വായ്പാ പലിശനിരക്ക് കൂട്ടി എസ്.ബി.ഐ; പുതിയനിരക്ക് നിലവില്‍ വന്നു

വായ്പകളുടെ ബേസ് റേറ്റും എസ്.ബി.ഐ വര്‍ധിപ്പിച്ചു

Update:2023-12-15 13:19 IST

വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (MCLR) ഇന്ന് പ്രാബല്യത്തില്‍ വന്നവിധം 0.10 ശതമാനം വരെ വര്‍ധിപ്പിച്ചു. പഴയ മാനദണ്ഡങ്ങളിലൊന്നായ ബേസ് റേറ്റും കൂട്ടിയിട്ടുണ്ട്. 10.10 ശതമാനത്തില്‍ നിന്ന് 10.25 ശതമാനത്തിലേക്കാണ് വര്‍ധിപ്പിച്ചത്. അതായത്, എസ്.ബി.ഐയിലെ എം.സി.എല്‍.ആര്‍, ബേസ് റേറ്റ് എന്നിവ അടിസ്ഥാനമായുള്ള വായ്പകളുടെ പലിശനിരക്കാണ് ഇന്നുമുതല്‍ കൂടുക.

പുതുക്കിയ എം.സി.എല്‍.ആര്‍
ഒറ്റനാള്‍ (Overnight) കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ എട്ട് ശതമാനത്തില്‍ തുടരും. ഒരുമാസ, മൂന്നുമാസ കാലാവധിയുള്ള വായ്പകളുടേത് 8.15 ശതമാനത്തില്‍ നിന്ന് 8.2 ശതമാനത്തിലേക്കും ആറുമാസ കാലാവധിയുള്ള വായ്പകളുടേത് 8.45 ശതമാനത്തില്‍ നിന്ന് 8.55 ശതമാനത്തിലേക്കും ഉയര്‍ത്തി.
ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍ 8.65 ശതമാനമാണ്. നേരത്തേ ഇത് 8.55 ശതമാനമായിരുന്നു. രണ്ടുവര്‍ഷ കാലാവധിയുള്ള വായ്പകളുടേത് 8.65 ശതമാനത്തില്‍ നിന്ന് 8.75 ശതമാനത്തിലേക്കും മൂന്നുവര്‍ഷ കാലാവധിയുള്ളവയുടേത് 8.75ല്‍ നിന്ന് 8.85 ശതമാനത്തിലേക്കും കൂട്ടി.
Tags:    

Similar News