4 പവന്‍ കൊണ്ടുനടന്നാലും ബില്ലില്ലെങ്കില്‍ പിടിവീഴും!

₹2 ലക്ഷത്തിനു മുകളിലുള്ള സ്വര്‍ണത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്നു

Update:2023-07-11 15:02 IST

Image : Canva

സംസ്ഥാനത്ത് സ്വര്‍ണം കൊണ്ടു നടക്കുന്നതിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കാന്‍ പോകുന്നു. നാല് പവന്‍ സ്വര്‍ണം കൈയ്യില്‍ കൊണ്ടു നടക്കണമെങ്കില്‍ പോലും ഇനി അംഗീകൃത രേഖയോ ഇ-വേ ബില്ലോ വേണ്ടി വരും. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ ഇന്ന് ജി.എസ്.ടി കൗണ്‍സില്‍ അംഗീകരിച്ചേക്കും.

വെറും 32 ഗ്രാം അഥവാ നാല് പവന്‍ സ്വര്‍ണമാണെങ്കിലും ബില്ലില്ലാതെ(invoice) പിടികൂടിയാല്‍ നികുതി തട്ടിപ്പിന് കേസെടുക്കും. നികുതിയും പിഴയും ഒടുക്കിയാലേ സ്വര്‍ണം വിട്ടുകിട്ടൂ. പുതിയ നിയമം വരുന്നതോടെ സ്വര്‍ണം വ്യാപാരാവശ്യത്തിന് ജില്ലയ്ക്കകത്ത് കൊണ്ടു പോകുന്നതിന് പോലും ഇ-വേ ബില്‍ ആവശ്യമായി വരും. പൊതുജനങ്ങള്‍ വാങ്ങുന്ന സ്വര്‍ണത്തിന് ജുവലറിയില്‍ നിന്നുള്ള ബില്ലോ-ഇന്‍വോയ്‌സോ ഉണ്ടായിരിക്കണം. വീടുകളിലും മറ്റും സ്വര്‍ണാഭരങ്ങള്‍ നിര്‍മിച്ചു നല്‍കുന്നവരും വ്യക്തമായ രേഖകള്‍ കരുതണം.

നികുതി വരുമാനം കൂട്ടാൻ 

പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ സ്വര്‍ണ ബിസിനസാണ് കേരളത്തില്‍ നടക്കുന്നത്. എന്നാല്‍ അതിന് ആനുപാതികമായ നികുതി വരുമാനം ലഭിക്കാത്തതിനാലാണ് നടപടി. സ്വര്‍ണത്തിനൊഴികെ 50,000  രൂപയില്‍ കൂടുതല്‍ മൂല്യമുള്ള മറ്റെല്ലാ ചരക്ക് നീക്കത്തിനും നിലവില്‍ ഇ-വേ ബില്‍ നിര്‍ബന്ധമാണ്. ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ തന്നെ സ്വര്‍ണത്തിനും ഇ-വേ ബില്‍ കൊണ്ടുവരണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പ്രായോഗിക വശങ്ങള്‍ ചൂണ്ടിക്കാട്ടി എതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള അനുവാദം നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായത്.

വ്യാപാരികള്‍ക്ക് എതിര്‍പ്പ്

സ്വര്‍ണ വ്യാപാര-വ്യവസായത്തിനായുള്ള ഇ-വേ ബില്‍ കേരളത്തിനകത്തു മാത്രമായി പ്രായോഗികമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്വര്‍ണാഭരണങ്ങളുടെ നിര്‍മ്മാണം പല ഘട്ടങ്ങളായി പല ഫാക്ടറികളിലായാണ് നടക്കുന്നത്. ഒരു സ്വര്‍ണാഭരണത്തിന്റെ ഉത്പാദനം പൂര്‍ത്തിയാകുന്നതിനു മുമ്പ് നിരവധി ഫാക്ടറികളിലൂടെ കടന്നുപോകുന്നു. അതിനാല്‍ ആഭരണത്തിന്റെ ഓരോ നിര്‍മ്മാണഘട്ടത്തിലും ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നതിന് ഇ-വേ ബില്‍ പ്രായോഗികമല്ല.

കേരളത്തിലെ 10 കോടിക്കു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള സ്വര്‍ണവ്യാപാരികളെല്ലാം ഇ-ഇന്‍വോയ്‌സസിലാണ് ഇടപാടുകള്‍ നടത്തുന്നത്. അതിനാല്‍ ഇ-വേ ബില്‍ ഏര്‍പ്പെടുത്തുന്നത് അധിക നടപടിക്രമങ്ങള്‍ പാലിക്കുന്നതിനേക്കാള്‍ പുതിയ ഒരു നേട്ടവും സര്‍ക്കാരിന് നല്‍കില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷറര്‍ എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു. മാത്രമല്ല 2,00,000 രൂപ സ്വര്‍ണ മേഖലയെ സംബന്ധിച്ചിടത്തോളം ഒരിക്കലും പ്രായോഗികമല്ലെന്നും 32 ഗ്രാം സ്വര്‍ണം കൊണ്ടുപോകുന്നതിന് ഇ- വേ ബില്‍ എന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News