സൗത്ത് ഇന്ത്യന്‍ ബാങ്ക് വീണ്ടും വായ്പാ പലിശനിരക്ക് കൂട്ടി

ഇ.എം.ഐ ഉയരും; ഏപ്രിലിലും മേയിലും ജൂണിലും ബാങ്ക് പലിശ കൂട്ടിയിരുന്നു

Update:2023-07-19 13:14 IST

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (South Indian Bank/SIB) വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് ജൂലൈ 20ന് പ്രാബല്യത്തില്‍ വരുന്നവിധം വീണ്ടും കൂട്ടി. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റാണ് (എം.സി.എല്‍.ആര്‍/MCLR) ഉയർത്തിയത്. കഴിഞ്ഞ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലും ബാങ്ക് എം.സി.എല്‍.ആര്‍ കൂട്ടിയിരുന്നു.

പുതിയ നിരക്കുകള്‍
ഓവര്‍നൈറ്റ് (ഒറ്റദിവസം) കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.95 ശതമാനത്തില്‍ നിന്ന് 9.05 ശതമാനത്തിലേക്കും ഒരുമാസ കാലാവധിയുള്ളവയുടേത് 9 ശതമാനത്തില്‍ നിന്ന് 9.10 ശതമാനത്തിലേക്കുമാണ് കൂട്ടിയത്.
മൂന്ന് മാസക്കാലാവധിയുള്ള വായ്പകളുടെ പുതിയനിരക്ക് 9.15 ശതമാനമാണ്. നേരത്തേ 9.10 ശതമാനമായിരുന്നു. ജൂണില്‍ മാറ്റമില്ലാതെ 9.20 ശതമാനത്തില്‍ നിലനിറുത്തിയ ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ നാളെ മുതല്‍ 9.25 ശതമാനമാകും. ഒരു വര്‍ഷ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 9.50 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുമെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ബാങ്ക് വ്യക്തമാക്കി.
ഏപ്രിലിന് മുമ്പ് 8.70 ശതമാനമായിരുന്ന ഓവര്‍നൈറ്റ് എം.സി.എല്‍.ആറാണ് കഴിഞ്ഞ നാല് തവണയായുള്ള വര്‍ദ്ധനയിലൂടെ 9.05 ശതമാനമായത്. ഒരുമാസത്തേത് 8.75ല്‍ നിന്ന് 9.10 ശതമാനമായി. ഒരു വര്‍ഷത്തേ
ത്
 9.45ല്‍ നിന്നാണ് 9.50 ശതമാനമായത്.
ഏതൊക്കെ വായ്പകളെ ബാധിക്കും?
സ്വര്‍ണപ്പണയം, ബിസിനസ് വായ്പകള്‍, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ തുടങ്ങിയവയുടെ പലിശനിരക്കാണ് ഉയരുക. വായ്പകളുടെ അടിസ്ഥാന പലിശനിരക്കാണ് എം.സി.എല്‍.ആര്‍. ഈ നിരക്കിനേക്കാള്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല.
എന്താണ് എം.സി.എല്‍.ആര്‍?
ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ചതാണ് എം.സി.എല്‍.ആര്‍. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കില്‍ അധിഷ്ഠിതമാണ് എം.സി.എല്‍.ആര്‍. റിപ്പോ മാറുന്നതിന് ആനുപാതികമായി ഇതിലും മാറ്റം വരും.
ഇതിന് പുറമേ വായ്പാത്തുക, തിരിച്ചടവ് കാലാവധി, വായ്പയിന്മേല്‍ ബാങ്കിനുണ്ടാകുന്ന പ്രവര്‍ത്തനച്ചെലവ് തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്കുകള്‍ എം.സി.എല്‍.ആര്‍ നിശ്ചയിക്കുന്നത്.
ഓഹരി വിലയില്‍ മാറ്റമില്ല
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വിലയില്‍ മാറ്റമില്ലാതെയാണ് വ്യാപാരം പുരോഗമിക്കുന്നത്. 22.72 രൂപയാണ് നിലവില്‍ ബി.എസ്.ഇയില്‍ ഓഹരി വില.
Tags:    

Similar News