കേരള ബാങ്കുകള്‍ക്ക് നിക്ഷേപത്തിലും വായ്പയിലും മുന്നേറ്റം, കാസ മെച്ചപ്പെടുത്തി ഫെഡറല്‍ ബാങ്ക്, എസ്.ഐ.ബിക്ക് 13% വായ്പ വളര്‍ച്ച
സ്വര്‍ണ വായ്പയില്‍ സി.എസ്.ബിക്കും ധനലക്ഷ്മി ബാങ്കിനും മുന്നേറ്റം; ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനും മികച്ച വളര്‍ച്ച
കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കുകള്‍ക്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) മൊത്തം വായ്പകളിലും നിക്ഷേപങ്ങളിലും മികച്ച വളര്‍ച്ച. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് ബാങ്കുകള്‍ സമര്‍പ്പിച്ച പ്രാഥമിക ബിസിനസ് കണക്കുകള്‍ പ്രകാരം ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കാണ് നിക്ഷേപത്തിലും വായ്പയിലും കൂടുതൽ മികച്ച വളര്‍ച്ച കാഴ്ചവച്ചത്.
ഫെഡറല്‍ ബാങ്കിന്റെ മൊത്തം നിക്ഷേപം മുന്‍ വര്‍ഷത്തെ സമാന പാദത്തിലെ 2.32 ലക്ഷം കോടി രൂപയില്‍ നിന്ന് 15.6 ശതമാനം ഉയര്‍ന്ന് 2.69 ലക്ഷം രൂപയിലെത്തി.
മൊത്തം വായ്പകള്‍ 193.3 ശതമാനം വര്‍ധനയോടെ 2.33 ലക്ഷം കോടി രൂപയുമായി. മുന്‍ വര്‍ഷം സമാനപാദത്തിലിത് 1.95 ലക്ഷം കോടി രൂപയായിരുന്നു. ബാങ്കിന്റെ റീറ്റെയ്ല്‍ വായ്പകള്‍ ഇക്കാലയളവില്‍ 23 ശതമാനവും ഹോള്‍സെയില്‍ വായ്പകള്‍ 13 ശതമാനവും വര്‍ധിച്ചു. റീറ്റെയില്‍ ഹോള്‍സെയില്‍ വായ്പാ അനുപാതം 57.43 ശതമാനമാണ്.
കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (CASA) നിക്ഷേപം 72,589 കോടി രൂപയില്‍ നിന്ന് 80,923 കോടി രൂപയായി. അതേസമയം, കാസ അനുപാതം 31.17 ശതമാനത്തില്‍ നിന്ന് 30.7 ശതമാനമായി കുറഞ്ഞു. ജൂണ്‍ പാദത്തിലെ 29.27 ശതമാനവുമായി നോക്കുമ്പോള്‍ ഇത് മെച്ചപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 13.07% വായ്പ വളര്‍ച്ച
തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 13.07 ശതമാനം വളര്‍ച്ചയാണ് മൊത്തം വായ്പകളില്‍ നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 74,947 കോടി രൂപയില്‍ നിന്ന് വായ്പകള്‍ 84,741 കോടി രൂപയായി.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊത്തം നിക്ഷേപം 97,805 കോടി രൂപയില്‍ നിന്ന് 1.05 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 8.62 ശതമാനമാണ് വര്‍ധന. ബാങ്കിന്റെ മൊത്തം ബിസിനസ് മുന്‍വര്‍ഷത്തെ 1.72 ലക്ഷം കോടിയില്‍ നിന്ന് 1.90 കോടി രൂപയായി മെച്ചപ്പെട്ടു. കറന്റ് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപം 7.98 ശതമാനം വര്‍ധിച്ച് 35,583 കോടി രൂപയായി. മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 31,100 കോടി രൂപയായിരുന്നു.
അതേസമയം, ബാങ്കിന്റെ കാസാ അനുപാതം (CASA Ratio) 0.18 ശതമാനം കുറഞ്ഞു. 32.03 ശതമാനത്തില്‍ നിന്ന് 31.85 ശതമാനമായി. കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ഇത് 32.08 ശതമാനമായിരുന്നു.
സ്വര്‍ണ തിളക്കത്തില്‍ സി.എസ്.ബി
തൃശൂര്‍ ആസ്ഥാനമായ മറ്റൊരു സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്കിന് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ മൊത്തം വായ്പകളില്‍ 19.59 ശതമാനം വളര്‍ച്ച നേടാനായതായി ബാങ്കിന്റെ പ്രാഥമിക ബിസിനസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 22,468 കോടി രൂപയില്‍ നിന്ന് 26,871 കോടി രൂപയായാണ് വര്‍ധന. ബാങ്കിന്റെ മൊത്തം നിക്ഷേപം ഇക്കാലയളവില്‍ 25,439 കോടി രൂപയില്‍ നിന്ന് 25.17 ശതമാനം ഉയര്‍ന്ന് 31,841 കോടി രൂപയായി.
കറന്റ് സേവിംഗ്‌സ് അക്കൗണ്ടുകളില്‍ അത്ര ആകര്‍ഷകമായ വളര്‍ച്ച നേടാന്‍ ബാങ്കിന് സാധിച്ചില്ല. മുന്‍ വര്‍ഷത്തെ 7,448 കോടി രൂപയില്‍ നിന്ന് 2.98 ശതമാനം വര്‍ധിച്ച് 7,670 കോടി രൂപയായി. ടേം ഡെപ്പോസിറ്റുകളില്‍ 34.35 ശതമാനം വളര്‍ച്ചയുണ്ട്. ഇത് 17,991 കോടി രൂപയില്‍ നിന്ന് 24,171 കോടി രൂപയായി. അതേസമയം, സ്വര്‍ണ വായ്പകളില്‍ ബാങ്ക് വലിയ വളര്‍ച്ച കാഴ്ചവച്ചു. മുന്‍ വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തിലെ 9,402 കോടി രൂപയില്‍ നിന്ന് 27.69 ശതമാനം വര്‍ധനയോടെ 12,005 കോടി രൂപയായി.
കാസ മെച്ചപ്പെടുത്തി ധനലക്ഷ്മി ബാങ്ക്
ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ധനലക്ഷ്മി ബാങ്കിന്റെ മൊത്തം ബിസിനസ് 6.30 ശതമാനം വളര്‍ച്ച നേടി. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 24,128 കോടി രൂപയില്‍ നിന്ന് 25,649 കോടി രൂപയായാണ് വര്‍ധന. ബാങ്കിന്റെ നിക്ഷേപം ഇക്കാലയളവില്‍ 5.89 ശതമാനം വര്‍ധിച്ച് 14,631 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തിലിത് 13,817 കോടി രൂപയായിരുന്നു.
കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (CASA) നിക്ഷേപത്തില്‍ 7.97 ശതമാനം വളര്‍ച്ച നേടാന്‍ ബാങ്കിന് സാധിച്ചു.
മൊത്തം വായ്പകള്‍ മുന്‍ വര്‍ഷത്തെ 10,311 കോടി രൂപയില്‍ നിന്ന് 6.86 ശതമാനം വര്‍ധിച്ച് 11,018 കോടി രൂപയായി. സ്വര്‍ണ വായ്പകളില്‍ 29.93 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചതായി ബാങ്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി. 2,596 കോടി രൂപയില്‍ നിന്ന് 3,373 കോടി രൂപയായാണ് സ്വര്‍ണ വായ്പകള്‍ വര്‍ധിച്ചത്.
ഇസാഫിന് 89.41 ലക്ഷം ഇടപാടുകാര്‍
തൃശൂര്‍ ആസ്ഥാനമായ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഇസാഫ് ബാങ്ക് നടപ്പു വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തില്‍ മൊത്തം വായ്പകളില്‍ 24.09 ശതമാനം വര്‍ധന നേടി. 15,123 കോടി രൂപയില്‍ നിന്ന് 18,767 കോടി രൂപയായി.
ചെറുകിട വായ്പകള്‍ 10,497 കോടി രൂപയില്‍ നിന്ന് 11,541 കോടി രൂപയായി. 10.13 ശതമാനമാണ് വളര്‍ച്ച. ഇക്കാലയളവില്‍ സ്വര്‍ണ വായ്പകള്‍ 23,48 കോടി രൂപയില്‍ നിന്ന് 59.33 ശതമാനം വര്‍ധനയോടെ 3,741 കോടി രൂപയായി. റീറ്റെയില്‍ വായ്പകളും മറ്റ് വായ്പകളും 51.78 ശതമാനം ഉയര്‍ന്നു. 2,296 കോടി രൂപയില്‍ നിന്ന് 3,485 കോടി രൂപയായാണ് ഇവയുടെ ഉയര്‍ച്ച.
ബാങ്കിന്റെ മൊത്തം നിക്ഷേപം 24.69 ശതമാനം ഉയര്‍ന്ന് 21,717 കോടി രൂപയായി. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 17,416 കോടി രൂപയില്‍ നിന്നാണ് വര്‍ധന. ടേം വായ്പകള്‍ 14,273 കോടി രൂപയില്‍ നിന്ന് 14.88 ശതമാനം വര്‍ധിച്ച് 16,398 കോടി രൂപയുമായി. കറന്റ് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപം 69.25 ശതമാനം ഉയര്‍ന്ന് 5,319 കോടി രൂപയായി. കാസ അനുപാതവും ബാങ്കിന് മെച്ചപ്പെടുത്താന്‍ സാധിച്ചു. 18.04 ശതമാനത്തില്‍ നിന്ന് കാസ അനുപാതം 24.49 ശതമാനമായി. ബാങ്കിന്റെ മൊത്തം ഇടപാടുകാരുടെ എണ്ണം 89.41 ലക്ഷമായി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 5.68 ലക്ഷം ഇടപാടുകാരെ ബാങ്കിന് ലഭിച്ചു. സെപ്റ്റംബര്‍ പാദത്തിലെ കണക്കു പ്രകാരം 756 ശാഖകളും 646 എ.ടി.എമ്മുകളും ഇസാഫ് ബാങ്കിനുണ്ട്.