കുത്തനെ ഉയര്‍ന്ന് എസ്‌ഐപി നിക്ഷേപം, മാര്‍ച്ച് മാസം മാത്രം 12,328 കോടി രൂപ

എസ്‌ഐപി നിക്ഷേപങ്ങളിലൂടെ കൃത്യമായ ഇടവേളകളില്‍ പണമെത്തുന്നത് ഇന്ത്യന്‍ വിപണിക്കും കരുത്ത് പകരും

Update:2022-04-18 15:02 IST

പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങള്‍ക്കൊപ്പം എസ്‌ഐപി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും രാജ്യത്ത് പ്രിയമേറുന്നു. 2021 മാര്‍ച്ചില്‍ 9182 കോടിയായിരുന്നു മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപമെങ്കില്‍ 2022 മാര്‍ച്ചില്‍ അത് റെക്കോര്‍ഡ് വര്‍ധനവോടെ 12,328 കോടിയിലെത്തി. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 890 കോടി രൂപയുടെ അധിക നിക്ഷേപമാണ് മാര്‍ച്ചില്‍ ഉണ്ടായത്.

2021 സെപ്റ്റംബറില്‍ 10000 കോടി രൂപ കടന്ന എസ്‌ഐപി നിക്ഷേപം ഫെബ്രുവരി മാസത്തിലൊഴികെ തുടര്‍ച്ചയായി വര്‍ധനവ് രേഖപ്പെടുത്തി. 2022 മാര്‍ച്ച് മാസം കഴിഞ്ഞാല്‍ 2021-22 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ തുക എത്തിയത് ഒക്ടോബറിലാണ്( 10,519 കോടി രൂപ). ഇക്വിറ്റി നിക്ഷേപങ്ങളെക്കുറിച്ച് അവബോധം വര്‍ധിച്ചതും നിക്ഷേപത്തിനുള്ള മികച്ച സൗകര്യങ്ങളും എസ്ഐപി രജിസ്ട്രേഷന്‍ ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍. മറ്റ് അസറ്റ് ക്ലാസുകളില്‍ നിന്നുള്ള റിട്ടേണ്‍ ഇിഞ്ഞതും കൂടുതല്‍ പേരെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലേക്ക് എത്തിച്ചു.

ഇന്ത്യന്‍ ഗാര്‍ഹിക നിക്ഷേപങ്ങളുടെ  ചെറിയൊരു പങ്ക് മാത്രമാണ് ഇപ്പോഴും മ്യൂച്വല്‍ ഫണ്ട് മേഖലയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ എസ്‌ഐപി നിക്ഷേപ തുക ഉയര്‍ന്നുകൊണ്ടേയിരിക്കും എന്നാണ് ഈ മേഖലയില്‍ നിന്നുള്ളവരുടെ  വിലയിരുത്തല്‍. എസ്‌ഐപി നിക്ഷേപങ്ങളിലൂടെ കൃത്യമായ ഇടവേളകളില്‍ പണമെത്തുന്നത് ഇന്ത്യന്‍ വിപണിക്കും കരുത്ത് പകരും. വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുന്ന സമയങ്ങളില്‍ പോലും എസ്‌ഐപി നിക്ഷേപങ്ങള്‍ വലിയൊരു തുക വിപണിയിലേക്ക് എത്തിക്കും.

രാജ്യത്തെ എസ്ഐപി അക്കൗണ്ട് രജിസ്ട്രേഷനിലും വന്‍ വര്‍ധനവാണ് ഉണ്ടായത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2021-22 കാലയളവില്‍ എസ്ഐപി രജിസ്ട്രേഷനുകളുടെ എണ്ണത്തില്‍ 88 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 26.6 മില്യണിലധികം പുതിയ അക്കൗണ്ടുകളാണ് ഇക്കാലയളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ശരാശരി 2 മില്യണ്‍ എസ്ഐപി അക്കൗണ്ടുകളാണ് രാജ്യത്ത് പ്രതിമാസം രജിസ്റ്റര്‍ ചെയ്യുന്നത്.

Tags:    

Similar News