ആറു മാസത്തെ ശമ്പളം ഉറപ്പ്, നാട്ടിലേക്ക് പോകാന്‍ വിമാന ടിക്കറ്റ്; സൗദിയില്‍ പുതിയ തൊഴില്‍ ഇന്‍ഷുറന്‍സ്

പരമാവധി ആനുകൂല്യം നാലു ലക്ഷം രൂപ വരെ

Update:2024-10-10 21:07 IST

PRIVATIZATION

വിദേശികള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന പുതിയ തൊഴില്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് സൗദി അറേബ്യയില്‍ തുടക്കമായി. കമ്പനി ശമ്പളം നല്‍കിയില്ലെങ്കില്‍ തൊഴിലാളിക്ക് കുറഞ്ഞത് ആറ് മാസത്തെ ശമ്പളം ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതി. തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചു പോകാന്‍ വിമാനടിക്കറ്റ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളുമുണ്ടാകും. സൗദി അറേബ്യന്‍ മാനവ വിഭവശേഷി വകുപ്പ് നടപ്പാക്കുന്ന പുതിയ പദ്ധതി, തൊഴില്‍ തര്‍ക്കങ്ങളില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതാകും. സാമ്പത്തിക പ്രതിസന്ധിയുള്ള കമ്പനികള്‍ക്ക് തൊഴിലാളികളുടെ ആനുകൂല്യം ഉറപ്പാക്കാനും പുതിയ പദ്ധതി സഹായകമാകും.

പരമാവധി ആനുകൂല്യം നാലു ലക്ഷം രൂപ വരെ

തൊഴില്‍ പ്രതിസന്ധിയിലാകുന്ന തൊഴിലാളിക്ക് ആറു മാസത്തെ ശമ്പളം വരെ ഇന്‍ഷുറന്‍സ് ആനുകൂല്യമായി ലഭിക്കും. പരമാവധി 17.500 റിയാൽ (നാലു ലക്ഷത്തോളം രൂപ) വരെയാണ് ഈ ആനൂകൂല്യം ലഭിക്കുക. കമ്പനിയിലെ എല്ലാ തൊഴിലാളികള്‍ക്കും ഈ ആനൂകൂല്യം നല്‍കേണ്ടി വരുന്ന സാഹചര്യത്തില്‍ മൊത്തം ഇന്‍ഷുറന്‍സ് കവറേജ് തുകക്ക് ഉള്ളില്‍ വരുന്ന സംഖ്യയാണ് ആനൂകൂല്യമായി നല്‍കുക. ഇതിന് പുറമെ തൊഴിലാളിക്ക് നാട്ടിലെത്താന്‍ വിമാനടിക്കറ്റും ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. ഈ പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് സ്വന്തം നിലയിലോ കമ്പനി മുഖേനയോ ചേരാവുന്നതാണ്. രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒക്ടോബര്‍ ആറ് മുതല്‍ ഈ പോളിസികള്‍ നല്‍കി വരുന്നുണ്ട്.

ലക്ഷ്യം തൊഴില്‍ സംരക്ഷണം

വിദേശ രാജ്യങ്ങളില്‍ നിന്ന് വിദഗ്ധ  തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ സൗദി തൊഴില്‍ മേഖലയിലേക്ക് ധാരാളമായി എത്തുന്നുണ്ടെന്നും അവരുടെ സംരക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും സൗദി അറേബ്യന്‍ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. വിവിധ കാരണങ്ങള്‍ കൊണ്ട് ശമ്പളം കിട്ടാതെ വരുന്ന തൊഴിലാളികള്‍ ഉണ്ടാകും. അവര്‍ക്ക് ഈ പദ്ധതി ആശ്വാസം നല്‍കും. സാമ്പത്തിക പ്രതിസന്ധിയുള്ള കമ്പനികള്‍ക്ക് തൊഴിലാളികളെ മാന്യമായ രീതിയില്‍ പിരിച്ചു വിടുന്നതിനും ഇന്‍ഷുറന്‍സ് പരിരക്ഷ സഹായിക്കും. അതേസമയം, പ്രത്യേക കാരണങ്ങള്‍ ഇല്ലാതെ തൊഴിലാളികളുടെ ശമ്പളം തടഞ്ഞുവെക്കുന്ന കമ്പനികള്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News