സ്വര്‍ണത്തിലെ മുന്നേറ്റം, ഈ കേരള കമ്പനി ഓഹരി വില 19% വരെ ഉയര്‍ന്നേക്കാം

ഓഹരിക്ക് 'വാങ്ങല്‍' ശിപാര്‍ശയുമായി ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്

Update:2024-08-23 15:25 IST

തൃശൂര്‍ ആസ്ഥാനമായ സ്വര്‍ണ പണയ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ക്ക് 'ബൈ' (Buy) റേറ്റിംഗ് നല്‍കി ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്. 260 രൂപ ലക്ഷ്യത്തില്‍ ഓഹരി വാങ്ങാനാണ് ഓഗസ്റ്റ് 14 ന് പുറത്തുവിട്ട കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് നിലവിലെ വിലയേക്കാള്‍ 19 ശതമാനത്തോളം ഉയര്‍ച്ചയാണ് ബ്രോക്കറേജ് പ്രവചിക്കുന്നത്.

സ്വര്‍ണ വിലയില്‍ ഉണ്ടാകുന്ന മുന്നേറ്റമാണ് ഓഹരിക്ക് അനുകൂലമാകുന്ന ഘടകങ്ങളിൽ ഒന്ന്. മണപ്പുറം ഫിനാന്‍സിന്റെ സ്വര്‍ണ വായ്പാ വളര്‍ച്ച ജൂണ്‍ പാദത്തില്‍ തൊട്ടു മുന്‍പാദത്തിലെ  (മാര്‍ച്ച് പാദം) 10 ശതമാനത്തില്‍ നിന്ന് 14.1 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. സ്വര്‍ണ ഇതര വായ്പകളുടെ വളര്‍ച്ച മുന്‍ പാദത്തേക്കാള്‍ 3.8 ശതമാനമാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ വലിയ ഇടിവുണ്ടായെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സംയോജിത വാര്‍ഷിക വരുമാന വളര്‍ച്ച 18.8 ശതമാനമാണ്. വൈവിധ്യവത്കരണം, ഡിജിറ്റല്‍ പരിവര്‍ത്തനം, പ്രവര്‍ത്തന ചെലവുകള്‍ എന്നിവയുടെ കാര്യത്തിലും  കമ്പനി മികച്ച രീതിയിലാണെന്ന് ബ്രോക്കറേജ് കണക്കാക്കുന്നു.
സ്വര്‍ണ വില ഉയരുന്നത് കമ്പനിയുടെ ഇടപാടുകാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കുന്നുണ്ട്. സ്വര്‍ണ വിലയില്‍ ഇനിയും മുന്നേറ്റമുണ്ടാകുമെന്നത് കമ്പനിക്ക് മികച്ച ബിസിനസ് നേടാന്‍ സഹായിക്കുമെന്ന് ബ്രോക്കറേജ് സൂചിപ്പിക്കുന്നു.
ഓഹരിയും നേട്ടവും 
മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഇന്ന് ചാഞ്ചാട്ടത്തിലാണ്. രാവിലെ 220.85 രൂപ വരെ ഉയര്‍ന്ന ശേഷം 214 രൂപ വരെ താഴേക്ക് പോയി. നിലവില്‍ 0.62 ശതമാനം നേട്ടത്തോടെ 218.15 രൂപയിലാണ് വ്യാപാരം. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ മണപ്പുറം ഫിനാന്‍സ് 557 കോടി രൂപയുട ലാഭമാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 11.7 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് 49 ശതമാനത്തോളം നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണിത്. ഈ വര്‍ഷം ഇതുവരെയുള്ള നേട്ടം 27.24 ശതമാനവും. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 18,435.35 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
Tags:    

Similar News