കെയര്‍ ഹോസ്പിറ്റലുമായി ലയനം, ആസ്റ്ററിന്റെ വിശദീകരണം ഇങ്ങനെ

ഓഹരികള്‍ ഇന്ന് രണ്ട് ശതമാനം ഇടിവില്‍

Update:2024-09-19 12:32 IST

Image : asterhospitals.ae /canva

അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിന്റെ പിന്തുണയുള്ള കെയര്‍ ഹോസ്പിറ്റലുമായി ലയിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍. ഇന്നലെ രാത്രി ഏറെ വൈകിയാണ് ഇത് സംബന്ധിച്ച് ആസ്റ്റര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് വിശദീകരണം നല്‍കിയത്.

മലയാളിയായ ഡോ.ആസാദ് മൂപ്പന്‍ നയിക്കുന്ന ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറും ബ്ലാക്ക് സ്‌റ്റോണ്‍-ടി.പി.ജി കൂട്ടുകെട്ടിലുള്ള കെയര്‍ ഹോസ്പിറ്റല്‍സും തമ്മില്‍ ലയനത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി സൂചനയെന്ന് ഇന്നലെ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ഇതെ കുറിച്ച് കമ്പനിയോട് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ആസ്റ്റര്‍ എത്തിയത്.

വിശദീകരണം ഇങ്ങനെ

കമ്പനിയുടെ വളര്‍ച്ചയുടേയും വിപുലീകരണത്തിന്റെയും ഭാഗമായി പല സാധ്യതകളും നിരന്തരം തേടുന്നുണ്ടെങ്കിലും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിക്കേണ്ട നിലയിലേക്ക് ചര്‍ച്ചകളൊന്നും എത്തിയിട്ടില്ലെന്ന് ആസ്റ്റര്‍ ഫയലിംഗില്‍ വ്യക്തമാക്കി. നിയമപരമായ കാര്യങ്ങള്‍ പാലിക്കുമെന്നും കമ്പനിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവവികാസങ്ങളുണ്ടായാല്‍ ഉചിതമായ സമയത്ത് തന്നെ അതേ കുറിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് വിവരം നല്‍കുമെന്നും ആസ്റ്റര്‍ അറിയിച്ചു.
വാര്‍ത്ത വന്നത് ഓഹരികളെ  ബാധിച്ചിട്ടില്ലെന്നും കമ്പനിയുടെ കാര്യങ്ങളില്‍ എന്തെങ്കിലും പുരോഗതിയുണ്ടെങ്കില്‍ യഥാസമയം ഉചിതമായ മാര്‍ഗങ്ങളിലൂടെ അറിയിക്കുമെന്ന് ഓഹരിയുടമകള്‍ക്കും ആസ്റ്റര്‍ ഉറപ്പ് നല്‍കി.

ലയനം നടന്നാല്‍

ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ മുഖ്യ കമ്പനികളിലൊന്നാണ് ബ്ലാക്ക് സ്റ്റോണ്‍ പിന്തുണയ്ക്കുന്ന ഹൈദരാബാദ് ആസ്ഥാനമായ കെയര്‍ ഹോസ്പിറ്റില്‍സ്. ആസ്റ്ററുമായി ലയനത്തിലേര്‍പ്പെട്ടാല്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ ശൃംഖലകളിലൊന്നായി ആസ്റ്റർ മാറും. ലയനത്തിലൂടെ കെയര്‍ ഹോസ്പിറ്റലിന്റെ നടത്തിപ്പുകാരായ ക്വാളിറ്റി കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് ലിസ്റ്റഡ് കമ്പനിയായി മാറാം എന്ന നേട്ടവുമുണ്ട്.

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ഹെല്‍ത്ത്‌കെയര്‍ ശൃംഖലകളുള്ള ആസ്റ്റര്‍ കഴിഞ്ഞയിടയ്ക്കാണ് ഗള്‍ഫ് ബിസിനസ് വേര്‍പെടുത്തിയത്. ഇന്ത്യയില്‍ ആസ്റ്ററിന് കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 19 ആശുപത്രികള്‍, 232 ലാബുകള്‍, 13 ക്ലിനിക്കുകള്‍, 215 ഫാര്‍മസികള്‍ എന്നിവയുണ്ട്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ് ആസ്റ്റര്‍ ആശുപത്രികള്‍.

ഓഹരി ഇടിവിൽ 

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരികൾ ഇന്നലെ 1.82 ശതമാനം ഉയര്‍ന്ന് 421.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഓഹരി വില 2 ശതമാനത്തിലധികം താഴ്ന്ന് 412.05 രൂപയിലെത്തി. 20,500 കോടി രൂപയോളം വിപണി മൂല്യമുള്ള കമ്പനിയാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് 26 ശതമാനത്തോളം നേട്ടമാണ് ആസ്റ്റര്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്.

Tags:    

Similar News