റബ്ഫില ഇന്റര്‍നാഷണലിന് നാലാംപാദ ലാഭത്തില്‍ 44% ഇടിവ്
വരുമാനം 114.45 കോടി രൂപ, ഓഹരി ഒന്നിന് 1.20 രൂപ വീതം ഡിവിഡന്‍ഡിന് ശുപാര്‍ശ
കേരളം ആസ്ഥാനമായ പ്രമുഖ റബര്‍ ത്രെഡ് ഉത്പാദന കമ്പനിയായ റബ്ഫില ഇന്റര്‍നാഷണലിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ(2022-23) അവസാന പാദമായ ജനുവരി-മാര്‍ച്ചിലെ ലാഭം 44.1 ശതമാനം ഇടിഞ്ഞ് 5.89 കോടി രൂപയായി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ കുറിച്ചത് 10.53 കോടി രൂപ ലാഭമായിരുന്നു. വരുമാനം 113.33 കോടി രൂപയില്‍ നിന്ന് ഒരു ശതമാനം വളര്‍ച്ചയോടെ 114.45 കോടി രൂപയായി.
സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനം 463.70 കോടി രൂപയാണ്. 2021-22 ലെ 481.36 കോടി രൂപയേക്കാള്‍ 3.7 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം കമ്പനി 25.95 കോടി രൂപയുടെ വാര്‍ഷിക ലാഭവും രേഖപ്പെടുത്തി. 2021-22 ല്‍ 44.64 കോടി രൂപ ലാഭമായിരുന്നു കമ്പനി രേഖപ്പെടുത്തിയത്. 41.9 ശതമാനത്തിന്റെ ഇടിവുണ്ട്.
അഞ്ച് രൂപ വിലയുള്ള ഓഹരിക്ക് 1.20 രൂപ വീതം ഡിവിഡന്‍ഡിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. റബ്ഫില ഇന്റര്‍നാഷണലിന്റെ ഓഹരി ഇന്ന് രാവിലത്തെ സെഷനില്‍ 3.12 ശതമാനം ഇടിഞ്ഞ് 75.10 രൂപയിലാണ് വ്യാപാരം നടത്തുന്നത്.