ബാങ്ക് തട്ടിപ്പുകള്‍ കൂടുന്നു: റിസര്‍വ് ബാങ്ക്

ആദ്യ ആറുമാസത്തില്‍ 14,483 തട്ടിപ്പ് കേസുകള്‍

Update:2023-12-29 20:55 IST

Image : Canva

ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകള്‍ വര്‍ധിച്ചതായി റിസര്‍വ് ബാങ്ക്. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തില്‍ 14,483 തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,642 കോടി രൂപയാണ് തട്ടിയെടുത്തത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 5,396 കേസുകളിലായി 17,685 കോടി രൂപയാണ് തട്ടിയെടുത്തതെന്ന് 'ട്രെന്‍ഡ് ആന്‍ഡ് പ്രോഗ്രസ് ഓഫ് ബാങ്കിംഗ് ഇന്‍ ഇന്ത്യ 2022-23' റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പുകളുടെ മൂല്യം ആറു വര്‍ഷത്തിനിടയിലെ താഴ്ന്ന നിലയിലാണ്.

അതേസമയം 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തട്ടിപ്പുകളുടെ എണ്ണം ഏകദേശം മൂന്നിരട്ടി വര്‍ധിച്ചു. ഇത്തരം തട്ടിപ്പുകള്‍ കൂടുന്നത് ബാങ്കിംഗ് മേഖലയിലുള്ള ഉപയോക്താക്കളുടെ വിശ്വാസ്യതയെ ബാധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയിലെ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട പണത്തിന്റെ അളവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 85 ശതമാനം കുറഞ്ഞു. ഈ കാലയളവില്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സംബന്ധമായ 12,069 തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്കിന്റെ ഒരു പ്രധാന നിര്‍ദേശം ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങള്‍ ധനസമാഹരണത്തിന് ബാങ്കുകളിന്മേലുള്ള ആശ്രിതത്വം കുറച്ച് കൂടുതല്‍ സ്വയംപര്യാപതമാകണമെന്നതാണ്. ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ 2022-23ലെ ബാലന്‍സ് ഷീറ്റില്‍ 12.2 ശതമാനത്തിന്റെ വര്‍ധനയുണ്ട്. 2023-24ന്റെ ആദ്യ പകുതിയില്‍ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ) അനുപാതം 3.2 ശതമാനമായി കുറഞ്ഞെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.

Tags:    

Similar News