എസ്.ബി.ഐ 600 പുതിയ ബ്രാഞ്ചുകള്‍ തുടങ്ങും; എം.എസ്.എം.ഇ വായ്പാ പരിധി കൂട്ടും

ജാമ്യ വ്യവസ്ഥകള്‍ ലളിതമാക്കുമെന്ന് എസ്.ബി.ഐ ചെയര്‍മാന്‍

Update:2024-10-14 19:57 IST

loans.sbi

ബാങ്കിംഗ് മേഖലയിലെ സാന്നിധ്യം ശക്തമാക്കുന്നതിന് 600 പുതിയ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ എസ്.ബി.ഒ ഒരുങ്ങുന്നു. എം.എസ്.എം.ഇ സെക്ടറില്‍ നിലവിലുള്ള അഞ്ചു കോടിയുടെ വായ്പാ പരിധി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക വേഗത്തില്‍ വായ്പയായി ലഭിക്കുന്നതിനുള്ള നടപടികളാണ് ബാങ്ക് സ്വീകരിക്കുന്നതെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ സി.എസ്. ഷെട്ടി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എം.എസ്.എം.ഇ സഹജ് വായ്പാ പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അഞ്ചു കോടി രൂപയാണ് വായ്പയായി നല്‍കുന്നത്. ഈ പരിധി വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. പാന്‍ കാര്‍ഡും ജി.എസ്.ടി ഡാറ്റാ സോഴ്‌സിംഗ് അനുമതിയും നല്‍കിയാല്‍ 45 മിനിട്ടിനുള്ളില്‍ വായ്പ അനുവദിക്കും. വായ്പക്കുള്ള ജാമ്യ വ്യവസ്ഥകള്‍ ലളിതമാക്കിയതായും സി.എസ് ഷെട്ടി വ്യക്തമാക്കി.

ആറ് മാസത്തിനുള്ളില്‍ 600 ബ്രാഞ്ചുകള്‍

ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 600 പുതിയ ബ്രാഞ്ചുകള്‍ തുടങ്ങും. മാര്‍ച്ച് മാസം വരെ എസ്.ബി.ഐക്ക് 22,542 ബ്രാഞ്ചുകളുണ്ട്. വളര്‍ന്നു വരുന്ന പല പ്രദേശങ്ങളിലും ഇപ്പോള്‍ ബാങ്കിന് ബ്രാഞ്ചുകളില്ല. ഇത് പരിഹരിക്കാന്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ 600 പുതിയ ബ്രാഞ്ചുകള്‍ തുടങ്ങും. രാജ്യത്തെ 65,000 എ.ടി.എമ്മുകളിലൂടെ ഇടപാടുകാരില്‍ ബാങ്കിന്റെ സേവനമെത്തുന്നുണ്ടെന്നും സി.എസ് ഷെട്ടി പറഞ്ഞു. 50 കോടി ഇടപാടുകാരാണ് എസ്.ബി.ഐക്കുള്ളത്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബാങ്കായി എസ്.ബി.ഐയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഇടപാടുകാര്‍, നിക്ഷേപകര്‍ എന്നിവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ഷെട്ടി പറഞ്ഞു.

Tags:    

Similar News