ഇനിയെന്തിന് എസ്.എം.എസ് വഴിയുള്ള ഒ.ടി.പി? ഡിജിറ്റല്‍ പണമിടപാടിന് പുതിയ തന്ത്രങ്ങളും വരുന്നൂ
ഒ.ടി.പി രീതി അടിമുടി മാറും
ഡിജിറ്റല്‍/ഓണ്‍ലൈന്‍ പണമിടപാട് നടത്തുമ്പോള്‍ എസ്.എം.എസ് വഴിയെത്തുന്ന ഒറ്റത്തവണ പാസ്‌വേഡ് അഥവാ ഒ.ടി.പി നല്‍കേണ്ടി വരുന്നത് ഇപ്പോള്‍ സാധാരണമാണ്. എന്നാല്‍, കേവലം ഒ.ടി.പിയില്‍ മാത്രം ഒതുങ്ങാതെ ഇടപാടുകളുടെ സാധൂകരണത്തിന് (ഓതന്റിക്കേഷന്‍) പുതിയ മാര്‍ഗങ്ങളും നടപ്പാക്കാനൊരുങ്ങുകയാണ് റിസര്‍വ് ബാങ്ക്.
ഇത് ഇടപാടുകള്‍ കൂടുതല്‍ സുഗമവും സുതാര്യവുമാക്കാന്‍ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. എസ്.എം.എസ് വഴിയെത്തുന്ന ഒ.ടി.പി നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന നിബന്ധനയാണ് നിലവിലുള്ളത്. സമയപരിധി കഴിഞ്ഞാല്‍ ആ ഒ.ടി.പി അസാധുവാകും. സാങ്കേതികവിദ്യകള്‍ കൂടുതല്‍ പുരോഗമിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ മികവുറ്റ സൗകര്യങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഒ.ടി.പിക്കും ഒരു ബദല്‍ കൊണ്ടുവരാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.
അല്‍ഗോരിതങ്ങളും സാങ്കേതികവിദ്യകളും അടിസ്ഥാനമാക്കിയുള്ള ടൈം-ബേസ്ഡ് വണ്‍ ടൈം പാസ്‌വേഡ് (TOTP) പോലെയുള്ള സംവിധാനങ്ങളാണ് റിസര്‍വ് ബാങ്ക് പുതുതായി അവതരിപ്പിക്കുക. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ റിസര്‍വ് ബാങ്ക് വൈകാതെ പുറത്തുവിടും.