സ്വര്‍ണം വലതുകാല്‍ വെച്ച് പുതുവര്‍ഷത്തിലേക്ക്, ഇനിയെല്ലാം ട്രംപിന്റെ മനസ് പോലെ!
പോയ വര്‍ഷം പവന്‍ വില 59,640 രൂപയെന്ന റെക്കോഡ് തൊട്ടിരുന്നു, 22 ശതമാനത്തോളം ഉയര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം വിലയിലുണ്ടായത്
പുതുവര്‍ഷപുലരിയില്‍ സംസ്ഥാനത്ത് സ്വര്‍ണ വില മുന്നോട്ട്. ഗ്രാം വില 40 രൂപ കൂടി 7,150 രൂപയായി. പവന്‍ വില 320 രൂപ ഉയര്‍ന്ന് 57,200 രൂപയുമായി.
കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 5,905 രൂപയായി. വെള്ളി വിലയ്ക്ക് പുതുവര്‍ഷത്തില്‍ മാറ്റമില്ല. ഗ്രാമിന് 95 രൂപയിലാണ് വ്യാപാരം.
കുതിപ്പിന്റെ 2024
2024നോട് സ്വര്‍ണം വിട പറഞ്ഞത് കേരളത്തിലെ നിക്ഷേപകര്‍ക്ക് 21.43 ശതമാനം നേട്ടം നല്‍കിക്കൊണ്ടാണ്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചിരുന്നു. ഇല്ലായിരുന്നെങ്കില്‍ നേട്ടം ഇനിയും ഉയരുമായിരുന്നു. നിക്ഷേപകര്‍ 2024 ല്‍ ഏറ്റവും നേട്ടം നല്‍കിയ നിക്ഷേപവും സ്വര്‍ണം തന്നെയാണ്. സെന്‍സെക്‌സ് എട്ട് ശതമാനവും നിഫ്റ്റി 9 ശതമാനവുമാണ് 2024ല്‍ ഉയര്‍ന്നത്.
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം, റഷ്യ-യുക്രൈന്‍ യുദ്ധം, യു.എസ് കേന്ദ്ര ബാങ്ക് പലിശ കുറച്ചത്, കേന്ദ്ര ബാങ്കുകളുടെ വന്‍തോതിലുള്ള സ്വര്‍ണം വാങ്ങല്‍ തുടങ്ങിയ ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങളാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് കളമൊരുക്കിത്.
രാജ്യാന്തര സ്വര്‍ണവില ഒക്ടോബര്‍ 31ന് 2,790.15 ഡോളര്‍ വരെ എത്തിയശേഷമാണ് ചാഞ്ചാട്ടത്തിലേക്ക് നീങ്ങിയത്. കേരളത്തിൽ പവന്‍ വില 59,640 രൂപയെന്ന റെക്കോഡും തൊട്ടിരുന്നു. നിലവില്‍ 2,623.81 ഡോളറിലാണ് രാജ്യാന്തര വ്യാപാരം. 2025ല്‍ യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകളില്‍ കാര്യമായ കുറവ് വരുത്തിയേക്കില്ലെന്ന സൂചനകളാണ് വർഷാന്ത്യം വിലയെ ബാധിച്ചത്.
വിലയെ ഉടൻ സ്വാധീനിക്കുക ഇക്കാര്യങ്ങൾ
യു.എസിലെ പണപ്പെരുപ്പ, തൊഴിലില്ലായ്മ കണക്കുകള്‍ അടുത്തയാഴ്ച പുറത്തു വരും. കണക്കുകള്‍ ആശ്വാസകരമാണെങ്കില്‍ പലിശ നിരക്ക് കുറയ്‌ക്കേണ്ടന്ന നിലപാട് സ്വീകരിക്കാനാണ് സാധ്യത. ഇത് സ്വർണ വിലയെ താഴ്ചയിലേക്ക് കൊണ്ടുപോകാം.
എന്നാൽ യു.എസ് പ്രസിഡന്റായി ഈ മാസം ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നത് സ്വര്‍ണത്തിന്റെ നീക്കത്തില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തും. ട്രംപിന്റെ നയങ്ങള്‍ സ്വര്‍ണത്തിന് അനുകൂലമാകുമെന്ന വിലയിരുത്തലുകളാണ് പൊതുവേയുള്ളത്. അങ്ങനെയെങ്കില്‍ 2025ല്‍ രാജ്യാന്തര വില 3,000 ഡോളര്‍ കടന്നേക്കാം. ഇത് കേരളത്തിലും പവന്‍ വില 70,000 രൂപ വരെ എത്തിച്ചേക്കുമെന്നാണ് നിഗമനങ്ങള്‍.
ആഭരണത്തിനു വില ഇങ്ങനെ
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,200 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,915 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.