എസ്ബിഐ അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കുക, ഇക്കാര്യം ചെയ്തില്ലെങ്കില്‍ സേവനങ്ങള്‍ തടസ്സപ്പെടും
അക്കൗണ്ടുമായി രേഖകള്‍ ബന്ധിപ്പിക്കാനുള്ള കാലാവധി ഈ മാസം അവസാനം വരെ. വീണ്ടും ഓര്‍മപ്പെടുത്തി ബാങ്ക്.
രാജ്യത്തെ ബാങ്കുകള്‍ വിവിധ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കലും ചെക്ക് ഇഷ്യു ചെയ്യലും കെ വൈ സി പുതുക്കലുമുള്‍പ്പെടെ വിവിധ കാര്യങ്ങളില്‍ ഇക്കഴിഞ്ഞ മൂന്നു മാസമായി അപ്‌ഡേറ്റുകള്‍ നടത്തുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവരുടെ ബാങ്കിംഗ് സേവനങ്ങളുടെ ഏറ്റവും സുപ്രധാനമായ അറിയിപ്പുമായി എത്തിയിട്ടുണ്ട്.
ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് കഴിഞ്ഞ മാസം പുറത്തുവിട്ട അറിയിപ്പ് വീണ്ടും ഉപഭോക്താക്കളെ എസ്ബിഐ ഓര്‍മിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 30നകെ പാന്‍- ആധാര്‍ എന്നിവ തമ്മില്‍ ലിങ്ക് ചെയ്തിരിക്കണം. ഇല്ലെങ്കില്‍ സേവനങ്ങള്‍ തടസ്സപ്പെടുമെന്നതാണ് ബാങ്കിന്റെ അറിയിപ്പ്. ആധാര്‍, പാന്‍ എന്നിവ ബാങ്ക് അക്കൗണ്ടുമായും ഉപഭോക്താക്കള്‍ ലിങ്ക് ചെയ്തിരിക്കണം.
'ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാതിരിക്കാനും തടസ്സമില്ലാത്ത ബാങ്കിംഗ് സേവനം അവര്‍ക്ക് ആസ്വദിക്കാനും പാന്‍- ആധാര്‍ എന്നിവയുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ ഉപഭോക്താക്കളെ ഉപദേശിക്കുന്നു,' എസ്ബിഐ ട്വീറ്റില്‍ പറഞ്ഞു.
പാനും ആധാറും ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, പാന്‍ നിഷ്‌ക്രിയമാവുകയും നിര്‍ദ്ദിഷ്ട ഇടപാടുകള്‍ നടത്താനാകാതെ ഇരിക്കുകയും ചെയ്യും. പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 30 ആണ്. ആസാം , മേഘാലയ, യൂണിയന് ടെറിറ്ററി ഓഫ് ജമ്മു ആന്‍ഡ് കാശ്മീര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് മാത്രമായിരിക്കും ഇക്കാര്യത്തില്‍ ഇളവുണ്ടാകുകയെന്നും ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടി നല്‍കിയിട്ടുണ്ട് ബാങ്ക്.
പാന്‍ അനുവദിച്ചിട്ടുള്ള, ആധാര്‍ നമ്പര്‍ ലഭിക്കാന്‍ അര്‍ഹതയുള്ള ഓരോ വ്യക്തിയും തന്റെ ആധാര്‍ നമ്പര്‍ പാനുമായി ലിങ്ക് ചെയ്തിരിക്കണം. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എഎ യിലേക്ക് ചേര്‍ക്കപ്പെട്ട നിയമപ്രകാരം ഇന്ത്യന്‍ പൗരത്വമുള്ള നികുതി ദാതാക്കള്‍ ആധാര്‍ നമ്പര്‍ ആദായ നികുതി അധികാരികള്‍ക്ക് അറിയിക്കേണ്ടതുണ്ട്.