അവകാശ ഓഹരികളിറക്കി ₹1,663 കോടി സമാഹരിക്കാൻ ബൈജൂസ്; നിക്ഷേപകർക്ക് വികാര നിർഭര കത്ത്
പാപ്പരത്ത നടപടി ആവശ്യവുമായി വായ്പദാതാക്കൾ എൻ.സി.എൽ.ടിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് നീക്കം
സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടുഴലുന്ന പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്ന് അവകാശ ഓഹരി വഴി 1,663 കോടി രൂപ (20 കോടി ഡോളര്‍) സമാഹരിക്കുന്നു. മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ (TLPL) ബോര്‍ഡ് ഇതിന് അനുമതി നല്‍കി.
കമ്പനിയുടെ മൂലധന ചെലവുകള്‍ക്കും മറ്റു സാമ്പത്തിക ആവശ്യങ്ങള്‍ക്കുമാകും പണം ചെലവഴിക്കുകയെന്ന് ബൈജൂസ് വ്യക്തമാക്കി. ബൈജൂസ് അവസാനം നിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കുമ്പോള്‍ 2200 കോടി ഡോളറായിരുന്നു കമ്പനിയുടെ മൂല്യം കണക്കാക്കിയിരുന്നതെങ്കില്‍ പുതിയ ഫണ്ട് സമാഹരണത്തിനു ശേഷം ഇത് വെറും 22.5 കോടി ഡോളറായിരിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് മൂല്യത്തില്‍ 99 ശതമാനത്തോളം കുറവ്.
വികാരനിര്‍ഭരമായ കത്ത്
അവകാശ ഓഹരികളിറക്കുന്നത് സംബന്ധിച്ച് ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഓഹരിയുടമകള്‍ക്ക് കത്തയച്ചിട്ടുണ്ട്. കമ്പനിയുടെ നിലവിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് ബൈജു രവീന്ദ്രന്‍ ഓഹരിയുടമകളോട് പങ്ക് വയ്ക്കുന്നത്. ലാഭത്തിലേക്കുള്ള ദൂരം ഒരു പാദം മാത്രമകലെയാണെന്നും കമ്പനിയുടെ ശ്രദ്ധ മുഴുവൻ വളർച്ചയിൽ മാത്രമാണെന്നും ബൈജു രവീന്ദ്രന്‍ പറയുന്നു. ബൈജൂസിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാളാണ് താനെന്നും ബൈജൂസിന്റെ ഉയര്‍ച്ച കാംക്ഷിക്കുന്നവര്‍ക്കുള്ളതാണ് റൈറ്റ്സ് ഇഷ്യുവെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ 18 മാസത്തിനിടെ ബൈജൂസിന്റെ സ്ഥാപകര്‍ 110 കോടി ഡോളര്‍ നിക്ഷേപിച്ചതായും ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.
എന്താണ് റൈറ്റ്സ് ഇഷ്യു?
നിലവിലുള്ള ഓഹരിയുടമകള്‍ക്ക് നിശ്ചിത വിലയില്‍ അധികമായി ഓഹരികള്‍ വാങ്ങാനുള്ള അവസരം നല്‍കി മൂലധനം സമാഹരിക്കുന്നതിനുള്ള മാര്‍ഗമാണ് റൈറ്റ്സ് ഇഷ്യു അഥവാ അവകാശ ഓഹരി വിൽപ്പന. നിലവിലുള്ള ഓഹരിയുടെ എണ്ണത്തിന് ആനുപാതികമായായിരിക്കും പുതിയ ഓഹരികള്‍ അനുവദിക്കുക. പുറത്ത് നിന്ന് കടമെടുക്കാതെ തന്നെ കമ്പനിക്ക് പണം സമാഹരിക്കാനാകുന്നുവെന്നതാണ് അവകാശ ഓഹരികളുടെ ഗുണം. ജനുവരി 29 മുതല്‍ 30 ദിവസമാണ് ഇതിനായി കാലാവധി നിശ്ചയിച്ചിരിക്കുന്നത്. അതിനുള്ളില്‍ താത്പര്യമുള്ള ഓഹരിയുടമകള്‍ക്ക് പുതിയ ഓഹരികള്‍ സ്വന്തമാക്കാനാകും.
പ്രതിസന്ധികള്‍ ഒഴിയാതെ
കഴിഞ്ഞയാഴ്ചയാണ് ബൈജൂസ് 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലങ്ങള്‍ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ബൈജൂസിന്റെ നഷ്ടം 4,564 കോടി രൂപയില്‍ നിന്ന് 8,245 കോടിയായി കൂടി. അതേസമയം വരുമാനം ഇക്കാലയളവില്‍ 2,428.39 കോടി രൂപയില്‍ നിന്ന് 5,298.43 കോടി രൂപയായി ഉയര്‍ന്നിട്ടുമുണ്ട്.
വിദേശ വായ്പദാതാക്കളില്‍ നിന്നെടുത്ത 120 കോടി ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ നിയമനടപടി നേരിട്ടു വരികയാണ് ബൈജൂസ്. അതിനിടെ വായ്പയില്‍ വീഴ്ച വരുത്തിയ ബൈജൂസിനെ പാപ്പരത്ത നടപടികള്‍ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് വിദേശ വായ്പാദാതാക്കള്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (NCLT) സമീപിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതിന് അടിസ്ഥാനമില്ലെന്നും വായ്പാ കാലാവധി അവസാനിക്കുന്നതിനു മുന്‍പേയാണ് ഇത്തരമൊരു നീക്കമെന്നും ബൈജൂസ് ആരോപിക്കുന്നു.