വായ്പയിലും നിക്ഷേപത്തിലും വളര്‍ന്നു പടര്‍ന്ന് സി.എസ്.ബി ബാങ്ക് ഓഹരി; സൗത്ത് ഇന്ത്യന്‍ ബാങ്കിലും മുന്നേറ്റം

മൂന്നാം പാദത്തിലും സി.എസ്.ബി ബാങ്കിന് തിളക്കം

Update:2025-01-02 14:16 IST

നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലക്കണക്കുകള്‍ പുറത്തു വിട്ട് കേരളം ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്കും സി.എസ്.ബി ബാങ്കും. 

ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വായ്പകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11.94 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2023 ഡിസംബര്‍ പാദത്തിലെ 77,686 കോടി രൂപയില്‍ നിന്ന് 86,965 കോടി രൂപയായി.
ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ മുന്‍ വര്‍ഷത്തെ 99,155 കോടി രൂപയില്‍ നിന്ന് 6.28 ശതമാനം വളര്‍ച്ചയോടെ 1,05,378 കോടിയായി.
ബാങ്കിന്റെ കാസ (കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട്) നിക്ഷേപങ്ങളിലും 4.13 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 31,529 കോടി രൂപയില്‍ നിന്ന് 32,831 കോടി രൂപയായി. മൂന്നാം പാദത്തില്‍ കാസ അനുപാതം 31.6 ശതമാനമാണ്. തൊട്ടു മുന്‍ വര്‍ഷം സമാന പാദത്തിലെ 31.80 ശതമാനവുമായി നോക്കുമ്പോള്‍ നേരിയ ഇടിവുണ്ട്.
ഇന്നലെയാണ് വളര്‍ച്ചാ കണക്കുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ സമര്‍പ്പിച്ചത്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചതിനു ശേഷം സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ 1.23 ശതമാനം ഉയര്‍ന്നു. ഓഹരിയൊന്നിന് 25.46 രൂപയിലാണ് വ്യാപാരം.

സ്വര്‍ണ കുതിപ്പില്‍ സി.എസ്.ബി ബാങ്ക്

തൃശൂര്‍ ആസ്ഥാനമായ സി.എസ്.ബി ബാങ്ക് ഇന്നലെ പ്രവര്‍ത്തനഫലകണക്കുകള്‍ പുറത്തു വിട്ടത് ഇന്ന് ഓഹരികളില്‍ ആറ് ശതമാനം കുതിപ്പുണ്ടാക്കി.
സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് ബാങ്ക് സമര്‍പ്പിച്ച സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം മൊത്തം നിക്ഷേപം 27,345 കോടി രൂപയില്‍ നിന്ന് 33,406 കോടി രൂപയായി. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 22.17 ശതമാനമാണ് വളര്‍ച്ച. തൊട്ടു മുന്‍ പാദത്തില്‍ നിക്ഷേപം 31,4841 കോടി രൂപയായിരുന്നു. ബാങ്കിന്റെ കാസ നിക്ഷേപങ്ങളില്‍ 6.6 ശതമാനം വര്‍ധനയുണ്ട്. ടേം ഡെപ്പോസിറ്റുകള്‍ 28.10 ശതമാനം വര്‍ധനയോടെ 25,365 കോടി രൂപയായി.
അതേസമയം, സി.എസ്.ബി ബാങ്കിന്റെ വായ്പകള്‍ മൂന്നാം പാദത്തില്‍ 26.45 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 28,914 കോടി രൂപയായി. 2023 ഡിസംബര്‍ പാദത്തില്‍ മൊത്തം വായ്പകള്‍ 22,876 കോടി രൂപയായിരുന്നു.
സ്വര്‍ണ വായ്പകളില്‍ ഗണ്യമായ സ്ഥാനമാണ് സി.എസ്.ബി ബാങ്കിനുള്ളത്. മൂന്നാം പാദ കണക്കുകള്‍ പ്രകാരം സ്വര്‍ണ വായ്പകള്‍ മുന്‍ വര്‍ഷത്തെ 9,553 കോടി രൂപയില്‍ നിന്ന് 13,018 കോടി രൂപയായി വര്‍ധിച്ചു. 36.28 ശതമാനമാണ് വളര്‍ച്ച. സെപ്റ്റംബര്‍ പാദത്തില്‍ 12,005 കോടി രൂപയായിരുന്നു.
സി.എസ്.ബി ബാങ്ക് ഓഹരി കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 7 ശതമാനത്തിലധികം ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആറു മാസക്കാലയളവില്‍ ഓഹരി 14 ശതമാനം ഇടിവും രേഖപ്പെടുത്തി.


Tags:    

Similar News