എസ്.ബി.ഐയും കനറയുമല്ല, വളര്‍ച്ചയില്‍ ഒന്നാമന്‍ ദാ ഈ ബാങ്കാണ്; ഓഹരിക്കും തുടര്‍ച്ചയായ മുന്നേറ്റം
അതേസമയം, എസ്.ബി.ഐയുടെ മൊത്തം ബിസിനസ് ഈ ബാങ്കിനേക്കാള്‍ 17 ഇരട്ടിയാണ്!
ഇന്ത്യയിലെ ഏറ്റവും വമ്പന്‍ ബാങ്കേതെന്ന് ചോദിച്ചാല്‍ ഉത്തരം നിസാരം, എസ്.ബി.ഐ തന്നെ! ബിസിനസിലും ഉപയോക്താക്കളുടെ എണ്ണത്തിലും എസ്.ബി.ഐ (SBI) തന്നെ മുമ്പന്‍.
പക്ഷേ, പൊതുമേഖലാ ബാങ്കുകള്‍ക്കിടയിലെ ബിസിനസ് വളര്‍ച്ചയില്‍ താരം മറ്റൊരു ബാങ്കാണ്. പൂനെ ആസ്ഥാനമായ ബാങ്ക് ഓഫ് മഹാരാഷ്ട്ര (Bank of Maharashtra). ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് സമാപിച്ച 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 15.94 ശതമാനം വളര്‍ച്ചയാണ് ആഭ്യന്തരതലത്തിലെ മൊത്തം ബിസിനസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര രേഖപ്പെടുത്തിയത്. 4.74 ലക്ഷം കോടി രൂപയാണ് ബാങ്കിന്റെ മൊത്തം ബിസിനസ് (വായ്പകളും നിക്ഷേപങ്ങളും ചേര്‍ന്ന മൊത്തം തുക).
എസ്.ബി.ഐയാണ് വളര്‍ച്ചയില്‍ രണ്ടാംസ്ഥാനത്ത് (13.12 ശതമാനം). അതേസമയം, എസ്.ബി.ഐയുടെ മൊത്തം ബിസിനസ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ബിസിനസിനേക്കാള്‍ 16.7 മടങ്ങ് അധികമാണ്; 79.52 ലക്ഷം കോടി രൂപ.
നിക്ഷേപ വളര്‍ച്ചയിലും മഹാരാഷ്ട്രപ്പെരുമ
പൊതുമേഖലാ ബാങ്കുകള്‍ക്കിടയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിക്ഷേപങ്ങളിലെ വളര്‍ച്ചയിലും മുന്നില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് (15.66%). എസ്.ബി.ഐ (11.07%), ബാങ്ക് ഓഫ് ഇന്ത്യ (11.05%), കനറാ ബാങ്ക് (10.98%) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
രാജ്യത്ത് പൊതുമേഖലയില്‍ അഥവാ കേന്ദ്രസര്‍ക്കാരിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ളതായ 12 ബാങ്കുകളാണുള്ളത്. ഇതില്‍ മേല്‍പ്പറഞ്ഞ 4 ബാങ്കുകളേ കഴിഞ്ഞവര്‍ഷം നിക്ഷേപത്തില്‍ ഇരട്ടയക്ക (10 ശതമാനമോ അധിലധികമോ) വളര്‍ച്ച നേടിയിട്ടുള്ളൂ.
കാസയിലും താരം
ബാങ്കുകളുടെ ബിസിനസ് വളര്‍ച്ചയിലെ നിര്‍ണായക ഘടകമായ കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളിലും (CASA Deposits) ഒന്നാമത് ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ്. 52.73 ശതമാനം വളര്‍ച്ച ഈയിനത്തില്‍ ബാങ്ക് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തി. 50.02 ശതമാനം വളര്‍ന്ന സെന്‍ട്രല്‍ ബാങ്കാണ് രണ്ടാമത്.
