ആര്‍ബിഐ അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകള്‍ക്ക് കുടുക്ക് വീഴുന്നു, പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യും

നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ 'വൈറ്റ് ലിസ്റ്റ്' തയ്യാറാകുന്നു

Update:2022-09-10 14:30 IST

അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകള്‍ക്ക് കുരുക്കിടാന്‍ സര്‍ക്കാര്‍. നിയമപരമായ എല്ലാ വായ്പാ ദാതാക്കളുടെയും വൈറ്റ് ലിസ്റ്റ് തയ്യാറാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതര്‍മാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് (ആര്‍ബിഐ) ആവശ്യപ്പെട്ടു. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നീ ആപ്പ് സ്റ്റോറുകളില്‍ ഈ 'വൈറ്റ്ലിസ്റ്റ്' ആപ്പുകള്‍ മാത്രമേ ലഭ്യമാക്കൂ. ഇക്കാര്യം ഉറപ്പാക്കാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തോട് (MeitY) സീതാരാമന്‍ ആവശ്യപ്പെട്ടു.

വൈറ്റ്‌ലിസ്റ്റിലെ ആപ്പുകളല്ലാത്തവ ആപ്പ് സ്റ്റോറുകളില്‍ നിന്ന് നീക്കാനാണ് നിര്‍ദേശം. ലോണ്‍ നല്‍കുമ്പോള്‍ ബാങ്കുകള്‍ക്കും ഇടപാടുകാര്‍ക്കുമിടയില്‍ ഇടനില നില്‍ക്കാന്‍ മാത്രമാണ് ലോണ്‍ ആപ്പുകള്‍ക്ക് അനുമതിയുള്ളത്. ഇങ്ങനെ നിയമപരമായി പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പട്ടികയാണ് വൈറ്റ് ലിസ്റ്റ്.
സ്വന്തം നിലയ്ക്ക് പണം നല്‍കുന്ന ആപ്പുകളെ നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും.ആപ്പുകള്‍ മറയാക്കുന്ന ധനകാര്യ സ്ഥാപനങ്ങളുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇ ഡി അടക്കം കേന്ദ്ര ഏജന്‍സികള്‍ ആപ്പുകള്‍ക്കെതിരായ അന്വേഷണം ശക്തമാക്കണമെന്നും ധനകാര്യമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നിയമവിരുദ്ധമായി നടത്തുന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായായി സര്‍പേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
ചൈനീസ് ബന്ധമുള്ള വിവിധ സ്ഥാപനങ്ങളുടെ വ്യാപാരി ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിച്ചിരുന്ന 17 കോടി രൂപയുടെ ഫണ്ട് റെയ്ഡുകളില്‍ പിടിച്ചെടുത്തതായി ഫെഡറല്‍ അന്വേഷണ ഏജന്‍സി പിന്നീട് വ്യക്തമാക്കി. രാജ്യത്താകമാനം അനധികൃത ലോണ്‍ ആപ്പുകളുടെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്.
ഇക്കഴിഞ്ഞ മാസം മാത്രം ഓഗസ്റ്റില്‍ ഡല്‍ഹി പൊലീസും അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി രംഗത്തെത്തിയിരുന്നു. 22 പേരെ അറസ്റ്റ് ചെയ്ത ദില്ലി പൊലീസ് നിന്നും നാല് ലക്ഷം രൂപയും പിടികൂടിയിരുന്നു. നേരത്തെ ഹൈദരാബാദ് പോലീസ് ലോണ്‍ ആപ്പുകളുടെ പേരിലുള്ള ആത്മഹത്യകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപ്പോഴും ഇത്തരം ആപ്പുകള്‍ക്കെതിരെ ക്യാമ്പെയ്‌നുമായി പോലീസ് ഇറങ്ങിയിരുന്നു. എന്നാല്‍ വൈറ്റ്‌ലിസ്റ്റ് തയ്യാറാകുന്നതോടെ നിരവധി പേര്‍ കുടുങ്ങിയേക്കും.


Tags:    

Similar News