റിസര്‍വ് ബാങ്കിന്റെ പുതിയ ക്രെഡിറ്റ് കാര്‍ഡ് നയം: ഉപയോക്താക്കള്‍ക്ക് വന്‍ നേട്ടമാകും; ആനുകൂല്യങ്ങള്‍ നിറയും

എത് കാര്‍ഡ് വേണമെന്ന് ഇനി ഉപയോക്താവിന് തീരുമാനിക്കാം

Update:2024-03-07 13:36 IST

Image : Canva

നിങ്ങള്‍ക്കൊരു ക്രെഡിറ്റ് കാര്‍ഡ് വേണമെന്നിരിക്കട്ടെ. ബാങ്കില്‍ അപേക്ഷിച്ചാല്‍, ബാങ്ക് അനുവദിക്കുന്ന കാര്‍ഡും വാങ്ങിപ്പോരുകയേ നിലവില്‍ നിവൃത്തിയുള്ളൂ. റൂപേ, മാസ്റ്റര്‍കാര്‍ഡ്, വീസ, അമേരിക്കന്‍ എക്‌സ്പ്രസ് തുടങ്ങിയവയില്‍ ഏത് കാര്‍ഡ് വേണമെന്ന് തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് പറ്റില്ല.
എന്നാല്‍, ഈ വര്‍ഷം സെപ്റ്റംബര്‍ 6 (2024 സെപ്റ്റംബര്‍ 6) മുതല്‍ കഥ മാറും. അന്നുമുതല്‍ ഏത് കാര്‍ഡ് വേണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. ഇതിനുള്ള നടപടിയെടുക്കണമെന്നാണ് കഴിഞ്ഞദിവസം ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്.
നിലവില്‍ ബാങ്കിന് ഏത് ക്രെഡ്റ്റ് കാര്‍ഡ് കമ്പനിയുമായാണോ കരാര്‍, ആ കമ്പനിയുടെ കാര്‍ഡാണ് ഉപയോക്താവിന് അനുവദിക്കുന്നത്. ഉപയോക്താവിന് കമ്പനിയെ തിരഞ്ഞെടുക്കാന്‍ നിലവില്‍ അവസരമില്ല. ഈ രീതി മാറ്റാനാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ളത്.
ഉപയോക്താവിന് നേട്ടമാകും
റിസര്‍വ് ബാങ്കിന്റെ ഉത്തരവ് വന്ന പശ്ചാത്തലത്തില്‍ ബാങ്കിന് കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളുമായി കരാറിലേര്‍പ്പെടേണ്ടി വരും. റൂപേ, മാസ്റ്റര്‍കാര്‍ഡ്, വീസ, അമേരിക്കന്‍ എക്‌സ്പ്രസ്, ഡൈനേഴ്‌സ് ക്ലബ്ബ് എന്നിങ്ങനെ ക്രെഡിറ്റ് കാര്‍ഡുകളാണ് നിലവില്‍ ഇന്ത്യയില്‍ ലഭിക്കുക. ഇവയുമായെല്ലാം ബാങ്ക് ധാരണയിലെത്തേണ്ടി വരും.
ഇത് ഫലത്തില്‍, ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ തമ്മിലും ബാങ്കുകള്‍ തമ്മിലും മത്സരം കടുക്കാന്‍ വഴിയൊരുക്കും. അതായത്, ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ആനുകൂല്യങ്ങള്‍ വാരിച്ചൊരിയാന്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും ബാങ്കുകളും നിര്‍ബന്ധിതരാകും. ഇത് ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യും.
ഇവര്‍ക്ക് പ്രതിസന്ധിയില്ല
അതേസമയം, നിലവില്‍ 10 ലക്ഷമോ അതില്‍ താഴെയോ സജീവ ക്രെഡിറ്റ് കാര്‍ഡ് (Active Credit Card customers) ഉള്ളകമ്പനികള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശം ബാധകമല്ല. സ്വന്തമായി അംഗീകൃത ക്രെഡിറ്റ് കാര്‍ഡ് ശൃംഖലയുള്ളവയ്ക്കും നിര്‍ദേശം ബാധകമല്ല. 10 ലക്ഷത്തിന് മുകളില്‍ സജീവ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുള്ള 13 ബാങ്കുകള്‍ ഇന്ത്യയുണ്ടെന്നാണ് കണക്ക്. 90 ശതമാനത്തിലധികം വിപണിവിഹിതവും ഇവയ്ക്കാണ്.
നിലവിലെ കാര്‍ഡുടമകള്‍ക്ക് പോര്‍ട്ട് ചെയ്യാം
നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അവ പുതുക്കുമ്പോള്‍ ഇഷ്ടപ്പെട്ട മറ്റ് ക്രെഡിറ്റ് കാര്‍ഡ് ശൃംഖയിലേക്ക് പോര്‍ട്ട് ചെയ്ത് മാറാം. ഉദാഹരണത്തിന് നിലവില്‍ നിങ്ങള്‍ റൂപേ ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നതെന്നിരിക്കട്ടെ, കാലാവധിക്ക് ശേഷം കാര്‍ഡ് പുതുക്കുമ്പോള്‍ വീസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്, ഡൈനേഴ്‌സ് ക്ലബ്ബ് എന്നിവയിലേതെങ്കിലും തിരഞ്ഞെടുത്ത് മാറാം.
ആനുകൂല്യങ്ങള്‍ നിറയും
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ബാങ്കുകള്‍ നല്‍കുന്നുണ്ട്. ഉദാഹരണത്തിന് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ കാഷ്ബാക്ക്, റിവാര്‍ഡ്, വിമാനത്താവളങ്ങളില്‍ ലോഞ്ച് ആക്‌സസ്, സിനിമാ ടിക്കറ്റ് എന്നിങ്ങനെ.
കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനും നിലവിലുള്ളവരെ നിലനിറുത്താനും ആനുകൂല്യങ്ങള്‍ കൂട്ടാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും.
റൂപേയ്ക്ക് പ്രിയമേറും
റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം റൂപേ കാര്‍ഡുകളുടെ സ്വീകാര്യത ഉയര്‍ത്തും. ഇന്ത്യയുടെ സ്വന്തം കാര്‍ഡാണ് റൂപേ. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (NPCI) ഇത് സജ്ജമാക്കിയത്.
നിലവില്‍ യു.പി.ഐയുമായി ബന്ധിപ്പിക്കാന്‍ അനുമതിയുള്ള ഏക ക്രെഡിറ്റ് കാര്‍ഡ് റൂപേയാണ്. റൂപേയ്ക്ക് സ്വീകാര്യത കൂടുന്നതും ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യങ്ങള്‍ വര്‍ധിക്കുന്നതും കൂടുതല്‍ ഉപയോക്താക്കള്‍ ക്രെഡിറ്റ് കാര്‍ഡ് ശൃംഖയിലേക്ക് വരാനും വഴിയൊരുക്കും.
Tags:    

Similar News