ക്രെഡിറ്റ് കാര്‍ഡ് 'മാന്‍ഡ്രേക്ക്' ആകുമോ? ഉപയോഗിക്കാതിരുന്നാലും കെണി!

ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിലെയും വില്ലന്‍

Update:2024-04-06 14:39 IST

Image by Canva

കൃത്യമായി വിനിയോഗിച്ചാല്‍ ഏറ്റവും മികച്ചൊരു സാമ്പത്തിക ഉപകരണമാണ് ക്രെഡിറ്റ് കാര്‍ഡ് എന്നാണ് പറയാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ബാങ്കുകളും മറ്റും ക്രെഡിറ്റ് കാര്‍ഡുകള്‍ അധികമായി പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയതോടെ വെട്ടിലാകുകയാണ് ഉപയോക്താക്കള്‍. പലരും ബാങ്ക് പ്രതിനിധികളുടെ നിര്‍ബന്ധത്തില്‍ വഴങ്ങി ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുന്നതിലേക്ക് നീങ്ങുന്നുണ്ട്.

പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഒരു വ്യക്തി കഴിഞ്ഞ ദിവസം പറഞ്ഞത് ബാങ്കില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ ആവശ്യപ്പെട്ട് നിരന്തരമായി വിളിക്കുന്നുവെന്നും ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ എക്‌സിക്യൂട്ടീവിന്റെ സ്വരം ഭീഷണിയുടേതായി മാറിയെന്നുമാണ്. അതായത് കസ്റ്റമേഴ്‌സിനെ 
നിര്‍ബന്ധിച്ച് എടുക്കുപ്പിക്കുകയാണ്.
 ക്രെഡിറ്റ് കാര്‍ഡ് ആവശ്യമില്ലാത്ത ഒരാള്‍ അതെടുത്താല്‍ ഒരു മാന്‍ഡ്രേക്കിനെ സ്വന്തമാക്കുന്നതു പോലെയാണെന്ന് പറയാം.
ഉപയോഗിച്ചില്ലെങ്കിലും ചാര്‍ജുകള്‍
ക്രെഡിറ്റ് കാര്‍ഡ് എടുത്തിട്ട് ഒരിക്കല്‍ പോലും ഉപയോഗിക്കാതെ വച്ചാലും അതു വലിയ കെണിയാകും. വാര്‍ഷിക ചാര്‍ജുകള്‍ ഒന്നുമില്ല, സൗജന്യമാണ്, ക്യാഷ് ബാക്ക് ലഭിക്കും, റിവാര്‍ഡുകളുണ്ട് എന്നൊക്കെ പറഞ്ഞാകും ക്രെഡിറ്റ് കാര്‍ഡുകള്‍ എടുപ്പിക്കുക. എന്നാല്‍ നിശ്ചിത തുക വര്‍ഷത്തില്‍ ചെലവാക്കിയാല്‍ മാത്രമാണ് വാര്‍ഷിക ചാര്‍ജ് ഒഴിവായി കിട്ടുക. ഇത് പലര്‍ക്കുമറിയില്ല. കാര്‍ഡ് ആക്ടിവേറ്റ് ചെയ്തശേഷം ഒരിക്കല്‍ പോലും കവറിനു പുറത്തെടുത്തില്ലെങ്കിലും വാര്‍ഷിക ചാര്‍ജും മറ്റുമടയ്ക്കാനായി ബാങ്കില്‍ നിന്ന് നിശ്ചിത സമയത്ത് സന്ദേശങ്ങള്‍ വരും. ഇതുവരെ ഉപയോഗിച്ചില്ലല്ലോ എന്നു കരുതി മെസേജുകള്‍ അവഗണിച്ചാല്‍ പണിയും കിട്ടും. ഇനി ബാങ്ക് ചാര്‍ജൊക്കെ അടച്ച് എങ്ങനെയെങ്കിലും ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് തലയൂരാമെന്ന് വച്ചാലും പെട്ടെന്നൊന്നും നടക്കില്ല. കസറ്റമര്‍ കെയര്‍വഴി ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാണമെങ്കില്‍ നന്നായി മെനക്കെടേണ്ടി വരും. പക്ഷെ ഇതൊന്നുമല്ല യഥാര്‍ത്ഥ പ്രശ്‌നം. ഇങ്ങനെ ക്രെഡിറ്റ് കാര്‍ഡ് ഡ്യൂ ആകുന്നതിന്റെ പേരില്‍ ഉപയോക്താക്കളുടെ ക്രെഡിറ്റ് സ്‌കോറും കുറയും.
ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാല്‍
വായ്പയ്ക്കായോ മറ്റോ ബാങ്കിനെ സമീപിക്കേണ്ടി വരുമ്പോഴാണ് ക്രെഡിറ്റ് സ്കോർ വില്ലനാകുന്നത്. ഒരാള്‍ വായ്പയ്ക്ക് അര്‍ഹനാണോ എന്ന് ബാങ്കുകള്‍ക്ക് പരിശോധിക്കാനുള്ള അളവുകോലാണ് ക്രെഡിറ്റ് സ്കോർ . റിസര്‍വ് ബാങ്ക് അംഗീകൃത സ്വന്തന്ത്ര ഏജന്‍സികളാണ് വ്യക്തികള്‍ക്ക് ലോണ്‍ തിരിച്ചടവ് ശേഷിയുടേയും സാമ്പത്തിക അച്ചടക്കത്തിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ റേറ്റിംഗ് നല്‍കുന്നത്. ട്രാന്‍സ് യൂണിയൻ  സിബില്‍, എക്‌സ്പീരിയന്‍, ഇക്വിഫാക്‌സ്, സി.ആര്‍.ഐ.എഫ് ഹൈ മാര്‍ക്ക് എന്നിവയാണ് ഇന്ത്യയിലെ ഏജന്‍സികള്‍. എല്ലാ ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഈ ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് അവരുടെ വിവരങ്ങള്‍ കൈമാറുന്നു.
എത്ര സ്കോർ വേണം 
പേയ്‌മെന്റുകള്‍ വൈകിക്കുകയോ അടയ്ക്കാതിരിക്കുകയോ വാര്‍ഷിക ചാര്‍ജുകള്‍ നല്‍കാതിരിക്കുകയോ ഒക്കെ ചെയ്യുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. അഞ്ച് ലെവലിലാണ് ക്രെഡിറ്റ് സ്‌കോറുകള്‍ വരുന്നത്. അതയാത് 600ല്‍ താഴെയാണെങ്കില്‍ വായ്പകള്‍ കിട്ടാന്‍ സാധ്യത തീരെ കുറവാണ് (Low). 600-649 ആണെങ്കിലും പ്രയാസമാണ് (Difficult). 650-699 സാധ്യമാണ് (Possible), 700-749 മികച്ചത് (good), 750-900 വളരെ മികച്ചത് (Excellent) എന്നിങ്ങനെയാണ്. ക്രെഡിറ്റ് സ്‌കോര്‍ ഉയരുന്നതിനനുസരിച്ച് ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കിലും കുറവു വന്നേക്കാം. അതേ സമയം ക്രെഡിറ്റ് സ്‌കോര്‍ തീരെ കുറഞ്ഞവര്‍ വായ്പയ്ക്കായി മറ്റ് മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടി വരും.
ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ നന്നായി മാനേജ് ചെയ്യാം എന്നുള്ളവര്‍ മാത്രമേ ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കാവൂ. എക്‌സിക്യുട്ടീവുകളുടെ നിര്‍ബന്ധത്തിന് വഴങ്ങി കാര്‍ഡ് സ്വന്തമാക്കിയാല്‍ ഭാവിയിലെ പല ലക്ഷ്യങ്ങള്‍ക്കും ഇത് തിരിച്ചടിയായേക്കാം.
Tags:    

Similar News