എങ്ങനെയാണ് മികച്ച യുവ പ്രൊഫഷണലുകളെ കൂടെ നിര്‍ത്താന്‍ സാധിക്കുക?

സംരംഭകര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് വിദഗ്ധ പ്രശ്‌നപരിഹാരം നല്‍കുന്ന സിഎന്‍എസ് കണ്‍സള്‍ട്ടിംഗിന്റെ എസ്എംഇ ബിസിനസ് അഡൈ്വസര്‍ റോയ് കുര്യന്‍ കെ.കെ.

Update: 2021-05-30 06:00 GMT

ചോദ്യം: ഞാനൊരു ഇടത്തരം സിവില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ്. പ്രോജക്ടുകള്‍ കുറേയുണ്ട്. പക്ഷേ അവയുടെ ഓരോന്നിന്റെയും ലാഭക്ഷമത വല്ലാതെ കൂടിയും കുറഞ്ഞുമാണിരിക്കുന്നത്. ചിലതില്‍ നഷ്ടം വരെ വരാറുണ്ട്. ലാഭക്ഷമത മുന്‍കൂട്ടി കണക്കാക്കാനും അത് നേടിയെടുക്കാനും വേണ്ടി ഞങ്ങള്‍ എന്ത് മാറ്റമാണ് വരുത്തേണ്ടത്? എങ്ങനെയാണ് മികച്ച യുവ പ്രൊഫഷണലുകളെ കൂടെ നിര്‍ത്താന്‍ സാധിക്കുക?

ഉത്തരം: നിങ്ങളുടെ പ്രശ്‌നത്തിന്റെ മൂലകാരണം കിടക്കുന്നത് പദ്ധതി നടത്തിപ്പിന്റെ കോസ്റ്റിംഗിലും അതുപോലെ കോസ്റ്റ് കണ്‍ട്രോളിലുമാണ്. ദര്‍ഘാസ് സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ ഓരോ ഐറ്റത്തിന്റെയും വില കണക്കാക്കുമ്പോള്‍, ആ വിലകള്‍ ശരിയായതു തന്നെയാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. കരാര്‍ ലഭിച്ചാല്‍ നിങ്ങളുടെ പദ്ധതിയുടെ ഓരോ ഘട്ടവും മുന്‍കൂട്ടി തീരുമാനിച്ച സമയത്ത് തീരുമാനിച്ച തുകയില്‍ തീര്‍ക്കാന്‍ ശ്രദ്ധിക്കുക.
കെട്ടിട നിര്‍മാണ സാമഗ്രികളുടെയും മനുഷ്യവിഭവശേഷി ഉള്‍പ്പടെയുള്ളവയും പാഴായി പോകല്‍ ഒഴിവാക്കണം. വിഭവങ്ങള്‍ പാഴാകുന്നതും പദ്ധതി നിര്‍വഹത്തില്‍ വരുന്ന കാലതാമസവും ചെലവ് കൂട്ടും. ഒരു സിവില്‍ കോണ്‍ട്രാക്റ്ററെ സംബന്ധിച്ചിടത്തോളം കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലകളിന്മേലുള്ള നിയന്ത്രണം ബിസിനസിന്റെ മറ്റെല്ലാമേഖലകളേക്കാളും പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
സിവില്‍ കണ്‍സ്ട്രക്ഷന്‍ ഏറ്റവും പഴക്കംചെന്ന മേഖലാണ്. അതുപോലെ ഏറ്റവും കുറച്ച് ഡിജിറ്റലൈസേഷന്‍ നടക്കുന്ന രംഗവും. ഇപ്പോള്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ രംഗത്ത് ഐറ്റി അധിഷ്ഠിത ടൂളുകള്‍ ലഭ്യമാണ്. ഡിസൈന്‍ ഘട്ടം മുതല്‍ കമ്മിഷനിംഗ് വരെ എല്ലാ സ്റ്റേജിലും ഇപ്പോള്‍ ഇത്തരം കാര്യങ്ങളുടെ സേവനം തേടാം.
ഡിജിറ്റലൈസേഷനും അനുയോജ്യമായ മൊബീല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതും കൈയില്‍ കൊണ്ടുനടക്കാവുന്ന ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന രീതി കൊണ്ടുവരുകയും ഒക്കെ ചെയ്താല്‍ ജീവനക്കാരുമായി കണക്ടഡ് ആകും. കൃത്യമായ പ്രവര്‍ത്തനം സാധ്യമാകും.
ഓരോ ജീവനക്കാര്‍ക്കും അവര്‍ കൂടി ഉള്‍ച്ചേര്‍ന്നുള്ളതാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം എന്ന ഫീല്‍ ലഭിക്കും. പരമ്പരാഗത സിവില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലോ സൈറ്റിലോ പണിയെടുക്കുന്നതില്‍ നിന്നും വ്യത്യസ്തമായി മോഡേണ്‍ ആയ ഒരു തൊഴില്‍ അന്തരീക്ഷമാണ് തങ്ങള്‍ക്കുള്ളതെന്ന് ജീവനക്കാര്‍ക്ക് മനസ്സിലാകും. അത് മികച്ച പ്രതിഭകളെ കൂടെ നിര്‍ത്താനും സഹായിക്കും. അങ്ങനെയല്ലെങ്കില്‍ കഴിവുള്ളവര്‍ ന്യൂജനറേഷന്‍ വര്‍ക്ക് പ്ലേസുകള്‍ തേടി പോകും.


Tags:    

Similar News