സൗത്ത് ഇന്ത്യന്‍ ബാങ്ക്: പാദാധിഷ്ഠിത ലാഭം 39% കുറഞ്ഞു; ഓഹരി 7.4% ഇടിഞ്ഞു

വാര്‍ഷികാടിസ്ഥാനത്തില്‍ ലാഭത്തില്‍ 75.42% കുതിപ്പ്; കിട്ടാക്കടവും കുറയുന്നു

Update:2023-07-20 20:30 IST

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (South Indian Bank) നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 202.35 കോടി രൂപയുടെ ലാഭം (Net Profit) രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ (2022-23) സമാനപാദത്തിലെ (YoY) 115.35 കോടി രൂപയേക്കാള്‍ 75.42 ശതമാനം അധികവും ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ (QoQ) 333.89 കോടി രൂപയേക്കാള്‍ 39.40 ശതമാനം കുറവുമാണിത്.

ഇന്ന് ഓഹരി വിപണിയില്‍ അവസാന വ്യാപാര സെഷന്‍ പുരോഗമിക്കവേയാണ് ബാങ്ക് ആദ്യപാദ ഫലം പുറത്തുവിട്ടത്. അതോടെ, നിഫ്റ്റിയില്‍ 7.46 ശതമാനം ഇടിഞ്ഞ് 21.1 രൂപയിലാണ് ബാങ്കിന്റെ ഓഹരി വിലയുള്ളത്. പാദാധിഷ്ഠിത ലാഭം ഇടിഞ്ഞതാണ് ഓഹരികളെ വലച്ച മുഖ്യഘടകം.
പ്രവര്‍ത്തന ലാഭം (Operating Profit) പാദാടിസ്ഥാനത്തില്‍ 561.55 കോടി രൂപയില്‍ നിന്ന് 13 ശതമാനം ഇടിഞ്ഞ് 490.24 കോടി രൂപയായി കുറഞ്ഞു. എന്നാല്‍, വാര്‍ഷികാടിസ്ഥാനത്തില്‍ 316.82 കോടി രൂപയില്‍ നിന്ന് 54.74 ശതമാനം ഉയര്‍ന്നു. മൊത്ത വരുമാനം (Total Income) മാര്‍ച്ച് പാദത്തിലെ 2,318.33 കോടി രൂപയില്‍ നിന്ന് 2,386.35 കോടി രൂപയായി മെച്ചപ്പെട്ടു. 2022-23ലെ ജൂണ്‍പാദത്തിലെ 1,868.15 കോടി രൂപയേക്കാള്‍ 27.74 ശതമാനവും അധികമാണിത്.
നിഷ്‌ക്രിയ ആസ്തി താഴേക്ക്
നിഷ്‌ക്രിയ ആസ്തി തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാദ്ധ്യത (Provisions) 2022-23ലെ 201 കോടി രൂപയില്‍ നിന്നും ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ 229 കോടി രൂപയില്‍ നിന്നും 288 കോടി രൂപയായി ഉയര്‍ന്നത് ബാങ്കിന്റെ ലാഭത്തെ ബാധിച്ചിട്ടുണ്ട്.
എങ്കിലും, മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 5.87 ശതമാനത്തില്‍ നിന്ന് 5.13 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 2.87 ശതമാനത്തില്‍ നിന്ന് 1.85 ശതമാനത്തിലേക്കും കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു. കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ ജി.എന്‍.പി.എ 5.14 ശതമാനവും എന്‍.എന്‍.പി.എ 1.85 ശതമാനവുമായിരുന്നു.

എന്നാല്‍, മൂല്യം കണക്കാക്കിയാല്‍ മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ 3,708 കോടി രൂപയില്‍ നിന്ന് കഴിഞ്ഞപാദത്തില്‍ 3,804 കോടി രൂപയായി വര്‍ദ്ധിച്ചു. 

വായ്പകളും നിക്ഷേപങ്ങളും
ബാങ്കിന്റെ മൊത്തം വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ (YoY) 14.52 ശതമാനം ഉയര്‍ന്ന് 74,102 കോടി രൂപയായി. കോര്‍പ്പറേറ്റ് വായ്പകള്‍ 48 ശതമാനം, വ്യക്തിഗത വായ്പകള്‍ 93 ശതമാനം, സ്വര്‍ണ വായ്പകള്‍ 21 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. 2.50 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളും ബാങ്കിനുണ്ട്.
റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 6.46 ശതമാനം വര്‍ദ്ധിച്ച് 92,043 കോടി രൂപയായി. എന്‍.ആര്‍.ഐ നിക്ഷേപത്തില്‍ 2.84 ശതമാനവും കാസ (CASA) നിക്ഷേപത്തില്‍ 2.74 ശതമാനവുമാണ് വര്‍ദ്ധന. അറ്റ പലിശ മാര്‍ജിന്‍ (NIM) വാര്‍ഷികാടിസ്ഥാനത്തില്‍ 2.74 ശതമാനത്തില്‍ നിന്ന് 3.34 ശതമാനമായി മെച്ചപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ പക്ഷേ, ഇത് 3.67 ശതമാനമായിരുന്നു. അറ്റ പലിശ വരുമാനം (NII) വാർഷികാടിസ്ഥാനത്തിൽ 33.87 ശതമാനം ഉയര്‍ന്ന് 808 കോടി രൂപയായി.
റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്ക് വര്‍ദ്ധനയ്ക്ക് വിരാമമിട്ടതിനാല്‍ പാദാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അറ്റ പലിശ മാര്‍ജിന്‍ (NIM) കുറയുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതായത്, വായ്പാ പലിശ നിരക്ക് വര്‍ദ്ധന നിലയ്ക്കുകയും നിക്ഷേപ പലിശ നിരക്ക് ഉയരുന്നതുമായിരുന്നു കാരണം. വായ്പാ പലിശയും നിക്ഷേപ പലിശയും തട്ടിക്കിഴിച്ച ശേഷം ബാങ്ക് പലിശയില്‍ നിന്ന് നേടുന്ന വരുമാന അനുപാതമാണ് അറ്റ പലിശ മാര്‍ജിന്‍.
പ്രവര്‍ത്തന പരിഷ്‌കാരവും ഗുണനിലവാരവും നേട്ടമായി: മുരളി രാമകൃഷ്ണന്‍
കഴിഞ്ഞ രണ്ടര വാര്‍ഷമായി ബാങ്കിന്റെ പ്രവര്‍ത്തന ഘടനയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളും (Strategy) ഗുണമേന്മയുള്ള വായ്പകളില്‍ ശ്രദ്ധയൂന്നി വളരുകയെന്ന നയവും കഴിഞ്ഞ പാദത്തിലും കണക്കുകള്‍ മെച്ചപ്പെടുത്താന്‍ ബാങ്കിന് സഹായകമായെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.
കോര്‍പ്പറേറ്റ്, ചെറുകിട സംരംഭം, വാഹനം, ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ തുടങ്ങിയവയെ എല്ലാം പ്രത്യേകശ്രേണിയായി (Verticals) തിരിച്ച് പ്രകടനം മെച്ചപ്പെടുത്തി. നിക്ഷേപ മേഖലയിലും സമാന പരിഷ്‌കാരം കൊണ്ടുന്നത് നേട്ടമായി.
ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം (CAR) 2022 ജൂണ്‍പാദത്തിലെ 16.25 ശതമാനത്തില്‍ നിന്ന് 16.49 ശതമാനമായി മെച്ചപ്പെട്ടു. സമാന സ്ട്രാറ്റജിയുമായി മികവോടെ വരുംപാദങ്ങളിലും മുന്നേറാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

Similar News