ധനം ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വി. നൗഷാദിന് സമ്മാനിച്ചു

Update: 2018-07-27 10:19 GMT

ധനം ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ 2017 പുരസ്‌കാരം വ്യവസായമന്ത്രി എ. സി. മൊയ്തീന്‍ വികെസി ഗ്രൂപ്പ് എംഡി വി. നൗഷാദിന് സമ്മാനിച്ചു. 2018 ജൂലൈ 26ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പന്ത്രണ്ടാമത് ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ വെച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്.

തന്റെ കമ്പനിയുടെ തന്ത്രപരമായ വികസനത്തിന് പുതിയ മാനങ്ങള്‍ പകര്‍ന്നതിനും പാദരക്ഷാ വ്യവസായത്തിന് നല്‍കി വരുന്ന മികച്ച സംഭാവനകള്‍ കണക്കിലെടുത്തുമാണ് ധനം ബിസിനസ് മാൻ ഓഫ് ദി ഇയര്‍ 2017 അവാര്‍ഡിന് വി. നൗഷാദ് തെരഞ്ഞെടുക്കപ്പെട്ടത്.

'How to reinvent your business for the changing times' എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ ഗ്രന്ഥകാരനും പ്രഭാഷകനും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ പോള്‍ റോബിന്‍സണ്‍ സമിറ്റിൽ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

ധനം സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് ജ്യോതി ലാബോറട്ടറീസ് സിഎംഡി എം. പി. രാമചന്ദ്രന് സമ്മാനിച്ചു. കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ എ. പി. എം. മുഹമ്മദ് ഹനീഷാണ് ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍. യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് പ്രമോദ് മങ്ങാട്ട് എന്‍ആര്‍ഐ പ്രൊഫഷനല്‍ ഓഫ് ദി ഇയര്‍ 2017 അവാര്‍ഡിനും അര്‍ഹനായി. ധനം എസ്എംഇ സംരഭകനുള്ള അവാര്‍ഡ് 2017ന് സ്റ്റാര്‍ പൈപ്പ്‌സ് ആന്‍ഡ് ഫിറ്റിംഗ്‌സ് എംഡി ബോബി പോളും ധനം വനിതാ സംരംഭക 2017 പുരസ്‌കാരത്തിന് സുമിക്‌സ് കിഡ്‌സ് വെയര്‍ എംഡി ഡോ. കെ. പി. ബീനയും തെരഞ്ഞെടുക്കപ്പെട്ടു.

ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡി സി. ജെ. ജോര്‍ജ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എംഡിയും സിഇഒയുമായ ഡോ. വി. എ. ജോസഫ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം. കെ. ദാസ്, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

 

Similar News