ബാങ്കുകള്‍ക്ക് സാമ്പത്തിക ബാധ്യത തീരെക്കുറഞ്ഞ ശ്രേണിയാണ് കാസ. എന്നാല്‍, ഇതിലേക്ക് ഒഴുകുന്ന ഫണ്ട് വായ്പകളിലും മറ്റും പ്രയോജനപ്പെടുത്തി ബാങ്കുകള്‍ക്ക് മികച്ച വരുമാനവും നേടാനാകും. അതുകൊണ്ട്, കാസ നിക്ഷേപങ്ങളിലെ വളര്‍ച്ച പ്രവര്‍ത്തനച്ചെലവ് കുറച്ചുനിറുത്താനും കൂടുതല്‍ വരുമാനം നേടാനും ബാങ്കുകളെ സഹായിക്കും.
വായ്പയില്‍ മുന്നില്‍ യൂകോ
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകളില്‍ വായ്പാ വിതരണത്തില്‍ മുന്നില്‍ യൂകോ ബാങ്കാണ്. 16.38 ശതമാനം വളര്‍ച്ചയാണ് കൊല്‍ക്കത്ത ആസ്ഥാനമായ യൂകോ ബാങ്ക് കുറിച്ചത്.
ഇക്കാര്യത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തുണ്ട് (വളര്‍ച്ച 16.30%). 16.26 ശതമാനം വളര്‍ന്ന് മൂന്നാമതാണ് എസ്.ബി.ഐ. മറ്റ് പൊതുമേഖലാ ബാങ്കുകളെല്ലാം 16 ശതമാനത്തില്‍ താഴെ വളര്‍ച്ചയാണ് കുറിച്ചത്.
നിഷ്‌ക്രിയ ആസ്തിയിലും ബാങ്ക് ഓഫ് മഹാരാഷ്ട്ര തന്നെ കേമന്‍
രാജ്യത്ത് പൊതുമേഖലാ ബാങ്കുകള്‍ക്കിടയില്‍ ഏറ്റവും മികച്ച നിഷ്‌ക്രിയ ആസ്തി (NPA) നിലവാരമുള്ള ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ്.
കഴിഞ്ഞവര്‍ഷം ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 1.88 ശതമാനമേയുള്ളൂ. 2.24 ശതമാനവുമായി എസ്.ബി.ഐ രണ്ടാമതാണ്.
അറ്റ നിഷ്‌ക്രിയ ആസ്തിയിലും (NNPA) 0.2 ശതമാനമെന്ന മികച്ച നിലവാരത്തോടെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാംസ്ഥാനം ചൂടി. 0.43 ശതമാനവുമായി ഇന്ത്യന്‍ ബാങ്കാണ് രണ്ടാമത്.
ബാങ്കുകളുടെ സാമ്പത്തികഭദ്രതയുടെ നിര്‍ണായക അളവുകോലായ മൂലധന പര്യാപ്തതാ അനുപാതവും (Capital adequacy ratio/CAR) ഏറ്റവും മികച്ചത് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടേതാണ് (17.38%). ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (17.28%), പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് (17.16%) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
ഓഹരിക്കും തിളക്കം
ഏതാനും വര്‍ഷങ്ങളായി പൊതുമേഖലാ ബാങ്കുകളില്‍ എല്ലാ ശ്രേണികളിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബാങ്കാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. ബാങ്കിന്റെ ഓഹരികളും ഏറെക്കാലമായി മികച്ച നേട്ടം നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്.
കഴിഞ്ഞ 4 ദിവസം തുടര്‍ച്ചയായി നേട്ടത്തിലാണ് ബാങ്കിന്റെ ഓഹരിയുള്ളത്. ഇന്ന് 0.30 ശതമാനം ഉയര്‍ന്ന് 67.65 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 116 ശതമാനം നേട്ടം ബാങ്കിന്റെ ഓഹരി നല്‍കിയിട്ടുണ്ട്. 47,700 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം.