Representational Image by Canva 
Banking, Finance & Insurance

വായ്പ തിരിച്ചടവ് കുടിശികയായോ? എസ്.ബി.ഐ ചോക്ലേറ്റുമായി വീട്ടിലെത്തും

റിമൈന്‍ഡര്‍ കോളുകള്‍ക്ക് മറുപടി നല്‍കാത്ത വ്യക്തികള്‍ തിരിച്ചടവില്‍ വീഴ്ചവരുത്തിയേക്കാമെന്നാണ് ബാങ്ക് കരുതുന്നത്

Dhanam News Desk

വായ്പാ തിരിച്ചടവ് മുടക്കുന്നവരെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ വ്യത്യസ്ത തന്ത്രവുമായി എത്തുകയാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

വായ്പാ കുടിശിക വരുത്താന്‍ സാധ്യതയുള്ള വ്യക്തികളെ ഒരുപെട്ടി ചോക്ലേറ്റുമായി സമീപിച്ച് തിരിച്ചടവിനെ കുറിച്ച് ഓര്‍മിപ്പിക്കുകയാണ് 'എസ്.ബി.ഐ ചോക്ലേറ്റ് എക്‌സ്പിരിമെന്റ്' എന്ന മാതൃകാ പദ്ധതി. ബാങ്കില്‍ നിന്നുള്ള റിമൈന്‍ഡ് കോളിന് മറുപടി നല്‍കാത്തവരെയാണ് ഇത്തരത്തില്‍ ചെന്നു കാണുക.

റിമൈന്‍ഡര്‍ കോളുകള്‍ക്ക് മറുപടി നല്‍കാത്ത വ്യക്തികള്‍ തിരിച്ചടവില്‍ വീഴ്ചവരുത്തിയേക്കാമെന്നാണ് ബാങ്ക് കരുതുന്നത്. അത്തരം വ്യക്തികളുടെ വീടുകളില്‍ ചോക്ലേറ്റ് പെട്ടിയുമായി ബാങ്ക് പ്രതിനിധികള്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തും.

തിരിച്ചടവ് മെച്ചപ്പെടുത്താന്‍

റീറ്റെയ്ല്‍ വായ്പകള്‍ വര്‍ധിക്കുകയും പലിശ നിരക്ക് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ തിരിച്ചടവ് വീഴ്ചയ്ക്കുള്ള സാഹചര്യം ഒഴിവാക്കാനാണ്‌ ഇത്തരമൊരു വേറിട്ട സമീപനം.

എസ്.ബി.ഐയുടെ ചെറുകിട വായ്പകള്‍ ജൂണ്‍ പാദത്തില്‍ 16.46 ശതമാനം വര്‍ധിച്ച് 12,04,279 കോടി രൂപയാണ്. തൊട്ടു മുന്‍ വര്‍ഷം സമാനപാദത്തിലിത് 10,34,111 കോടി രൂപയായിരുന്നു. ഇതോടെ ബാങ്കിന്റെ മൊത്തം വായ്പകളുടെ മുഖ്യപങ്കും റീറ്റെയ്ല്‍ വായ്പകളാണ്. 33,03,371 കോടി രൂപയാണ് ബാങ്കിന്റെ മൊത്തം വായ്പാ ബുക്ക്. വായ്പകളില്‍ 13.9 ശതമാനം വാര്‍ഷിക വളര്‍ച്ചയുമുണ്ടാകുന്നുണ്ട്.

ഫിന്‍ടെക് കമ്പനികളുമായി ചേര്‍ന്ന്

തിരിച്ചടവ് വീഴ്ച വരുത്തുന്ന ഉപയോക്താക്കള്‍ക്കള്‍ക്ക് റിമൈന്‍ഡറുകളയക്കാന്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്ന രണ്ട് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/A.I) ഫിന്‍ടെക് കമ്പനികളുമായി ബാങ്ക് കൈകോര്‍ത്തിട്ടുണ്ട്. ഒരു കമ്പനി കടം വാങ്ങുന്നവരുമായി അനുരഞ്ജനം നടത്തുമ്പോള്‍, മറ്റൊരു കമ്പനി കടം വാങ്ങുന്നയാളുടെ വീഴ്ചയുടെ പ്രവണതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കും.

വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തുന്നവരെ ഫിന്‍ടെക് കമ്പനി നേരിട്ട് ചോക്ലേറ്റ് പെട്ടിയുമായി പോയി കണ്ട് അടുത്ത ഇ.എം.ഐയെ കുറിച്ച് ഓര്‍മപ്പെടുത്തുകയും തിരിച്ചടവ് മുടങ്ങിയാലുള്ള പ്രശ്‌നങ്ങളെ കുറിച്ച് ബോധവത്കരിക്കുകയും ചെയ്യുമെന്ന് എസ്.ബി.ഐ റിസ്ക് മാനേജിംഗ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് അശ്വിനി കുമാര്‍ തിവാരി പറഞ്ഞു.

15 ദിവസം മുന്‍പാണ് പദ്ധതി തുടങ്ങിയത്. നാലഞ്ച് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും വിജയകരമായാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT