വായ്പാപ്പലിശ കൂട്ടി ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും

വായ്പകളുടെ പ്രതിമാസ തിരിച്ചടവ് വര്‍ധിക്കും

Update: 2024-01-17 06:21 GMT

കേരളത്തില്‍ നിന്നുള്ള പ്രമുഖ ബാങ്കുകളായ സൗത്ത് ഇന്ത്യന്‍ ബാങ്കും ഫെഡറല്‍ ബാങ്കും വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഫോണ്‍ ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റില്‍ (MCLR) മാറ്റം വരുത്തി. ഫെഡറല്‍ ബാങ്കിന്റെ പുതിയ നിരക്കുകള്‍ ജനുവരി 16 മുതല്‍ പ്രാബല്യത്തില്‍ വന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ നിരക്കുകള്‍ ജനുവരി 20 മുതലാണ് പ്രാബല്യത്തില്‍ വരിക. അടിസ്ഥാന നിരക്ക് ഉയര്‍ത്തിയതോടെ എം.സി.എല്‍.ആര്‍ അധിഷ്ഠിതമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവും (EMI) കൂടും.

ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്കിന്റെ പുതിയ നിരക്ക് പ്രകാരം ഒറ്റനാള്‍ വായ്പകളുടെ എം.സി.എല്‍.ആര്‍ 9.35 ശതമാനത്തില്‍ നിന്ന് 9.45 ശതമാനമാക്കി. രണ്ട് മാസക്കാലാവധിയുള്ള വായ്പകളുടേത് 9.40 ശതമാനത്തില്‍ നിന്ന് 9.50 ശതമാനവും മൂന്ന് മാസക്കാലാവധിയുള്ള വായ്പകളുടേത് 9.45 ശതമാനത്തില്‍ നിന്ന് 9.55 ശതമാനവുമാക്കി. ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ പുതിയ നിരക്ക് 9.65 ശതമാനമാണ്. 2023 ഡിസംബറിലിത് 9.55 ശതമാനമായിരുന്നു. ഒരു വര്‍ഷക്കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.60 ശതമാനത്തില്‍ നിന്ന് 9.70 ശതമാനവുമാക്കി.

സൗത്ത് ഇന്ത്യന്‍ ബാങ്ക്

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ നിരക്കു പ്രകാരം ഒറ്റനാള്‍ (Overnight) കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ ഡിസംബറിലെ 9.50 ശതമാനത്തില്‍ നിന്ന് 9.60 ശതമാനമാകും.

ഒരുമാസക്കാലാവധിയുള്ള വായ്പകളുടേത് 9.50 ശതമാനത്തില്‍ നിന്ന് 9.60ലേക്കും മൂന്ന് മാസക്കാലവധിയുള്ള വായ്പകളുടേത് 9.55 ശതമാനത്തില്‍ നിന്ന് 9.65 ശതമാനത്തിലേക്കും ഉയര്‍ത്തി. ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍ 9.70 ശതമാനമാണ്. ഡിസംബറിലിത് 9.65 ശതമാനമായിരുന്നു. ഒരു വര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.80 ശതമാനത്തില്‍ നിന്ന് 9.85 ശതമാനമായി. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എം.സി.എല്‍.ആര്‍ ബാധകം.

ഈ സാമ്പത്തിക വര്‍ഷം തുടര്‍ച്ചയായി എം.സി.എല്‍.ആര്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന നടപടിയാണ് ഇരു ബാങ്കുകളും  സ്വീകരിച്ച് വരുന്നത്. 

എന്താണ് എം.സി.എല്‍.ആര്‍?

ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പയുടെ അടിസ്ഥാന പലിശ നിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് നടപ്പാക്കിയതാണ് എം.സി.എല്‍.ആര്‍. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കില്‍ അധിഷ്ഠിതമാണിത്.

റിപ്പോ നിരക്ക് മാറുന്നതിന് ആനുപാതികമായി എം.സി.എല്‍.ആറിലും മാറ്റം വരും. റിപ്പോയ്ക്ക് പുറമേ വായ്പാ കാലാവധി, ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ്, വായ്പ നല്‍കാന്‍ ബാങ്ക് കണ്ടെത്തുന്ന സ്രോതസുകള്‍ക്ക് നല്‍കേണ്ട പലിശച്ചെലവ്, കരുതല്‍ ധന അനുപാതം (CRR) തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്ക് വായ്പാ പലിശ നിര്‍ണയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തമാണ്.

Tags:    

Similar News