ചുട്ടുപൊള്ളി കേരളം; എന്നിട്ടും എ.സിയുടെ 'ടെമ്പറേച്ചര്‍' കൂട്ടാന്‍ കെ.എസ്.ഇ.ബി പറയുന്നതെന്തിന്?

മേയ് പകുതി വരെ സംസ്ഥാനത്ത് ചൂട് തുടരും

Update: 2024-04-11 05:32 GMT
Image by Canva

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി പ്രതിദിന വൈദ്യുതി ഉപഭോഗം പതിനൊന്ന് കോടി യൂണിറ്റ് മറികടന്നു. ഇന്നലെ ഒറ്റ ദിവസം കേരളം ഉപയോഗിച്ചത് 11.01 കോടി യൂണിറ്റ് വൈദ്യുതിയാണ്. ശനിയാഴ്ച രേഖപ്പെടുത്തിയ 10.82 കോടി യൂണിറ്റ് എന്ന റെക്കോഡാണ് മറികടന്നത്. വൈദ്യുതി ആവശ്യകത 5,487 മെഗാവാട്ടായി ഉയര്‍ന്നു. ഞായറാഴ്ച പീക്ക് സമയത്ത് രേഖപ്പെടുത്തിയ 5,412 മെഗാവാട്ടെന്ന റെക്കോഡും മറികടന്നു.

ഈ മാസം എല്ലാ ദിവസങ്ങളിലും തന്നെ വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിലാണ്.
എ.സി നിയന്ത്രിക്കണം

ഉപഭോഗം കൂടിയ സാഹചര്യത്തില്‍ ഉപയോക്താക്കളോട് വൈദ്യുതി നിയന്ത്രിക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് വൈദ്യുതി ബോര്‍ഡ്. എ.സി താപനില 25-27 ഡിഗ്രി സെല്‍ഷ്യസായി നിലനിറുത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നുത്.
രാത്രി 10ന് ശേഷം ശേഷം എല്ലാ ദിവസവും ട്രാന്‍സ്‌ഫോര്‍മറുകളുടെ ലോഡ് അനുവദനീയമായതിനേക്കാള്‍ വളരെ കൂടുതലാണ്. കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ ആളുകള്‍ കൂടുതലായി എ.സി ഉപയോഗിക്കാന്‍ തുടങ്ങിയാണ് ഇതിനു കാരണം. ലോഡ് കൂടുമ്പോള്‍ ഫ്യൂസുകള്‍ പൊട്ടാനും അതുവഴി ലൈനുകളിലെ വോള്‍ട്ടേജ് കുറയാനും ഇടയാകുമെന്ന് കെ.എസ്.ഇ.ബി പറയുന്നു.
ത്രീഫെയ്‌സ് കണക്ഷനുള്ളവര്‍ പലരും സിംഗിള്‍ ഫെയ്‌സ് ഉപയോഗിക്കുന്നതും പ്രശ്‌നമാകുന്നുണ്ട്. 5,000 വാട്ടിനു മുകളില്‍ ഉപയോഗം വരുന്നവര്‍ ത്രീ ഫെയ്‌സിലേക്ക് മാറാത്തതു മൂലം ഓവര്‍ലോഡ് ആകുന്നുണ്ട്.
അത്യാവശ്യമല്ലാത്തവ പകലാക്കാം
നിലവിലെ സാഹചര്യത്തില്‍ എ.സി ഉപയോഗം നിയന്ത്രിക്കാനാകില്ലെങ്കിലും അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ പകല്‍ സമയത്തേക്ക് മാറ്റിവയ്ക്കാനാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്. പലരും രാത്രിയില്‍ വാഷിംഗ് മെഷീനുകളും തേപ്പുപെട്ടികളുമൊക്കെ ഉപയോഗിക്കുന്നുണ്ട്. അതേ പോലെ പമ്പുസെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും രാത്രി ഒഴിവാക്കാനാണ് നിര്‍ദേശം. വൈദ്യുതി വാഹനങ്ങളുടെ എണ്ണം കുതിച്ചുയരുന്നതും ഉപഭോഗം കൂട്ടുന്നുണ്ട്. പകല്‍ ഉപയോഗിക്കാനായി രാത്രികാലങ്ങളിലാണ് വാഹനങ്ങള്‍ പലരും ചാര്‍ജ് ചെയ്യുന്നത്. ഇത് പീക്ക് സമയങ്ങളില്‍ ഒഴിവാക്കണം. ആളുകള്‍ സ്വയം നിയന്ത്രിക്കുകയാണ് ഈ സാഹചര്യത്തില്‍ വേണ്ടതെന്ന് കെ.എസ്.ഇ.ബി പറയുന്നു.
ഉയർന്ന വിലയ്ക്ക് 
വൈദ്യുതി ലഭ്യതയില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെങ്കിലും വളരെ ഉയര്‍ന്ന വിലയിലാണ് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്. ഓരോ ദിവസവും 25.25 കോടി രൂപ അധികമായി ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉപയോക്താക്കളോട് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്.
പ്രവചനങ്ങളും കണക്കുകൂട്ടലുകളും മറികടന്ന് വൈദ്യുതി ഉപയോഗം കുതിച്ചുയരുമ്പേഴും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താതെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ചൂടുതരംഗം സഹിച്ചേ പറ്റൂ
ചുട്ടുപൊള്ളിക്കുന്ന ചൂട് മേയ് പകുതി വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ കൂടുതല്‍ ജില്ലകളിലേക്ക് ചൂട് വ്യാപിച്ചിട്ടുണ്ട്.
ഉയര്‍ന്ന താപനിലയുള്ള പാലക്കാട് (40 ഡിഗ്രി), കൊല്ലം (40 ഡിഗ്രി), തൃശൂര്‍ (39 ഡിഗ്രി), പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ (38) ജില്ലകളില്‍ 14 വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ സീസണില്‍ ഇതുവരെ വേനല്‍ മഴ ലഭിക്കാത്ത വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഈ മാസം അവസാനം മഴ പെയ്‌തേക്കും.
Tags:    

Similar News