നിരക്ക് വര്‍ധന കാല്‍ ശതമാനത്തിലൊതുക്കി യു.എസ് ഫെഡറല്‍ റിസര്‍വ്

ഈ വര്‍ഷാവസാനം വീണ്ടും നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് ഫെഡ് ചെയര്‍ ജെറോം പവല്‍ സൂചന നല്‍കി

Update:2023-07-27 12:44 IST

Image : Canva

യു.എസ് ഫെഡറല്‍ റിസര്‍വ് വായ്പാ നിരക്ക് 2001 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ത്തി. പലിശ നിരക്കുകള്‍ യു.എസ് ഫെഡ് കാല്‍ ശതമാനമാണ് ഉയര്‍ത്തിയത്. ഇതോടെ നിരക്ക് 5.25-5.50 ശതമാനം ആയി. പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ ഇനിയും നിരക്കു കൂട്ടിയേക്കും.

നിരക്ക് ഉയര്‍ത്തിയേക്കും

പണപ്പെരുപ്പത്തെ തുടര്‍ന്ന് മോശമാകുന്ന സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷാവസാനം വീണ്ടും നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് ഫെഡ് ചെയര്‍ ജെറോം പവല്‍ സൂചന നല്‍കി. 2% എന്ന ലക്ഷ്യത്തിലേക്ക് പണപ്പെരുപ്പം സുസ്ഥിരമായി കുറയുമെന്ന് ഉറപ്പാകും വരെ നയ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കുകളുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മാന്ദ്യം സംബന്ധിച്ച ആശങ്കളും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ പണപ്പെരുപ്പമാണ് പ്രധാന വെല്ലുവിളി. അതിനാലാണ് നിരക്ക് വര്‍ധന തുടരുമെന്ന് സൂചനയുള്ളത്.

ഇന്ത്യന്‍ വിപണിയില്‍

ഫെഡ് റേറ്റ് ഉയരുന്നതോടെ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുകയും വിപണിയിലെ പണ ലഭ്യത കുറയുകയും ചെയ്യും. അതായത് വായ്പ എടുക്കാനുള്ള ചെലവ് കൂടും. ഇത് സാധനങ്ങള്‍-സേവനങ്ങള്‍ വാങ്ങാനുള്ള ആളുകളുടെ കഴിവിനെ ബാധിക്കുകയും ഒടുവില്‍ ആവശ്യക്കാരുടെ എണ്ണം കുറയുകയും ചെയ്യും. ക്രമേണ പണപ്പരുപ്പം കുറയാന്‍ ഇത് കാരണമാവും.

എന്നാല്‍ വിദഗ്ധര്‍ പറയുന്നതതനുസരിച്ച് നിലവിലെ ഈ നിരക്ക് വര്‍ധന ഇന്ത്യന്‍ വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തില്ല. പക്ഷേ നിരക്ക് വര്‍ധന താല്‍ക്കാലികമായി നിര്‍ത്താന്‍ നീക്കമുണ്ടായാല്‍ ഇന്ത്യന്‍ വിപണികള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിപണികള്‍ ഗണ്യമായി കുതിക്കുമെന്ന് അവര്‍ പറയുന്നു.

Tags:    

Similar News