യു.പി.ഐയില്‍ ഇനി 'സംസാരിച്ച്' പണമയക്കാം, പുത്തന്‍ ഫീച്ചര്‍ എത്തി

ഒരു മാസത്തിനുള്ളില്‍ 1000 കോടി ഇടപാടുകള്‍ എന്ന നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് ഈ ഫീച്ചറുകളുടെ വരവ്.

Update:2023-09-07 11:38 IST

Image : Canva and NPCI

യു.പി.ഐയിലൂടെ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഇനി 'സംസാരിച്ച്' പണം കൈമാറാം. ഇതിനുള്ള 'ഹലോ യു.പി.ഐ' സംവിധാനമുള്‍പ്പെടെ വിവിധ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ). ബില്‍പേ കണക്റ്റ്, യു.പി.ഐ ടാപ്പ് & പേ, യു.പി.ഐ ലൈറ്റ് എക്‌സ് എന്നിവയാണ് മറ്റ് പുത്തന്‍ ഫീച്ചറുകള്‍. ഒരു മാസത്തിനുള്ളില്‍ 1000 കോടി ഇടപാടുകള്‍ എന്ന നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് ഈ ഫീച്ചറുകളുടെ വരവ്.

യു.പി.ഐ ക്രെഡിറ്റ് ലൈന്‍

യു.പി.ഐയിലെ ക്രെഡിറ്റ് ലൈന്‍ സംവിധാനത്തിലൂടെ ബാങ്കുകളില്‍ നിന്ന് മുന്‍കൂട്ടി അനുവദിച്ച ഡിജിറ്റല്‍ ക്രെഡിറ്റ് വഴി ഇടപാടുകള്‍ക്ക് പണമടയ്ക്കാന്‍ കഴിയും. പേയ്റ്റീഎം, ഗൂഗിള്‍ പേ, എച്ച്.ഡി.എഫ്.സി പേസാപ്പ് എന്നിവയാണ് 'ക്രെഡിറ്റ് ലൈന്‍ ഓണ്‍ യു.പി.ഐ' സേവനം ആദ്യമായി അവതരിപ്പിക്കുന്നത്.

യു.പി.ഐ ലൈറ്റ് എക്സ്

പൂര്‍ണ്ണമായും ഓഫ്‌ലൈനിലായിരിക്കുമ്പോള്‍ തന്നെ പണം അയയ്ക്കാനും സ്വീകരിക്കാനും യു.പി.ഐ ലൈറ്റ് എക്സ് ഉപയോക്താക്കളെ അനുവദിക്കുന്നു. പിന്‍ നല്‍കാതെ തന്നെ ചെറിയ പണമിടപാടുകള്‍ നടത്താന്‍ ഉപയോക്താക്കളെ അനുവദിച്ച യു.പി.ഐ ലൈറ്റ് കഴിഞ്ഞ വര്‍ഷം എന്‍.പി.സി.ഐ ആരംഭിച്ചിരുന്നു. ഈ സേവനത്തിന്റെ വിപുലീകരണമാണ് യു.പി.ഐ ലൈറ്റ് എക്‌സ്.

ടാപ്പ് ആന്‍ഡ് പേ സംവിധാനം

യു.പി.ഐ ടാപ്പ് ആന്‍ഡ് പേ ഉപയോക്താക്കളെ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (NFC) അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ നടത്താന്‍ അനുവദിക്കുന്നു. അതായത് വ്യാപാരസ്ഥാപനങ്ങളില്‍ പണമടയ്ക്കുന്നതിനുള്ള എന്‍.എഫ്.സി അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളില്‍ സ്മാര്‍ട്ട്ഫോണില്‍ ടാപ്പ് ചെയ്ത് യു.പി.ഐ പിന്‍ ഉപയോഗിച്ച് പണമിടപാട് നടത്താം.

ഹലോ യു.പി.ഐ!

സംഭാഷണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് യു.പി.ഐ വഴി പണമിടപാടുകള്‍ നടത്തുന്നതിന് എന്‍.പി.സി.ഐ മുന്നോട്ട് വച്ച സംവിധാനമാണ് ഹലോ യു.പി.ഐ. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് നിലവില്‍ ഇത് ലഭ്യമായിട്ടുള്ളത്. വൈകാതെ മറ്റ് പ്രാദേശിക ഭാഷകളിലും ഈ സേവനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എന്‍.പി.സി.ഐ പറയുന്നു.

ബില്‍ പേ കണക്റ്റ്

ബില്‍ പേ കണക്ടറ്റ് ഉപയോഗിച്ച് ഭാരത് ബില്‍പേ ഇന്ത്യയിലുടനീളമുള്ള ബില്‍ പേയ്മെന്റുകള്‍ക്കായി ഒറ്റ നമ്പര്‍ അവതരിപ്പിക്കുന്നു. ഉപയോക്താക്കള്‍ക്ക് മെസേജിംഗ് ആപ്പില്‍ ബില്ലുകള്‍ വാങ്ങാനും അടയ്ക്കാനും കഴിയും. ഇതോടൊപ്പം സ്മാര്‍ട്ട്ഫോണുകളോ ഇന്റര്‍നെറ്റോ ഇല്ലാത്ത ഉപയോക്താക്കള്‍ക്ക് മിസ്ഡ് കോള്‍ നല്‍കി ബില്ലുകള്‍ അടയ്ക്കാന്‍ കഴിയും.

Tags:    

Similar News