ട്രാഫിക് നിരീക്ഷണം: ഡ്രോണ്‍ എ.ഐ ക്യാമറ വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
400 കോടി രൂപയുടെ പദ്ധതിക്ക് ശുപാര്‍ശ
ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി ഡ്രോണ്‍ എ.ഐ ക്യാമറകള്‍ ഉപയോഗിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനത്തുടനീളം എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് ഡ്രോണ്‍ ക്യാമറകള്‍ കൂടി വേണമെന്ന ശുപാര്‍ശയുമായി മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
ഒരു ജില്ലയില്‍ 10 ഡ്രോണ്‍ ക്യാമറകള്‍ വേണമെന്നാണ് ശുപാര്‍ശ. 400 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. എ.ഐ ക്യാമറ പദ്ധതിക്ക് പിന്നാലെ ഉയര്‍ന്ന അഴിമതി ആരോപണവും ജനങ്ങളുടെ പ്രതിഷേധവും നിലനില്‍ക്കുന്നതിനിടയിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നീക്കം.
പഴുതടയ്ക്കാന്‍
നിലവില്‍ സ്ഥാപിച്ച ക്യമറകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ക്യമാറ സ്ഥാപിച്ചതിന് പിന്നാലെ റോഡപകടങ്ങളില്‍ വലിയ കുറവുണ്ടായെന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു. എങ്കിലും ക്യാമറ സ്ഥാപിച്ച സ്ഥലങ്ങള്‍ മനസിലാക്കിയ ജനങ്ങള്‍ ആ ഭാഗത്തെത്തുമ്പോള്‍ മാത്രമാണ് കൃത്യമായി നിയമം അനുസരിക്കുന്നത്. ക്യാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ പതിവ് പോലെ നിയമ ലംഘനങ്ങള്‍ വ്യാപകമാണെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഈ പഴുതടയ്ക്കാന്‍ പുതിയ ഡ്രോണ്‍ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഡ്രോണില്‍ ഘടിപ്പിച്ച ഒരു ക്യാമറയില്‍ തന്നെ വിവിധ നിയമലംഘനങ്ങള്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും ഗതാഗത കമ്മീഷണര്‍ നല്‍കിയ ശിപാര്‍ശയില്‍ വ്യക്തമാക്കി.