പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ധനനയ പ്രഖ്യാപനം ഏപ്രില്‍ ഏഴിന്

പലിശ നിരക്കിൽ മാറ്റമുണ്ടായേക്കില്ലെന്ന് വിലയിരുത്തൽ

Update: 2021-04-03 13:01 GMT

പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ധനനയം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് ഏപ്രില്‍ ഏഴിന് പ്രഖ്യാപിക്കും. സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും 2021-22 ല്‍ സര്‍ക്കാരിന്റെ വന്‍ വായ്പാ പദ്ധതി സുഗമമാക്കുന്നതിനും പലിശനിരക്ക് കുറഞ്ഞ നിലവാരത്തില്‍ മാറ്റിമല്ലാതെ നിലനിര്‍ത്താനും റിസര്‍വ് ബാങ്ക് പരമാവധി ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആറ് അംഗ ധനനയ സമിതി (എംപിസി) റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി തന്നെ നിലനിര്‍ത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ധന നയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയില്‍ തുടര്‍ന്നേക്കുമെന്നും പ്രതീക്ഷിക്കുന്നു. 2021 ഏപ്രില്‍ അഞ്ച് മുതല്‍ ഏഴ് വരെയാണ് ധനനയ സമിതി യോഗം ചേരുന്നത്.

എം പി സി യുടെ രണ്ടാമത്തെ യോഗം ജൂണ്‍ 2, 3, 4 തീയതികളിലും മൂന്നാമത്തെ യോഗം ഓഗസ്റ്റ് 4-6 തീയതികളിലും നാലാമത്തെ യോഗം ഒക്ടോബര്‍ 6-8തീയതികളിലും അഞ്ചാമത്തെ യോഗം ഡിസംബര്‍ 6-8 തീയതികളിലുമാണ് ഈ വര്‍ഷം നടക്കുക. ആറാമത്തെ യോഗം 2022ഫെബ്രുവരി 7- 9 തീയതികളിലാകും നടക്കുക.  

Tags:    

Similar News