അടിസ്ഥാന പലിശ നിരക്കുകള്‍ ഉയര്‍ത്തി എസ്ബിഐ, മറ്റു ബാങ്കുകളും കൂട്ടുമോ?

10 ബേസിസ് പോയ്ന്റ് വര്‍ധന, വായ്പ എടുത്തവര്‍ക്ക് ബാധ്യത കൂടും.

Update:2021-12-17 14:24 IST

അടിസ്ഥാന പലിശ നിരക്കുകള്‍ 10 ബിപിഎസിലേക്ക് ഉയര്‍ത്തി എസ്ബിഐ. റിസര്‍വ് ബാങ്ക് അധികം വൈകാതെ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് പലിശ ഉയര്‍ത്തിയതോടെ വായ്പയെടുത്തവരെല്ലാം ആശങ്കയിലാണ്. മറ്റ് ബാങ്കുകളും പലിശ വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിരനിക്ഷേപമുള്ളവര്‍ക്ക് അനുകൂലമായ ഘടകമാണെങ്കിലും വായ്പയെടുത്തവര്‍ പ്രതിസന്ധി നേരിടും.

അടിസ്ഥാന നിരക്കുകളില്‍ വര്‍ധന ഉണ്ടാവുന്നത് ഭവന വായ്പയും വ്യക്തിഗത വായ്പയും ഉള്‍പ്പെടെ വിവിധ വായ്പകളിലെ പലിശ നിരക്കുകളിലെല്ലാം വര്‍ധനയുണ്ടാകും എന്നതിന്റെ സൂചനയാണ്. അതായത് പലിശനിരക്കുകള്‍ കുറഞ്ഞു വന്നിരുന്ന ട്രെന്‍ഡ് അവസാനിക്കുന്നുവെന്ന് വ്യക്തം.
അടിസ്ഥാന പലിശ വിഭാഗത്തിലെ 10 ബേസിസ് പോയ്ന്റ് ആണ് എസ്ബിഐ വര്‍ധിപ്പിച്ചിരിക്കുന്നത്. മറ്റ് ബാങ്കുകള്‍ നിരക്ക് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രണ്ടു പതിറ്റാണ്ടിലേറെ ഏറ്റവും കുറഞ്ഞ പലിശയാണ് ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ വായ്പയെടുത്തവര്‍ക്ക് ഇത് ഏറെ ഉപകാരപ്പെടുകയും ചെയ്തിരുന്നു. ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഭവനവായ്പയ്ക്കും മറ്റും എസ്ബിഐ ഉള്‍പ്പെടെ വിവിധല ബാങ്കുകള്‍ നല്‍കി വരുന്നത്. ഉത്സവകാല ഓഫര്‍ ആയി നിരക്കു കുറച്ചതാണെന്ന് നേരത്തെ ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുമുണ്ടായിരുന്നു. അതിനാല്‍ തന്നെ കുറഞ്ഞ നിരക്കുകള്‍ ഇനി ഉയരും.
ഡിസംബര്‍ ആദ്യവാരം 65 ലേക്ക് താഴ്ന്ന ക്രൂഡോയില്‍ വില ഇപ്പോള്‍ വീണ്ടും 72 ലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആഗോളവിപണിയില്‍ ഇന്ധന ഉപഭോഗം കൂടുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതും. ഒമിക്രോണ്‍ വകഭേദം കാര്യമായ പ്രത്യാഘാതം ഉണ്ടാക്കാതിരിക്കുകയും മൊത്തവില സൂചികയില്‍ രണ്ടക്ക വര്‍ധന ഉണ്ടാവുകയും അതുവഴി ഉപഭോക്തൃ വില സൂചികയില്‍ മാറ്റമുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന ഇപ്പോഴത്തെ കണക്കുകൂട്ടല്‍ ശരിയാകാനും സാധ്യത ഉള്ളതായി വിദഗ്ധ റിപ്പോര്‍ട്ടുകള്‍.


Tags:    

Similar News