സൂര്യഘര്‍ പദ്ധതിക്ക് ഇനി വേഗം കൂടും, നെറ്റ് മീറ്റര്‍ എത്തി; കേരളത്തില്‍ രണ്ടരലക്ഷം കടന്ന് അപേക്ഷകര്‍, സബ്‌സിഡിയായി നല്‍കിയത് ₹3000 കോടിയിലധികം
പിഎം സൂര്യഘര്‍ പദ്ധതിക്ക് കൂടുതല്‍ നെറ്റ് മീറ്റര്‍ എത്തിക്കാന്‍ പുതിയ ടെന്‍ഡര്‍ വിളിച്ചു
വീടിനുമുകളില്‍ സൗരോര്‍ജ പ്ലാറ്റുകള്‍ സ്ഥാപിച്ച് കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസം. 10,000 സിംഗിള്‍ ഫേസ്, 27500 ത്രീ ഫേസ് നെറ്റ് മീറ്ററുകള്‍ വിതരണത്തിനൊരുങ്ങി.
തിരുമല(തിരുവനന്തപുരം), പള്ളം (കോട്ടയം),അങ്കമാലി (എറണാകുളം),ഷൊര്‍ണൂര്‍ (പാലക്കാട്), കണ്ണൂര്‍ തുടങ്ങിയ ടിഎംആര്‍ (Transformer and Meter Testing Repair) സ്റ്റോറുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. സെക്ഷന്‍ ഓഫീസുകളില്‍ അടുത്ത ദിവസങ്ങളില്‍ ലഭ്യമായി തുടങ്ങും. ഇപ്പോഴത്തെ കണക്കനുസരിച്ച് 3740 സിംഗിള്‍ ഫേസ് ഉപഭോക്താക്കള്‍ക്കാണ് മീറ്ററുകള്‍ സ്ഥാപിക്കാനുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ചിരിക്കുന്ന എല്ലാ വീടുകളിലും നെറ്റ് മീറ്ററുകള്‍ സ്ഥാപിച്ച് കെഎസ്ഇബിയുടെ ഗ്രിഡുമായി ബന്ധിപ്പിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.
മീറ്റര്‍ വിതരണം ചെയ്യുന്നതിനു ടെന്‍ഡര്‍ ലഭിച്ച കമ്പനിയെ ഗോവ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ചേര്‍ത്തതിനാലാണ് മീറ്റര്‍ക്ഷാമം നേരിട്ടത്. ടെന്‍ഡറില്‍ നിന്നുള്ള അടുത്ത കമ്പനിയില്‍ നിന്നാണ് ഇപ്പോൾ മീറ്റർ ലഭ്യമാക്കിയത്.
പുതുതായി പിഎം സൂര്യഘര്‍ പദ്ധതിയില്‍ അപേക്ഷിക്കുന്നവര്‍ക്ക് കൂടുതല്‍ നെറ്റ് മീറ്റര്‍ എത്തിക്കുന്നതിനായി മറ്റൊരു പുതിയ ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു. 93,000 സിംഗിള്‍ ഫേസ് മീറ്റുകളും 45,000 ത്രീഫേസ് മീറ്ററുകളും വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ ആണ് വിളിച്ചിരിക്കുന്നത്.
ഊര്‍ജ നഷ്ടം ഉണ്ടാവില്ല
കെഎസ്ഇബി സ്ഥാപിക്കുന്ന മീറ്ററുകള്‍ക്ക് സിംഗിള്‍ ഫേസിന് ഓരോ ബില്ലിലും 30 രൂപയും ത്രീ ഫേസിന് 35 രൂപയും വാടകയായി നല്‍കിയാല്‍ മതിയാകും. പുറത്ത് നിന്ന് മീറ്റര്‍ വാങ്ങുന്നതിന് സിംഗിള്‍ ഫേസിന് 3500 രൂപയും ത്രീഫേസിന് 7500 രൂപയും ചെലവ് വരും.
ആവശ്യത്തിലധികം മീറ്ററുകള്‍ ലഭ്യമായതോടെ ഉപഭോക്താക്കള്‍ക്കും കെഎസ്ഇബിക്കും ഊര്‍ജ നഷ്ടം ഉണ്ടാവില്ല. സോളാര്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കൊപ്പം കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതി അളക്കുന്നതിനുമാണ് നെറ്റ്മീറ്റര്‍.
പകല്‍സമയത്ത് ആവശ്യമുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ആവശ്യം കഴിഞ്ഞുള്ള സോളാര്‍ വൈദ്യുതി ഗ്രിഡിലേക്ക് നല്‍കി നല്ലൊരു തുക ലഭിക്കുന്നതിനാല്‍ സോളാര്‍ വൈദ്യുതോല്‍പാദനത്തിന് പ്രിയമേറുകയാണ്. സിംഗിള്‍ ഫേസ് ഉപഭോക്താക്കളാണ് കൂടുതല്‍.
ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2,52,216 പേര്‍
പുതിയ കണക്കനുസരിച്ച് പിഎം സൂര്യഘര്‍ പദ്ധതിയില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 2,52,216 പേര്‍. ഇതില്‍ 92,052 പ്ലാന്റുകള്‍ക്ക് (424 മെഗാവാട്ട്) അപേക്ഷ ലഭിച്ചു കഴിഞ്ഞു. 3011.72 കോടി രൂപ സബ്സിഡി ഇനത്തില്‍ ഇത് വരെ നല്‍കിക്കഴിഞ്ഞു. പദ്ധതി നടപ്പാക്കുന്നതില്‍ ഇന്ത്യയില്‍ തന്നെ രണ്ടാം സ്ഥാനത്താണ് കേരളം.