പുതുവത്സരത്തില്‍ കൈനിറയെ സമ്പാദിക്കാം; സ്ഥിര നിക്ഷേപ പലിശ നിരക്ക് കൂട്ടി എസ്.ബി.ഐ

പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു

Update:2023-12-27 17:36 IST

Image courtesy: dhanam file

ഉപയോക്താക്കള്‍ക്ക് പുതുവത്സര സമ്മാനവുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്.ബി.ഐ. കൈനിറയെ സമ്പാദിക്കാന്‍ വിവിധ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. രണ്ടു കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

നിരക്കുകള്‍ ഇങ്ങനെ

ഏഴുദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ അരശതമാനത്തിന്റെ വര്‍ധനയാണുള്ളത്. നിലവിലെ മൂന്ന് ശതമാനത്തില്‍ നിന്ന് ഇത് 3.5 ശതമാനമായി വര്‍ധിച്ചു. 46 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ 25 ബേസിക് പോയിന്റിന്റെ വര്‍ധന വരുത്തി. 4.75 ശതമാനമാണ് പുതിയ പലിശനിരക്ക്. 180 ദിവസം മുതല്‍ 210 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ അരശതമാനത്തിന്റെ വര്‍ധനയുണ്ട്. 5.25 ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായി.

211 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക് ആറു ശതമാനമാണ്. മുമ്പ് ഇത് 5.75 ശതമാനമായിരുന്നു. മൂന്ന് വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.75 ശതമാനമായി. മൂന്ന് വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക് 6.75 ശതമാനമാണ്. അതേസമയം മറ്റ് സ്ഥിരനിക്ഷേപങ്ങളുടെ നിരക്കില്‍ മാറ്റമില്ല.

മുതിര്‍ന്നവരുടെ പലിശനിരക്ക്

എസ്.ബി.ഐ സ്ഥിര നിക്ഷേപങ്ങളില്‍ മുതിര്‍ന്നവരുടെ പലിശനിരക്കിലും മാറ്റമുണ്ട്. മുതിര്‍ന്നവര്‍ക്കായി ഏഴുദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് 4 ശതമാനമായി ഉയര്‍ത്തി. 46 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് ഇപ്പോള്‍ 5.25 ശതമാനവും. 180 ദിവസം മുതല്‍ 210 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 6.25 ശതമാനമായി വര്‍ധിപ്പിച്ചു.

211 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക് 6.50 ശതമാനമാണ്. മൂന്ന് വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 7.25 ശതമാനമായി. മറ്റ് സ്ഥിരനിക്ഷേപങ്ങളുടെ നിരക്കില്‍ മാറ്റമില്ല. ഇതിന് പുറമേ മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതിയായ അമൃത് കലശിന് ഇനി 7.60 ശതമാനം വരെ പലിശ ലഭിക്കും. അമൃത് കലശ് പദ്ധതിയില്‍ ചേരുന്നതിനുള്ള സമയപരിധി 2024 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.


Tags:    

Similar News