനാവൂ.
സഹകരണ സംഘങ്ങള്‍ക്ക് (കോ-ഓപ്പറേറ്റീവ് സൊസൈറ്റി) ബാങ്കുകളായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് ആവര്‍ത്തിച്ച് ആര്‍ബിഐ. 2020 സെപ്റ്റംബര്‍ 29ന് ആണ് ഇതു സംബന്ധിച്ച നിയമം നിലവില്‍ വന്നത്. 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ നിലപാട്. ഈ നിയമപ്രകാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ളവയെ മാത്രമാണ് ബാങ്കുകളായി പരിഗണിക്കുക.
നിലവില്‍ കേരളത്തില്‍ ഉള്‍പ്പടെ ഈ നിയമം നടപ്പാക്കിയിട്ടില്ല. നിയമം പ്രാബല്യത്തില്‍ വന്നിട്ടും സഹകരണ സംഘങ്ങള്‍ ബാങ്കുകളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍ബിഐ വീണ്ടും നിലപാട് വ്യക്തമാക്കിയത്.
സഹകരണ സംഘങ്ങളിലെ നിക്ഷേപകര്‍ അറിയേണ്ട പ്രധാന കാര്യങ്ങള്‍
ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനകാര്യം ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍(ഡിഐസിജിസി) വഴി നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കില്ല എന്നതാണ്. ആര്‍ബിഐയുടെ കീഴിലാണ് ഡിഐസിജിസി പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് 5 ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. ആര്‍ബിഐ നിലപാട് കടുപ്പിക്കുന്നതോടെ സഹകരണ സംഘങ്ങള്‍ എന്ത് പരിരക്ഷയാണ് നിക്ഷേപങ്ങള്‍ക്ക് മേല്‍ നല്‍കുക എന്നത് ഒരു ചോദ്യമാണ്. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ നമ്മുടെ മുമ്പില്‍ ഉണ്ട്.
സംസ്ഥാനത്തെ ഒട്ടുമിക്ക സൊസൈറ്റികളും സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍ബിഐ ഉത്തരവ് പ്രകാരം ബാങ്ക് എന്ന പേര് സഹകരണ സംഘങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. പൊതുജനങ്ങള്‍ക്കായി ഇപ്പോള്‍ നല്‍കി വരുന്ന ബാങ്കിങ് സേവനങ്ങള്‍ എല്ലാം അവസാനിപ്പിക്കേണ്ടി വരും. നിലവില്‍ എടിഎം സേവനങ്ങള്‍ ഉള്‍പ്പടെ നല്‍കുന്ന സഹകരണ സംഘങ്ങള്‍ ഉണ്ട്.
നിക്ഷേപം വോട്ടവകാശമുള്ള അംഗങ്ങളില്‍ നിന്ന് മാത്രമേ സ്വീകരിക്കാനാവു. അതായത് ഈ അംഗങ്ങളിലേക്ക് മാത്രമായി സൊസൈറ്റിയുടെ പ്രവര്‍ത്തനം ചുരുക്കേണ്ടിവരുമെന്ന് അര്‍ത്ഥം. നിയന്ത്രണം നടപ്പാക്കുന്നതോടെ 60,000 കോടിയുടെ നിക്ഷേപം തിരിച്ചു കൊടുക്കേണ്ടി വരുമെന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ പറഞ്ഞിരുന്നു.
കേന്ദ്രം പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചതും ആദ്യ സഹകരണ മന്ത്രിയായി അമിത് ഷാ ചുമതലയേറ്റതും അടുത്തിടെയാണ്. നിധി കമ്പനികള്‍, മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ വഴി സംസ്ഥാനങ്ങളില്‍ സജീവമാകാനുള്ള കേന്ദ്ര ശ്രമമായി വകുപ്പ് രൂപീകരണത്തെ വിലയിരുത്തുന്നവര്‍ ഉണ്ട്. കേരളത്തിലെ സഹകരണ സംഘങ്ങളില്‍ കള്ളപ്പണ നിക്ഷേപങ്ങള്‍ ഉണ്ടെന്ന് ബിജെപി പണ്ടുമുതല്‍ ഉന്നയിക്കുന്ന ആരോപണമാണ്. സംസ്ഥാനങ്ങളുടെ പരിധിയിലാണ് സഹകരണ വകുപ്പ് എന്ന സുപ്രീംകോടതി വിധിയുടെ ആശ്വത്തിലാണ് നിലവില്‍ കേരളം. എന്നാല്‍ ഇനിയും സംസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ കര്‍ശനമായ നിലപാട് എടുത്തില്ലെങ്കില്‍ അന്തിമ ശാസനവുമായി ആര്‍ബിഐ എത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.