ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് എങ്ങനെ ഒഴിവാക്കാം?
ജീവനക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് വിദഗ്ധര്‍ പരിഹാരം നിര്‍ദേശിക്കുന്ന പംക്തിയില്‍ ഇന്ന് സിഎന്‍എസ് കണ്‍സള്‍ട്ടിംഗ് എസ് എം ഇ ബിസിനസ് അഡൈ്വസര്‍ റോയ് കുര്യന്‍ കെ കെ.
ലാഭകരമായി പ്രവര്‍ത്തിക്കുന്ന, ഒരു ഇടത്തരം ബിസിനസാണ് എന്റേത്. ഞാന്‍ അനുഭവിക്കുന്ന വലിയ പ്രശ്‌നം ജീവനക്കാരുടെ കൊഴിഞ്ഞുപോക്കാണ്. എന്താണ് ഞാന്‍ ചെയ്യേണ്ടത്?
മികച്ച തൊഴില്‍ സംതൃപ്തി ലഭിക്കുന്നയിടം ജീവനക്കാര്‍ തേടിക്കൊണ്ടേയിരിക്കും. വേതനം, പദവി എന്നിവയെല്ലാം ജീവനക്കാരുടെ സംതൃപ്തിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെങ്കിലും ഓരോ ജീവനക്കാരെയും അര്‍ത്ഥവത്തായ ജോലികളില്‍, അതും അവരുടെ കഴിവിന് യോജിച്ചവയില്‍ ഏര്‍പ്പെടുത്തുന്നതാണ് 'എന്‍ഗേജ്ഡ് എംപ്ലോയി' യെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യഘടകം. അതിനൊപ്പം കമ്പനിയുടെ വിഷനും ഭാവി പ്രവര്‍ത്തനരേഖയും ടീമിന് വ്യക്തമായി മനസിലാക്കി കൊടുക്കണം. അതിലൂടെ തങ്ങളുടെ കമ്പനി എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നും അതില്‍ തന്റെ റോള്‍ എന്താണെന്നും തിരിച്ചറിവുണ്ടാവുകയും അതിന്റെ ഭാഗമാകുകയും ചെയ്യും.
കൂടാതെ കമ്പനിക്ക് ഒരു ഹ്യൂമന്‍ റിസോഴ്‌സ് പദ്ധതി ഉണ്ടായിരിക്കണം. ഇത് രേഖകളില്‍ മാത്രം പോര, പ്രവൃത്തിയിലും വേണം. ജീവനക്കാരുടെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗൗരവമായ സമീപനം വേണം. ജീവനക്കാരില്‍ നിന്ന് ഏറ്റവും മികച്ച ഔട്ട്പുട്ട് ലഭിക്കാന്‍ അവരോട് ബഹുമാനത്തോടെ, ആദരവോടെ പെരുമാറണം. ചുരുക്കി പറഞ്ഞാല്‍ ജീവനക്കാരുടെ ആത്മാര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം ഉറപ്പാക്കാന്‍ പറ്റുന്ന സാഹചര്യമാണ് കെട്ടിപ്പടുക്കേണ്ടത്.