റിസര്‍വ് ബാങ്ക് പണനയം; പലിശ നിരക്കുകള്‍ നിലനിര്‍ത്താന്‍ സാധ്യത

റിവേഴ്സ് റിപ്പോ നിരക്കില്‍ നേരിയ വര്‍ധനവ് പ്രതീക്ഷിക്കാം

Update: 2022-02-07 09:47 GMT

ഫെബ്രുവരി 07 മുതല്‍ 10 വരെ നടക്കുന്ന റിസര്‍വ് ബാങ്കിന്റെ മോണിട്ടറി പോളിസി മീറ്റിംഗില്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പൊതുവെ കരുതപ്പെടുന്നു. ഡിസംബര്‍ 8 ന് പ്രഖ്യാപിച്ച പണ നയത്തില്‍ റിപ്പോ നിരക്ക് 4 ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തില്‍ നിലനിര്‍ത്തുകയാണ് ചെയ്തത്.

2020 മേയ് മുതല്‍ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്കെന്നാല്‍ വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഹ്രസ്വ കാല ധന സഹായം നല്‍കുമ്പോള്‍ ചുമത്തുന്ന പലിശയാണ്. റിവേഴ്സ് റിപ്പോ എന്നാല്‍ ബാങ്കുകള്‍ക്ക് അധിക പണം ഉപയോഗിക്കാന്‍ കഴിയാതെ കൈവശം ഉള്ള പണം കേന്ദ്ര ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശയാണ്. റിവേഴ്സ്‌റിപ്പോ നിരക്ക് റിപ്പോ നിരക്കിനെക്കാള്‍ കുറവായിരിക്കും.
നാണയപ്പെരുപ്പം പിടിച്ചു നിര്‍ത്താനും ബാങ്കിംഗ് സംവിധാനത്തില്‍ ഉള്ള അധിക പണം റിവേഴ്സ് റിപ്പോ നിരക്ക് നേരിയ തോതില്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്കില്‍ നിക്ഷേപമായി എത്താനുള്ള നടപടികള്‍ക്ക് സാധ്യത ഉണ്ടെന്ന് അക്വിറ്റ് റേറ്റിംഗ്സ് കരുതുന്നു. അത് പ്രകാരം റിവേഴ്സ് റിപ്പോ നിരക്ക് 0.2 ശതമാനം വര്‍ധിക്കാനാണ് സാധ്യത.
പലിശ നിരക്ക് സാധാരണയാക്കല്‍ പ്രക്രിയ തുടരുമെന്ന് സൂചന നല്‍കാന്‍ കേന്ദ്ര ബാങ്ക് നയത്തില്‍ ശ്രമം ഉണ്ടാകും. ഉല്‍പ്പന്ന വിലകള്‍ വര്‍ധിക്കുന്നതും ബോണ്ട് നിരക്കുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 6.05 ശതമാനത്തില്‍ നിന്നും 6.87 ശതമാനമായി ഉയര്‍ന്നതും ബജറ്റില്‍ മൂലധന പദ്ധതികള്‍ക്ക് നിക്ഷേപം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവും കേന്ദ്ര ബാങ്കിനെ നിലവിലുള്ള റിപ്പോ നിരക്ക് നിലനിര്‍ത്താനുള്ള തീരുമാനത്തിന് പ്രേരിപ്പിച്ചേക്കുമെന്നുമാണ് കരുതുന്നത്.


Tags:    

Similar News